13 December 2025, Saturday

Related news

December 8, 2025
December 8, 2025
December 7, 2025
December 1, 2025
November 27, 2025
November 20, 2025
November 18, 2025
November 12, 2025
November 12, 2025
November 12, 2025

ഇനി പ്രതീക്ഷ തുലാവർഷം മാത്രം; സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക്

ബിനോയ് ജോർജ് പി
തൃശൂർ
September 2, 2023 11:33 am

കാലവർഷത്തിന്റെ കുറവ് സംസ്ഥാനത്തെ മിക്ക ജില്ലകളെയും കടുത്ത വരൾച്ചയിലേക്ക് നയിക്കുകയാണ്. ഇതു തുടർന്നാൽ കുടിവെള്ള ക്ഷാമം രൂക്ഷമാകും. കൃഷിക്കാവശ്യമായ വെ­ള്ളം ലഭിക്കാത്തതിനാൽ നെ­ൽകർഷകർ ഉൾപ്പെടെയുള്ളവർ ദുരിതത്തിലാണ്. 30,000 ഏക്കർ കോൾ നിലങ്ങൾ ഉള്ള തൃശൂര്‍ ജില്ലയിൽ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുന്നത് പൂർണമായും ചിമ്മിനി ഡാമിൽ നിന്നാണ്. എന്നാൽ ചിമ്മിനി ഡാമിലെ ജലനിരപ്പ് നാൾക്കുനാൾ താഴ്ന്നുക്കൊണ്ടിരിക്കുകയാണ്. 76.70 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ ഇപ്പോൾ 58 മീറ്ററിൽ താഴെയാണ് വെള്ളം.


ഇതുകൂടി വായിക്കാം :  കുട്ടനാട് കൊടും വരൾച്ചയുടെ പിടിയിൽ


കഴിഞ്ഞ വർഷം ഈ സമയത്ത് സംഭരണ ശേഷിയിൽ നിന്നും രണ്ടു മീറ്റർ മാത്രമായിരുന്നു കുറവുണ്ടായിരുന്നത്. തുലാവർഷം ലഭിച്ചില്ലെങ്കിൽ കൃഷിക്ക് നൽകുന്ന വെള്ളം കുറച്ച്, കുടിവെള്ളത്തിനായി മാറ്റി വ­യ്ക്കേണ്ട അവസ്ഥയുണ്ടാകും. കോ­ൾ കർഷകർ പകുതിയിലേറെ വിത്ത് വിതയ്ക്കാനും തുടങ്ങി. 127 പാടശേഖരങ്ങൾ അടങ്ങിയ തൃശൂർ കോൾ മേഖല സംസ്ഥാനത്തെ നെല്ലുല്പാദനത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണ്. ഒരു സീസണിൽ ഒന്നേകാൽ ലക്ഷം ടൺ നെല്ലാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്. പാലക്കാടും കുട്ടനാടുമാണ് ഒന്നും രണ്ടു സ്ഥാനത്തുള്ള ജില്ലകൾ. പലതരം പ്രതിസന്ധികളാൽ നെൽകർഷകർ ദുരിതം അനുഭവിക്കുമ്പോഴാണ് ജലക്ഷാമവും കർഷകന് ഇരുട്ടടിയാകുന്നത്.

ജലസേചനത്തിനും കുടിവെള്ളത്തിനുമായി ആശ്രയിക്കുന്ന ജില്ലയിലെ പ്രധാനപ്പെട്ട പീച്ചി, വാഴാനി ഡാമുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. തൃശൂർ കോർപറേഷൻ പരിധിയിലും കിഴക്കൻ മേഖലയിലും കുടിവെള്ളത്തിനും കൃഷിക്കും ആശ്രയിക്കുന്നത് ജില്ലയിലെ ഏറ്റവും കൂടുതൽ സംഭരണ ശേഷിയുള്ള പീച്ചി ഡാമിലെ വെള്ളമാണ്. ഡാമിലെ ജലനിരപ്പ് മുൻപ് ഒരിക്കലും ഇല്ലാത്തവിധം താഴ്ന്നുക്കൊണ്ടിരിക്കുകയാണ്. 7­9.­25 മീറ്റർ സംഭരണശേഷിയുള്ള ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 70 മീറ്ററിൽ താഴെയാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് പരമാവധി സംഭരണ ശേഷിയെക്കാൾ കഷ്ടി ഒരു മീറ്റർ മാത്രമായിരുന്നു കുറവുണ്ടായിരുന്നത്. അന്ന് നാല് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തി കൃഷിയാവശ്യത്തിനുള്ള വെള്ളം നൽകിയിരുന്നു. 62.48 മീറ്റർ സംഭരണ ശേഷിയുള്ള വാഴാനി ഡാമിന്റെ അവസ്ഥയും ഭിന്നമല്ല, ചെറിയ കാലയളവിൽ പത്ത് മീറ്ററോളമാണ് വെള്ളം താഴ്ന്നത്.

ജില്ലയിലെ ചെറു ഡാമുകളായ അസുരൻകുണ്ട്, പത്തായക്കുണ്ട്, പൂമല എന്നീ ഡാമുകളും വരൾച്ചയിലേക്ക് നീങ്ങുകയാണ്. വടക്കാഞ്ചേരി, കുന്നംകുളം, എരുമപ്പെട്ടി, കടങ്ങോട്, പന്നിത്തടം പ്രദേശങ്ങളിലെ വലിയ വിഭാഗം ജനങ്ങളാണ് വാഴാനി ഡാമിലെ വെള്ളത്തെ ആശ്രയിച്ച് കൃഷിയിറക്കി ജീവിക്കുന്നത്. ജില്ലയിലെ ശക്തമായ കാർഷിക മേഖലയെന്ന് പറയാവുന്ന ചേലക്കരയിൽ നിരവധി കൃഷിക്കാർ‍ ആശ്രയിക്കുന്ന ചിരക്കുഴി ഡാം ഇതേ പ്രതിസന്ധി നേരിടുകയാണ്. തുലാവർഷമാണ് കർഷകർ ഇനി ഏക പ്രതീക്ഷയായി കരുതുന്നത്. കൃഷിക്ക് വെള്ളമില്ലെന്ന പരാതികൾക്ക് അപ്പുറം കുടിവെള്ളത്തിന്റെ കാര്യത്തിൽ പോലും വലിയ ആശങ്കയാണ് വിദഗ്ധർ പങ്കുവയ്ക്കുന്നത്.

സെപ്റ്റംബറിൽ കുറച്ച് ദിവസങ്ങളെങ്കിലും ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ കോൾ കൃഷിയെ മാത്രമല്ല, മുഴുവൻ കൃഷിയെയും അതു സാരമായി ബാധിക്കും. വെള്ളം ആവശ്യത്തിന് ലഭിക്കാത്തതിനാൽ പല കാർഷിക വിളകളും വലിയ ഭീഷണിയിലാണ്. 50 ശതമാനത്തോളം മഴയുടെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഇതിനെ പരിഹരിക്കുന്ന തരത്തിലുള്ള മഴ ഓഗസ്റ്റ് മാസത്തിൽ ലഭിക്കുമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ. മുൻ വർഷങ്ങളിൽ പലപ്പോഴും അ­ങ്ങനെയാണ് സംഭവിച്ചിരുന്നത്. ഇത്തവണ അതും ഉണ്ടായില്ലെന്നത് വരൾച്ചയെ രൂക്ഷമാക്കി. കിണറുകളിലെ വെള്ളവും പൊടുന്നനെ താഴ്ന്നുക്കൊണ്ടിരിക്കുന്ന സ്ഥിതിയുണ്ട്, അന്തരീക്ഷ താപനില മാർച്ച്-ഏപ്രിൽ മാസങ്ങൾക്ക് സമാനമായി കൂടുന്നതിനാൽ അതിന്റെ പ്രശ്നങ്ങൾ വേറെയുമുണ്ട്.

Eng­lish Sam­mury: Now the only hope is Tula Mazha (Tula rain)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.