
ഇറാനെതിരായ ഇസ്രയേലിന്റെ സൈനിക നീക്കത്തിൽ ട്രംപ് ഭരണകൂടം പങ്കുചേർന്നാൽ അമേരിക്കൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുമെന്ന് യെമനിലെ ഹൂതി വിമതർ മുന്നറിയിപ്പ് നൽകി. ചെങ്കടലിൽ യുഎസ് കപ്പലുകൾക്കും യുദ്ധക്കപ്പലുകൾക്കും നേരെ വീണ്ടും ആക്രമണം നടത്തുമെന്നാണ് ഹൂതികൾ വ്യക്തമാക്കിയത്.
ഇറാനെതിരെയുള്ള ആക്രമണത്തിൽ ഇസ്രയേലിനൊപ്പം അമേരിക്കയും പങ്കാളിയായാൽ, സായുധ സേന ചെങ്കടലിൽ അവരുടെ കപ്പലുകളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യമിടുമെന്ന് ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സാരി വീഡിയോ പ്രസ്താവനയിലൂടെ ഭീഷണി മുഴക്കി. നേരത്തെ, ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ചെങ്കടലിൽ ഇസ്രയേൽ കപ്പലുകളെ ഹൂതി വിമതർ ആക്രമിച്ചിരുന്നു. ഇതിന് മറുപടിയായി അമേരിക്ക യെമനിൽ ബോംബാക്രമണം ആരംഭിക്കുകയും ചെയ്തിരുന്നു.
അടുത്തിടെ ഇസ്രയേലിന് പിന്നാലെ അമേരിക്കയും ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. ഫോർദോ, നഥാൻസ്, എസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ നിലയങ്ങളിലാണ് ആക്രമണം നടന്നത്. ഇറാനിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചതിന് ശേഷം പത്താം ദിവസമാണ് അമേരിക്കയുടെ നേരിട്ടുള്ള ഈ ആക്രമണം. ആക്രമണം പൂർത്തിയാക്കി യുദ്ധവിമാനങ്ങൾ ഇറാന്റെ വ്യോമമേഖലയിൽ നിന്ന് മടങ്ങിയെത്തിയെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ “ട്രൂത്ത് സോഷ്യൽ” വഴി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.