
ശാശ്വത സമാധാനമുണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് ഗാസയില്‍ വീണ്ടും ഇസ്രയേല്‍ സെെന്യത്തിന്റെ ആക്രമണം. ഒക്ടോബർ 11 മുതൽ പ്രാബല്യത്തിൽ വന്ന, ഇതിനകം തന്നെ ദുർബലമായ വെടിനിർത്തലിന്റെ ഏറ്റവും ഗുരുതരമായ പരീക്ഷണമായിരുന്നു ഞായറാഴ്ചത്തെ ഇസ്രയേലിന്റെ ആക്രമണങ്ങൾ. തെക്കൻ ഗാസയിലെ ഖാൻ യൂനിസിനടുത്തുള്ള കിഴക്കൻ പട്ടണമായ അബാസനിൽ ഇസ്രയേലി ടാങ്കുകളിൽ നിന്ന് കനത്ത വെടിവയ്പ്പ് ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. തെക്ക് ഭാഗത്തുള്ള റാഫയിലും സ്ഫോടനങ്ങളും വെടിവയ്പും റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് റാഫയിൽ വ്യോമാക്രമണം ആരംഭിച്ചതായി ഖാന്‍ യൂനിസ് നിവാസികള്‍ പറഞ്ഞു.
വടക്കൻ ഗാസയിലെ കിഴക്കൻ ജബാലിയ പ്രദേശത്ത് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ പ്രാദേശിക ആരോഗ്യ അധികൃതർ അറിയിച്ചു. റാഫ മേഖലയിലെ തുരങ്കങ്ങളിൽ നിന്ന് ഹമാസ് അംഗങ്ങള്‍ പുറത്തുവന്ന് സൈനികർക്ക് നേരെ വെടിയുതിർത്തതിനെ തുടർന്നാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേൽ വാദിക്കുന്നു. റാഫയിലെ ഭീകര അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ പ്രവർത്തിക്കുന്ന സൈനികർക്ക് നേരെ ഹമാസ് ടാങ്ക് വിരുദ്ധ മിസൈലും തോക്കുകളും ഉപയോഗിച്ച് വെടിയുതിർത്തതായി ഇസ്രയേല്‍ പറയുന്നു. ഗാസയ്ക്കുള്ളില്‍ സെെന്യത്തിനെതിരെ ഹമാസ് ഒന്നിലധികം ആക്രമണങ്ങൾ നടത്തിയതായി ഇസ്രയേലി സെെനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് സംഭവങ്ങളും നടന്നത് ഇസ്രയേൽ നിയന്ത്രിത പ്രദേശത്താണെന്നും ഇത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നുമാണ് സെെന്യം വാദിക്കുന്നത്. കരാറിനുശേഷം ഇസ്രയേൽ 47 തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായും ഇതിൽ 38 പേർ കൊല്ലപ്പെടുകയും 143 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും ഗാസയിലെ സർക്കാർ മാധ്യമ ഓഫിസ് അറിയിച്ചു.
ഇസ്രയേൽ സർക്കാരും ഹമാസും പരസ്പരം വെടിനിർത്തൽ ലംഘനങ്ങൾ ആരോപിച്ച് ദിവസങ്ങളായി പോരാടുകയാണ്. ഇതിനിടെ, ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റാഫ അതിർത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് ഇസ്രയേൽ അറിയിച്ചു. 2024 മേയ് മുതൽ റാഫ നഗരം ഏറെക്കുറെ അടച്ചിട്ടിരിക്കുകയാണ്. ബന്ദികളാക്കപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേലും ഹമാസും തമ്മിൽ തർക്കമുണ്ട്. ബന്ദികളാക്കപ്പെട്ട 28 പേരുടെ ശേഷിക്കുന്ന മൃതദേഹങ്ങൾ തിരികെ നൽകുന്നതിനുള്ള ബാധ്യത ഹമാസ് നിറവേറ്റണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു. ജീവനോടെയുള്ള 20 ബന്ദികളെയും മരിച്ചവരിൽ 12 പേരെയും ഹമാസ് തിരികെ നൽകിയിട്ടുണ്ട്. വെടിനിർത്തൽ കരാർ ലംഘിച്ച് ചില ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകുന്നത് ഹമാസ് വൈകിപ്പിക്കുകയാണെന്ന് ഇസ്രയേൽ ആരോപിക്കുന്നു. അവശിഷ്ടങ്ങൾക്കടിയില്‍പ്പെട്ട മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിന് പ്രത്യേക ഉപകരണങ്ങള്‍ ആവശ്യമാണെന്ന് ഹമാസ് അറിയിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിക്ക് ഇപ്പോഴും ശക്തമായ തടസ്സങ്ങൾ നിലനിൽക്കുന്നുണ്ട്.
ഹമാസിന്റെ നിരായുധീകരണം, ഗാസയുടെ ഭരണം, അന്താരാഷ്ട്ര സ്ഥിരതാ സേനയുടെ രൂപീകരണം, പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കുന്നതിനുള്ള നീക്കങ്ങൾ തുടങ്ങിയ പ്രധാന ചോദ്യങ്ങൾക്ക് ഇതുവരെ പരിഹാരമായിട്ടില്ല. ഇതിനിടെയാണ് ആദ്യഘട്ട കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. അതേസമയം, ഗാസയിൽ യുദ്ധത്തിന് വീണ്ടും ആഹ്വാനം ചെയ്ത് ഇസ്രയേൽ മന്ത്രിമാർ. യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ ലംഘിക്കുന്ന പരാമർശങ്ങളാണ് മന്ത്രിമാർ നടത്തിയത്. ഹമാസ് നിലനിൽക്കുന്നിടത്തോളം കാലം ഗാസയിൽ യുദ്ധമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി അമിചായ് ചിക്ലി പറഞ്ഞെതായി അൽജസീറ റിപ്പോർട്ട് ചെയ്തു. നിലവിലുള്ള സാഹചര്യം ദുഷ്കരവും സങ്കീർണവുമാണെന്നും ഇസ്രയേൽ മന്ത്രിയായ എബ്രഹാം മോഷെ അവി ഡിക്റ്റർ പറഞ്ഞു. ബന്ദികളെ കൈമാറിയ ശേഷം എല്ലാം മാറിയെന്നും ഹമാസിനെ നിരായുധീകരിക്കുന്നതിൽ നിന്നും ഇസ്രയേൽ പിന്മാറുകയില്ലെന്നും അവി ഡിക്റ്റർ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.