ആവേശകരമായ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍. അവസാനദിനത്തിലും മഴയെത്തിയതോടെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. 275 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സ് ആരംഭിച്ച് സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സുള്ളപ്പോഴേക്കും വെളിച്ചക്കുറവിനെ തുടര്‍ന്ന് കളി നിര്‍ത്തി. പിന്നീട് മഴയുമെത്തിയതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരുവരും പരമ്പരയില്‍ 1–1 എന്ന നിലയിലാണ്.
കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ ഇന്നിങ്‌സുകളും മധ്യ‑വാലറ്റ നിര നടത്തിയ ചെറുത്തുനില്‍പ്പുമാണ് ഇന്ത്യയെ ഫോളോ ഓണ്‍ ഭീഷണിയില്‍നിന്ന് കരകയറ്റിയത്. പത്താംവിക്കറ്റില്‍ ജസ്പ്രീത് ബുംറയും ആകാശ്ദീപും ചേര്‍ന്ന് 47 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയത് ആശ്വാസമായി. 78.5 ഓവറില്‍ 260 റണ്‍സാണ് ഇന്ത്യ നേടിയത്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 445ന് 185 റണ്‍സ് അകലെ ഇന്ത്യ വീഴുകയായിരുന്നു. 185 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക്, 85 റൺസ് എടുക്കുന്നതിനിടെ ഏഴാം വിക്കറ്റും നഷ്ടമായിരുന്നു. കൂട്ടത്തകർച്ചയ്ക്കിടെ തുടർ ബൗണ്ടറികളുമായി പാറ്റ് കമ്മിന്‍സ് കാണികള്‍ക്ക് ആവേശം സമ്മാനിച്ചു. ജസ്പ്രീത് ബുംറയാണ് കമ്മിന്‍സിനെ മടക്കുന്നത്. കമ്മിൻസ് മടങ്ങിയതിനു പിന്നാലെ മിച്ചൽ സ്റ്റാർക്ക് ക്രീസിലെത്തിയെങ്കിലും, തൊട്ടുപിന്നാലെ ഓസീസ് ഡിക്ലയർ ചെയ്തു. അലക്സ് കാരി 20 പന്തിൽ 20 റൺസോടെയും സ്റ്റാർക്ക് രണ്ട് റൺസോടെയും പുറത്താകാതെ നിന്നു. ഉസ്മാന്‍ ഖവാജയുടെ (8) വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ജസ്പ്രീത് ബുംറയ്ക്കാണ് വിക്കറ്റ്. പിന്നാലെ മര്‍നസ് ലബുഷെയ്നും പവലിയനില്‍ തിരിച്ചെത്തി. നതാന്‍ മക്സ്വീനിയെ ആകാശ് ദീപ് പുറത്താക്കി. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച്. മിച്ചല്‍ മാര്‍ഷിനും തിളങ്ങാന്‍ സാധിച്ചില്ല. രണ്ട് റണ്‍സ് മാത്രമെടുത്ത മാര്‍ഷിനെ ആകാശ്ദീപ് പുറത്താക്കി. നാല് റണ്‍സെടുത്ത സ്മിത്തിനെ മുഹമ്മദ് സിറാജും മടക്കിയതോടെ ഓസീസ് കനത്ത പ്രതിരോധത്തിലായി. കൂറ്റനടിക്ക് ശ്രമിച്ച് ട്രാവിസ് ഹെഡും പവലിയനില്‍ തിരിച്ചെത്തി. ഇന്ത്യക്കായി ബുംറ മൂന്ന് വിക്കറ്റും സിറാജും ആകാശും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യ ഇന്നിങ്‌സില്‍ ഓസ്ട്രേലിയ 445ന് പുറത്തായിരുന്നു. ട്രാവിസ് ഹെഡിന്റെയും (152) സ്റ്റീവന്‍ സ്മിത്തിന്റെയും (101) ഇന്നിങ്‌സുകളാണ് ഓസീസിന് തുണയായത്. അലക്‌സ് ക്യാരി 70 റണ്‍സുമെടുത്തു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ ആറും മുഹമ്മദ് സിറാജ് രണ്ടും ആകാശ് ദീപ്, നിതിഷ് റെഡ്ഡി എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ നേടി.
നേരത്തെ വാലറ്റക്കാരുടെ മികവില്‍ ഫോളോ ഓൺ ഒഴിവാക്കിയ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 260 റൺസിന് പുറത്തായിരുന്നു. അർധസെഞ്ചുറി നേടിയ ഓപ്പണർ കെ എൽ രാഹുലാണ് ഇന്ത്യൻ ഇന്നിങ്സിലെ ടോപ് സ്കോറർ. ഇടയ്ക്കിടെ മഴ തടസപ്പെടുത്തിയ മൂന്നും നാലും ദിനങ്ങളിൽ ബാറ്റുചെയ്ത ഇന്ത്യക്കായി, 139 പന്തിൽ എട്ടു ഫോറുകളോടെ രാഹുൽ നേടിയത് 84 റൺസ്. പരമ്പരയിലാദ്യമായി ലഭിച്ച അവസരം മുതലെടുത്ത് അർധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജ, 123 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 77 റൺസെടുത്ത് പുറത്തായി. ഓസീസിനായി കമ്മിന്‍സ് നാല് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.