21 January 2025, Tuesday
KSFE Galaxy Chits Banner 2

രാജ്യത്ത് ഗാര്‍ഹിക സമ്പാദ്യം കുത്തനെ ഇടിഞ്ഞു

കുടുംബങ്ങളുടെ കടം പെരുകി
അരനൂറ്റാണ്ടിലെ ഏറ്റവും മോശം അവസ്ഥ
കേന്ദ്രത്തിന്റ കടബാധ്യത ഇരട്ടിയായി 
Janayugom Webdesk
ന്യൂഡല്‍ഹി
September 19, 2023 8:45 pm

വികസനം കൊട്ടിഘോഷിക്കുന്ന മോഡിഭരണത്തില്‍ രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യം വന്‍തോതില്‍ ഇടി‍ഞ്ഞതായി റിസര്‍വ് ബാങ്ക് കണക്കുകള്‍. കുടുംബങ്ങളുടെ സാമ്പത്തിക ചെലവ് ഗണ്യമായി ഉയര്‍ന്നത് കാരണം ജനങ്ങള്‍ കടം വാങ്ങിയാണ് ജീവിതം തള്ളിനീക്കുന്നതെന്നും റിസര്‍വ് ബാങ്ക് രേഖകള്‍ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കടുംബങ്ങളുടെ അറ്റധനസമ്പാദ്യം മൊത്തം ആഭ്യന്തര വളര്‍ച്ചയുടെ (ജിഡിപി)5.1 ശതമാനത്തിലേക്ക് താഴ്ന്നതായും കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2022 സാമ്പത്തിക വര്‍ഷം 7.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്ത് 2023 ലെത്തിയപ്പോള്‍ രണ്ട് ശതമാനം വളര്‍ച്ച താഴ്ന്ന് 5.1 ആയി. 2021 ല്‍ വാര്‍ഷിക സാമ്പാദ്യം 22.8 ലക്ഷം കോടിയായിരുന്നത് 2022 ല്‍ 16.96 ലക്ഷം കോടിയായി കുറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ഇത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 13.76 ലക്ഷം കോടിയായി എത്തി.
കടുംബങ്ങളുടെ വാര്‍ഷിക സാമ്പത്തിക ബാധ്യത ജിഡിപിയുടെ 5.8 ശതമാനം കണ്ട് ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ കടബാധ്യത സ്വാതന്ത്ര്യം ലഭിച്ചശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 2007ല്‍ പൊതുകടം 6.7 ശതമാനമായിരുന്നത് ഇരട്ടിയായി വര്‍ധിച്ചു.

കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത അതിവേഗം വര്‍ധിച്ച് ജിഡിപിയുടെ 37.6 ശതമാനത്തിലേയ്ക്ക് കയറി. 2022ല്‍ ഇതിന്റെ തോത് 36.9 ശതമാനമായിരുന്നു. പണപ്പെരുപ്പത്തിനിടെ വേതനം ഗണ്യമായി കുറയുന്നതും കുടുംബഭാരം അവതാളത്തിലാക്കി. രാജ്യത്ത് കഴിഞ്ഞ എട്ട് വര്‍ഷമായി തുടരുന്ന കുറഞ്ഞ വേതന നിരക്കും ആരോഗ്യ‑വിദ്യാഭ്യാസ മേഖലയില്‍ ഏറിവരുന്ന ചെലവുമാണ് സാമ്പത്തിക ബാധ്യതയുടെ പ്രധാന കാരണം. 2021 ല്‍ ആരോഗ്യ രംഗത്തെ പണപ്പെരുപ്പം 12 ശതമാനമായിരുന്നത് ഏഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു.

അഞ്ച് വര്‍ഷത്തിനിടെ ആരോഗ്യ രംഗത്ത് ചെലവുകള്‍ ഇരട്ടിയായി വര്‍ധിച്ചു. വിദ്യാഭ്യാസ ചെലവില്‍ 11 മുതല്‍ 12 ശതമാനം വരെ വര്‍ധനനാണ് രേഖപ്പെടുത്തിയത്. കുറഞ്ഞ വേതനവും വര്‍ധിച്ച ജീവിതച്ചെലവും ജനങ്ങളെ കടം വാങ്ങി ജീവിതം തള്ളിനീക്കാന്‍ പ്രേരിപ്പിക്കുന്നതായി ധനകാര്യ സ്ഥാപനമായ മോട്ടിലാല്‍ ഓസ്‌വാളിലെ സാമ്പത്തിക വിദഗ്ധന്‍ നിഖില്‍ ഗുപ്ത പറഞ്ഞു.

Eng­lish sum­ma­ry; House­hold sav­ings in the coun­try have fall­en sharply

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.