3 January 2026, Saturday

ഇനിയും കാത്തിരിപ്പ് എത്ര നാള്‍ ?

പന്ന്യൻ രവീന്ദ്രൻ
കളിയെഴുത്ത്
October 19, 2025 10:11 pm

കാൽപ്പന്ത് കളിയിലെ കാവ്യശൈലി സ്വന്തം ഭാവനയിൽ മെനഞ്ഞെടുത്ത് ആധിപത്യം ചെലുത്താനുള്ള നവീനതന്ത്രങ്ങളാണ് ലോകമാകെയുള്ള മത്സര പരമ്പരകളിൽ കണ്ടുവരുന്നത്. അതിനിടയിൽ ലോകഫുട്ബാൾ റാങ്കിങ് പുറത്ത് വന്നു. ഒന്നാം സ്ഥാനത്ത് സ്പെയിൻ തുടരുന്നു. അർജന്റീന രണ്ടാം സ്ഥാനത്താണ്. ഫ്രാന്‍സ് മൂന്നിലും ഇംഗ്ലണ്ട് നാലും പോർച്ചുഗൽ അഞ്ചും, ബ്രസീൽ ആറിലും ഇറ്റലിയും ജർമ്മനിയും ഫ്രാൻസും ഏഴും എട്ടും സ്ഥാനത്ത് നിൽക്കുകയാണ്. നമ്മുടെ സ്വന്തം രാജ്യമായ ഇന്ത്യ സർവകാല റെക്കാഡിൽ 136-ാം സ്ഥാനത്ത് നിൽക്കുകയാണ്.

ഏഷ്യാകപ്പിൽ നമ്മുടെ പെർഫോമെൻസ് ശരിക്കും വിലയിരുത്തിയാണ് റാങ്ക് നിശ്ചയിക്കുന്നത്. കഴിഞ്ഞ ഒമ്പത് വർഷത്തെ പരിശ്രമമാണ് നമ്മെ ഇവിടെ എത്തിച്ചത്. ആറുരാജ്യങ്ങൾ ചേർന്ന ക്വാളിഫയിങ് ഗ്രപ്പിൽ നാലുകളിയിൽ രണ്ട് പോയിന്റുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഖലീൽ ജമാലിന്റെ വരവോടെ പ്രതീക്ഷയുമായി വന്ന രാജ്യം ഇപ്പോൾ പരാജയത്തിന്റെ പടുകുഴിയിലേക്ക് കൂപ്പു കുത്തുകയാണ്. ഒരുപാട് മോഹങ്ങൾ മനസിൽ കൊണ്ട് നടക്കുന്ന ഇന്ത്യക്ക് ഇങ്ങനെ ഒരു പിറകോട്ടടി വളരെ പ്രയാസം സൃഷ്ടിക്കും. 209 രാജ്യങ്ങളുള്ള ഫിഫയിൽ 136-ാം റാങ്ക്എന്നത് വളരെയധികം ശോചനീയമാണ്. കഴിഞ്ഞ ലോകകപ്പിനേക്കാൾ 16 രാജ്യങ്ങൾ കൂടുതൽ ഇത്തവണ മത്സരരംഗത്ത് വരുമ്പോൾ അവർക്കെല്ലാം അമേരിക്കയിലും മെക്സിക്കോയിലും കനഡയിലും സ്വന്തം രാജ്യത്തിന്റെ പതാകയുയർത്താൻ അവസരം ലഭിക്കുന്നു. ഇത്രയേറെ ആവേശകരമായ അനുഭവം നമുക്ക് ലഭിക്കുവാൻ ഇനി എത്രകാലം കാത്തിരിക്കേണ്ടിവരും.

ഇപ്പോൾ 28 രാജ്യങ്ങൾ ആധികാരികമായി മത്സരരംഗത്ത് കടന്നു വന്നുകഴിഞ്ഞു. 20 രാജ്യങ്ങൾ ഇനിയും ജയിച്ചു കയറാനുണ്ട്. ഇതിൽ ഏഷ്യയിൽ നിന്ന് ഖത്തർ, ജപ്പാൻ, ഓസ്‌ട്രേലിയ, ഇറാൻ, ജോർഡാൻ, സൗദി അറേബ്യ, ദക്ഷിണ കൊറിയ, ഉസ്ബക്കിസ്ഥാൻ എന്നിവയും ആഫ്രിക്കയിൽ നിന്ന് ടുണീഷ്യ, ദക്ഷിണാഫ്രിക്ക, അൾജീരിയ, കേപ്പ് വെർദേ, ഈജിപ്ത്, ഘാന, ഐവറികോസ്റ്റ്. ലാറ്റിനമേരിക്കയിൽ നിന്ന് അർജന്റീന, ബ്രസീൽ, ഉറുഗ്വേ, കൊളംബിയ, ഇക്വഡോർ, പരാഗ്വേ. യൂറോപ്പിൽ നിന്ന് ഇംഗ്ലണ്ട്, ഓഷ്യാനിയ, ന്യൂസിലാൻഡ്, എന്നിവയും അർഹതനേടികഴിഞ്ഞു. മറ്റു രാജ്യങ്ങൾ അടുത്ത രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ കളിച്ചു അർഹത നേടിയെത്തിച്ചേരും. നവംബർ 13 മുതൽ 19 വരെയും ജൂൺ 11 മുതൽ ജൂലൈ 19 വരെയുമാണ് ഇനി വരുന്ന മത്സരങ്ങൾ. ഓരോ രാജ്യത്തിന്റെയും മത്സരത്തിന്റെ ഷെഡ്യൂൾ ഫിഫയുമായി ബന്ധപ്പെട്ടാണ് നിശ്ചയിക്കുന്നത്. മാത്രമല്ല, പ്രധാന ടൂർണമെന്റുകൾ യൂറോപ്പിൽ വിവിധയിടങ്ങളിൽ നടക്കുകയാണല്ലോ, അവയെല്ലാം ലോകകപ്പ് മത്സരങ്ങളുടെ ഗ്യാപ്പിലാണ് നടക്കുന്നത്. ഖത്തർ ലോകകപ്പിലേക്ക് യോഗ്യത നേടേണ്ടത് ആ രാജ്യങ്ങളുടെ അഭിമാന പ്രശ്നമായാണ് അധികാരികൾ കാണുന്നത്. ഉദാഹരണം നിരവധിയുണ്ട്. ഖത്തർ ആദ്യമായാണ് ക്വാളിഫൈ ചെയ്യുന്നത്. കഴിഞ്ഞ തവണ ലോകകപ്പ് ഖത്തറിൽ നടന്നത് കൊണ്ട് ആതിഥേയരായി കളിച്ചവരാണവർ അത് കഴിഞ്ഞു അവർ വെറുതെ ഇരുന്നില്ല നാലുവർഷത്തെ കഠിനപരിശ്രമം കൊണ്ട് അവർ കളിച്ചു ജയിച്ചു. ഇത്തവണ കളിച്ചു ജയിച്ചു കടന്നു വരുന്നു. ഖത്തർ ഭരണാധികാരികൾ അവരെ വാരിപുണർന്നു കോടികൾ പാരിതോഷികമായി നൽകി. നമ്മൾ ഇന്ത്യക്കാർക്ക് ഒരു കാര്യത്തിൽ സന്തോഷിക്കാം. ഖത്തർ ടീമിൽ ഒരുമലയാളി സാന്നിധ്യമുണ്ട്. 19കാരനായ തഹസിൻ ജംഷിദ് കണ്ണൂർ വളപട്ടണം സ്വദേശിയാണ്. നമ്മുടെ രാജ്യത്തിന്റെ കാത്തിരിപ്പ് ഒരുപാട് കാലത്തേക്കുള്ളതാണ്. ഖത്തർ ഒരു മാതൃകയാക്കാൻ നമുക്ക് കഴിയുമോയെന്ന് ചോദിക്കാൻ ഫുട്‌ബോളിനെ സ്നേഹിക്കുന്ന ഭാരവാഹികൾ ആരെങ്കിലും ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിൽ ഉണ്ടോയെന്ന് സംശയമാണ്.

ലോകകപ്പ് ഫുട്‌ബോളിൽ നിലവിലുള്ള ചാമ്പ്യൻമാർ തന്നെ വീണ്ടും ജയിച്ചു വരുമെന്ന പ്രതീക്ഷയിലാണ് കോടാനുകോടി ഫുട്‌ബോൾ പ്രേമികൾ. കാരണം ഇന്ന് ലോകഫുട്ബോളിൽ നിറഞ്ഞു നിൽക്കുന്ന ഇതിഹാസതാരമായ മെസിയുടെ അപാരമായ കളിയുടെ പിൻബലത്തിൽ അർജന്റീനയുടെ ജയം നിലനിർത്താൻ കഴിയും എന്ന ധാരണയിലാണ് ഫുട്‌ബോൾ പ്രേമികൾ. ഇന്ന് ലോകത്ത് മികച്ച ടീം അർജന്റീന തന്നെയാണ്. ഏറ്റവും ഒടുവിൽ മെസി മറ്റൊരു പ്രധാന നേട്ടത്തിന് ഉടമയായത് വാർത്തകളിൽ നിറഞ്ഞു നിന്നു. ലോകഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളവസരം സഹകളിക്കാർക്ക് നൽകിയ കളിക്കാരൻ മെസിയാണ്. ഇതുവരെ ഈ നേട്ടത്തിന്റെ ഉടമ ബ്രസീലിന്റെ നെയ്മറുടെ പേരിലായിരുന്നു. അങ്ങനെ പ്രശസ്തിയിൽ നിന്ന് പ്രശസ്തിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന മെസിയുടെ പേരിൽ ഒരു ടൂർണമെന്റ് നടക്കാൻ പോകുന്നു എന്നവാർത്തയാണ് അടുത്ത ദിവസം വന്നത്. മെസി കപ്പ് എന്നാണ് ടൂർണമെന്റിന്റെ പേര്. എട്ട് പ്രമുഖ ടീമുകളാണ് മാറ്റുരയ്ക്കുക. ഡിസംബറിൽ മത്സരങ്ങൾ നടക്കും. മെസിയുടെ കളിത്തൊട്ടിലായ ബാഴ്സലോണ, റിവർപ്ലേറ്റ്, ഇന്റർ മിയാമി, അത്‌ലറ്റിക്കോ മാഡ്രിഡ്, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ എന്നിവയാണ് ടീമുകൾ. ജീവിച്ചിരിക്കുന്ന ഒരു കളിക്കാരന്റെ പേരിൽ ഒരു ടൂർണമെന്റ് ചരിത്രത്തിൽ ആദ്യമായിരിക്കും. മിയാമിയിലാണ് മത്സരങ്ങൾ നടക്കുക. മെസി തന്നെയാണ് വിവരം വാർത്താലേഖകരെ അറിയിച്ചത്. മെസിയുടെ വരവോടെ തുടങ്ങിയ ഫുട്‌ബോൾ ആവേശം മിയാമിയിലെ ജനങ്ങളിൽ ഏറ്റവും വലിയ ആരാധനയായി മാറിയിരിക്കുകയാണ്. ഒരു ഫുട്‌ബോളർക്ക് ലഭിക്കാവുന്ന ആദരങ്ങളെക്കാൾ വലിയ നിലയിലുള്ള ആദരവാണ് ലോകമാകെ ലഭിച്ചുകൊണ്ടിരിക്കുന്നത്. തന്റെ പേരിൽ നടക്കുന്ന ടൂർണമെന്റ് പുതിയ കളിക്കാർക്ക് തിളങ്ങാനുള്ള അവസരം കൂടി ആയിരിക്കുമെന്ന് അദ്ദേഹം കരുതുന്നു.
മെസിയുടെ കേരള സന്ദർശനം അനിശ്ചിതത്വത്തിലാണ്. എന്തായാലും നവംബറിൽ ഇല്ല എന്ന് തീർച്ചപ്പെട്ടുകഴിഞ്ഞു. മെസിയെന്ന മഹാനായ ഫുട്‌ബോളറെ കാണുവാനുള്ളആകാംക്ഷ ഫുട്ബോളുമായി ബന്ധമുള്ള എല്ലാവർക്കും കാണും. ലോകതലത്തിൽ പ്രസിദ്ധനായ താരമായതിനാൽ കളിയുടെ ഷെഡ്യൂളും ഫിഫയുടെ അനുവാദവും ഒക്കെ വേണ്ടിവരും. ഏജൻസിയുടെ പ്രവർത്തനം വിശ്വാസത്തിലെടുത്ത് പരിപാടി നിശ്ചയിച്ചതിൽ അപാകത ഉണ്ടോയെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണം. മറ്റൊരു കാര്യം കളികാണാനെത്തുന്നവർ വലിയ സമ്പന്നരല്ലെന്ന കാര്യവും സംഘാടകർ ശ്രദ്ധിക്കണം. കാഴ്ചക്കാരായെത്തുന്നവർ തൊഴിലാളികളും വിദ്യാർത്ഥികളുമായിരിക്കും. അവർക്ക് താങ്ങാവുന്നരീതിയിൽ ടിക്കറ്റ് ചാർജ് രൂപപ്പെടുത്തണം. കാരണം വ്യാജവാര്‍ത്തയായാലും കുറച്ചു നാൾ ടിക്കറ്റ് ചാർജ് ചർച്ചയായിരുന്നു. കേരളത്തിന്റെ മണ്ണിൽ ലോകഫുട്ബോളിലെ ഇതിഹാസം വരുന്നു എന്ന വാർത്ത നാടാകെ ആവേശത്തോടെ സ്വീകരിച്ചതാണ്. അതിന്റെ ഗൗരവം ഉൾക്കൊണ്ട് കൊണ്ട് പ്രോഗ്രാം തയ്യാറാക്കുന്നത് നന്നായിരിക്കും.

ലോകകപ്പിലേക്കുള്ള അകലം കുറഞ്ഞുവരുന്ന സമയമാണ് മത്സരങ്ങളുടെ വാശിയും വീറും കൂടുതൽ കൂടുതൽ വളർന്നു വരുന്നത്. ഒരുപാട് പ്രവചനങ്ങൾ വിവിധഭാഗങ്ങളിൽ നിന്നും വരുന്നുണ്ട്. ഇത്തവണ ഒരു പ്രത്യേകത ചെറുരാജ്യങ്ങളുടെ പ്രകടനമാണ്. അവ പലതും പ്രവചനാതീതമാണ്. പ്രധാന രാജ്യങ്ങളെകുറിച്ചു നിഗമനങ്ങൾ സ്വാഭാവികമായും ശരിയാകാറുണ്ട്. അടുത്ത് നടന്ന യുവ ലോകകപ്പ് അണ്ടർ 20 വളരെ ശക്തമായ മത്സരങ്ങൾക്ക് വേദിയായി. അർജന്റീനയുടെ സെമിമത്സരം കടുത്തതായിരുന്നു. കൊളംബിയ ആഞ്ഞു കളിച്ചു, പക്ഷെ ജയം കരുത്തരെ സഹായിച്ചു. മൊറോക്കോ എല്ലാവർക്കും കടുത്ത വെല്ലുവിളിയാണെന്ന് കളിയിൽ കൂടി ബോധ്യപ്പെടുത്തി. മുൻ ചാമ്പ്യന്മാരായ ഫ്രാൻസായിരുന്നു എതിരാളി, ആഫ്രിക്കൻ പോരാട്ടവീര്യം ശരിക്കും നിഴലിച്ച മത്സരത്തിൽ മുഴുവൻ സമയവും തീരുമാനമായില്ല. പെനാൽറ്റി ഷൂട്ടൗട്ടിൽ ആഫ്രിക്കൻ വീരന്മാർ പിഴക്കാതെ വലയ്ക്കകത്താക്കി. എതിരാളിയുടെ ഷാർപ്പ്ഷൂട്ട് രക്ഷപ്പെടുത്തിയ ഗോളിയാണ് രക്ഷകനായത്. മോറോക്കോ ടീം രണ്ടും കല്പിച്ചു കളിക്കുന്നവരും ആരെയും ഭയക്കാത്തവരുമാണ്. നന്നായി കളിച്ചു ജയം ഉറപ്പാക്കിയ ബ്രസീലിനെയും കരുത്തിൽ ഉറച്ച വിശ്വാസമുള്ള സ്പെയിനിനെയും കീഴടക്കിയാണ് കലാശക്കളിയിലേക്കെത്തിയത്. എതിരാളി ആരെന്ന് നോക്കാതെ കളിയിൽ സ്വന്തം കളിക്കാരെ ഒരുമിപ്പിച്ചു വിജയിക്കുന്ന നവതന്ത്രമാണ് വിജയത്തിന്റെ രഹസ്യം. 2008ൽ നേടിയ നാലാം സ്ഥാനമാണ് രാജ്യത്തിന്റെ വലിയ നേട്ടം. അർജന്റീനയുമായുള്ള ഫൈനലിൽ അട്ടിമറി നടന്നാൽ അത്ഭുതമില്ല.

കേരളത്തിന്റെ ഫുട്ബോള്‍ ഇഷ്ടം

കേരളത്തിലെ ഫുട്‌ബോൾ രംഗം സജീവമായി മുന്നോട്ടു പോവുകയാണ്. നേരത്തെ ഐഎസ്എൽ കളിയിലാണ് ജനംമൈതാനത്ത് നിറഞ്ഞിരുന്നത്. എന്നാൽ കെഎസ്എല്ലിന്റെ വരവോടെ ഫുട്‌ബോൾ കളിയിലെ വികേന്ദ്രീകരണം ഗുണഫലങ്ങൾ സൃഷ്ടിച്ചു. തിരുവനന്തപുരം, കൊച്ചി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ആറിടങ്ങളും ഹോം ഗ്രൗണ്ടായതോടെ പഴയകാലത്തെ കളിയാവേശത്തിന്റ പുനർജനിയായി ഈ മത്സര വേദികൾ മാറി. ഇതിന് പുറമെയാണ് ജില്ലകൾ തമ്മിൽ ബലാബലം നോക്കുന്ന ജില്ലാതല ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
രണ്ടും ചേർന്നപ്പോൾ ഒരു കാര്യം ഉറപ്പായി. എല്ലാതലത്തിലുള്ള കളിക്കാർക്കും അവസരം വരികയാണ്. ക്ലബ്ബുകളും അസോസിയേഷനുകളും പ്രവർത്തനനിരതമാവുന്നു. സംസ്ഥാന സീനിയർ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് കേരള ഫുട്‌ബോളിന്റെ പഴയകാല ഉൾക്കരുത്ത് തിരിച്ചു വരുത്താനുള്ള വഴിയാകുമെന്ന് ഉറപ്പാണ്. കോട്ടയവും തൃശൂരും ഇടുക്കിയും ആലപ്പുഴയുമാണ് സെമിയിൽ എത്തിയത്. ഇതുവരെ ഉണ്ടായിരുന്ന സമവാക്യങ്ങൾ മാറിയാണ് ടീമുകൾ സെമിയിൽ എത്തിയത്. നിലവിൽ കോട്ടയമാണ് ചാമ്പ്യന്മാർ. പഴയകാലത്തെ പ്രധാനികളായ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളും അടുത്ത കാലത്ത് ശക്തമായ മലപ്പുറം, കാസർകോട് ടീമുകളെയും പുറം തള്ളിയാണ് മറ്റു ജില്ലകളുടെ കടന്നു കയറ്റം. ഇത് കേരള ഫുട്‌ബോളിൽ പുതിയ കളിക്കാർക്ക് അവസരങ്ങൾ നേടിയെടുക്കാനും വളർന്നു വരുവാനും സഹായകമാകും.

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.