
കേരളത്തിലെ പ്രവാസികളുടെ കൈവശമുള്ള ഒഴിഞ്ഞുകിടക്കുന്ന കൃഷിയോഗ്യമായ ഭൂമി പ്രയോജനപ്പെടുത്തി സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ഉയർന്ന മൂല്യമുള്ള ഹോർട്ടികൾച്ചർ വിളകളുടെ വാണിജ്യകൃഷി ആരംഭിക്കുന്നു. ‘പ്ലാന്റ്, ഓപ്പറേറ്റ് ആന്റ് ട്രാൻസ്ഫർ’ (പിഒടി) പദ്ധതിയിലൂടെയാണ് പ്രവാസികളുടെ ഭൂമിയിൽ ഉയർന്ന നിലവാരമുള്ള പഴവർഗ തോട്ടങ്ങൾ വളർത്തി വിളവെടുപ്പും വിപണനവും നടത്തി നിശ്ചിത കാലയളവിന് ശേഷം ഭൂമിയും തോട്ടവും ഉടമയ്ക്ക് തിരികെ നൽകുക. ആദ്യഘട്ടമായി 12ന് പത്തനംതിട്ട ജില്ലാ അഗ്രിക്കൾച്ചറൽ മാർക്കറ്റിങ് സഹകരണ സംഘം 50 ഏക്കറിൽ പദ്ധതിക്ക് തുടക്കമിടും. തുടർന്ന് സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും ഈ മാതൃക വ്യാപിപ്പിക്കും. പദ്ധതി നടത്തിപ്പ് പൂർണമായും കേരളത്തിലെ പ്രാഥമിക വായ്പാ കാർഷിക സംഘങ്ങളുടെ കീഴിലായിരിക്കും. ഇതിനു സന്നദ്ധമായ ഓരോ സംഘവും കുറഞ്ഞത് ഒരു ഏക്കർ വീതമുള്ള പ്ലോട്ടുകൾ കണ്ടെത്തി കുറഞ്ഞത് അഞ്ചു ഏക്കറിൽ കൃഷി ചെയ്യും. പ്രവർത്തനത്തിനായി സംഘം ഒരു നിശ്ചിത ഷെയർ വഹിക്കും. ബാക്കി സഹകരണ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും പദ്ധതി വിഹിതമായി ലഭ്യമാക്കും. ധനസമാഹരണം, തൊഴിലാളികളുടെ വിന്യാസം, വിപണനം എന്നിവയ്ക്ക് സഹകരണ സംഘങ്ങൾ മേൽനോട്ടം വഹിക്കും. കൃഷി തുടങ്ങി നാലാം വർഷം മുതൽ സംഘത്തിന് വരുമാനം കിട്ടി തുടങ്ങും.
അവോക്കാഡോ, ഡ്രാഗൺ ഫ്രൂട്ട്, കിവി, മാംഗോസ്റ്റീൻ, റംബുട്ടാൻ എന്നിവയാണ് പ്രധാനമായി കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന പഴവർഗങ്ങൾ. രണ്ടാം വർഷം മുതൽ വിളവെടുപ്പ് ആരംഭിക്കാനാകുന്ന ഈ മരങ്ങൾ 10–15 വർഷം വരെ സ്ഥിരമായ വരുമാനം നൽകും. വിളവെടുപ്പ് നടത്തിയ ഫലങ്ങൾ ആഭ്യന്തര, രാജ്യാന്തര വിപണികളിൽ എത്തിക്കാനായി കോ-ഓപ്പറേറ്റീവ് ഉല്പന്നങ്ങൾ പ്രത്യേക ബ്രാൻഡിങ് നടത്തും. ജാം, സ്‌ക്വാഷ്, ഫ്രോസൺ ഫ്രൂട്ട്, ഡ്രൈ ഫ്രൂട്ട് തുടങ്ങിയവയുടെ മൂല്യവർധിത യൂണിറ്റുകളും സ്ഥാപിക്കും.
കേരളത്തെ ഹൈവാല്യു ഹോർട്ടികൾച്ചർ ഹബ്ബാക്കി മാറ്റുന്നതിനുള്ള പദ്ധതിയിലൂടെ കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതിനും കയറ്റുമതി വർധിപ്പിക്കുന്നതിനും പുറമേ കാർഷിക സ്വയംപര്യാപ്തത കൈവരിക്കാനുമാകും. കേരളത്തിന്റെ കാർഷിക, സാമ്പത്തിക വളർച്ചക്കും പ്രവാസികളുടെ ഭൂമിസുരക്ഷയ്ക്കും ഒരുപോലെ പ്രയോജനകരമായ ഈ സംരംഭം സഹകരണ പ്രസ്ഥാനവും പ്രവാസി സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടും. പ്രവാസി കുടുംബങ്ങൾക്ക് വയോജന പരിപാലനം, സാന്ത്വന പരിചരണം തുടങ്ങിയ ക്ഷേമപരിപാടികളും പിഒടി പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്താൻ സഹകരണ വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.