സമ്പാദ്യ ശീലത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ലോകമെമ്പാടും ഉള്ള രാജ്യങ്ങൾ ഇന്ന് ലോക സമ്പാദ്യ ദിനം ആചരിക്കുന്നു. ആദ്യ ദിനാചരണം നടന്നത് ഇറ്റലിയിലെ മിലാനോയിലാണ്. ഇറ്റാലിയൻ പ്രൊഫസർ ഫിലിപ്പോ റാവിസ്സയാണ് ആദ്യ ലോക സമ്പാദ്യ ദിനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പലപ്പോഴും ചെറിയ നിക്ഷേപങ്ങളാണ് വലിയ സമ്പത്തിലേക്കുള്ള മുതൽക്കൂട്ടാകാറുള്ളത്. വീടുകളിൽ കുമിഞ്ഞു കൂടുന്ന പണം ബാങ്കിൽ സൂക്ഷിക്കുന്നതിന് വ്യക്തികളുടെ ഇടയിൽ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു ദിനാചരണം തുടങ്ങിയത് തന്നെ. ഇന്ന് ലോകമെമ്പാടുമുള്ള ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ലോക സമ്പാദ്യ ദിനം ആചരിക്കുന്നു. കുടുംബത്തിന്റെ ഐശ്വര്യത്തിനു മാത്രമല്ല രാജ്യപുരോഗതിക്കും സമ്പാദ്യ ശീലം വളര്‍ത്തേണ്ട പ്രാധാന്യം ചൂണ്ടിക്കാട്ടി ഈ ദിവസം ലോകമെമ്പാടും ബോധവൽക്കരണ പരിപാടികളും മറ്റും സംഘടിപ്പിക്കാറുണ്ട്.
പണം സമ്പാദിക്കുക എന്നത് എന്തിനേക്കാളും പ്രധാന്യമുള്ള കാര്യമാണ്. സാമ്പത്തിക രംഗത്ത് അടിക്കടിയുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍, പിടിച്ചു കെട്ടാന്‍ സാധിക്കാത്ത വിലക്കയറ്റങ്ങള്‍, പണത്തിന് മൂല്യം കുറയല്‍ തുടങ്ങിയ സാധാരണക്കാരന് കയ്യില്‍ നില്‍ക്കാത്ത കാര്യങ്ങളാണ് ഇന്നത്തെ ലോകത്ത് നടക്കുന്നത്. ഇതിനാല്‍ ഭാവിയിലേക്കുള്ള സമ്പാദ്യം അതിപ്രധാനമാണ്. അത്യാവശ്യ സമയത്തും വിരമിക്കലിന് ശേഷവും പണം വേണ്ടതാണെന്ന ചിന്തയില്‍ ചെലവ് ചുരുക്കലും അതോടൊപ്പമുള്ള നിക്ഷേപവും ആവശ്യമാണ്.
പോക്കറ്റിൽ പണം ഉണ്ടാകുമ്പോൾ ലഭിക്കുന്ന സുരക്ഷിതത്വ ബോധം ചെറുതല്ല. ജീവിതത്തിൽ എപ്പോഴാണ് വലിയൊരു തുകയുടെ ചെലവ് വരുന്നതെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധ്യമല്ല. വാഹനാപകടം, ആശുപത്രി ചെലവുകള്‍, വീട് അറ്റകുറ്റപണി, വിവാഹങ്ങൾ തുടങ്ങിയ ചെലവുകള്‍ അപ്രതീക്ഷിതമാണ്. ഇതിനായി എമര്‍ജന്‍സി ഫണ്ട് എന്ന രീതിയില്‍ നല്ലൊരു തുക പ്രത്യേകം കരുതേണ്ടതുണ്ട്. അത്യാഹിതം സംഭവിച്ചാലും അതിനെ നേരിടാനുള്ള സാമ്പത്തിക കരുത്ത് ഉറപ്പിക്കാനകും.
കുഞ്ഞുനാളിലെ സമ്പാദ്യ ശീലം വളർത്തേണ്ടത് അനിവാര്യം. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും നൽകുന്നതിനൊപ്പം സമ്പാദ്യശീലത്തെക്കുറിച്ചും പണം എങ്ങിനെ സൂക്ഷിച്ച് ഉപയോഗിക്കാം എന്നതിനെക്കുറിച്ചും കൃത്യമായ പഠനം നൽകണം. പണത്തിന്റെ മൂല്യത്തെപ്പറ്റിയും അതു പാഴാക്കാതെ കാര്യക്ഷമമായി ഉപയോഗിക്കേണ്ടതിനെപ്പറ്റിയുമുള്ള അറിവ് ഭാവിയില്‍ സാമ്പത്തികകാര്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കുട്ടികളെ സഹായിക്കും. സാമ്പാദ്യ ശീലത്തെയോ പണം കൈകാര്യം ചെയ്യുന്നതിനെയോ പറ്റി വേണ്ടത്ര പഠനങ്ങൾ ഇന്നത്തെ പാഠ്യ പദ്ധതികളില്‍ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ അധ്യാപകരെക്കാള്‍ കൂടുതൽ ഇടപെടാൻ കഴിയുന്നത് മാതാപിതാക്കൾക്കാണ്. സമ്പാദ്യത്തിന്റെ ബാലപാഠങ്ങള്‍ കുഞ്ഞുകുടുക്കയില്‍ തുടങ്ങാം. കുട്ടികള്‍ക്കു കിട്ടുന്നതിന്റെ ഒരു പങ്കു കുടുക്കയില്‍ നിക്ഷേപിക്കാന്‍ പ്രോല്‍സാഹിപ്പിക്കുക. കുടുക്കയിലൂടെ വലിയ ലക്ഷ്യങ്ങള്‍ നല്‍കിയും കുടുക്ക പൊട്ടിക്കുന്നത് ആഘോഷമാക്കിയും കുട്ടിയില്‍ സമ്പാദിക്കാനുള്ള താൽപര്യം കൂട്ടാവുന്നതാണ്. വീട്ടാവശ്യങ്ങള്‍ക്കായുള്ള അടുക്കള ഷോപ്പിങ്ങില്‍ കുട്ടിയെയും പങ്കാളിയാക്കാം. ഇതിലൂടെ കുട്ടിക്കു സാമ്പത്തിക ക്രയവിക്രയങ്ങള്‍ മനസ്സിലാക്കാനാകും. കൃഷി പരിപാലനം പോലുള്ള ചെറിയ ജോലികള്‍ ചെയ്യുന്നതിനു കുട്ടിക്കു ചെറിയ തുകകള്‍ കൂലിയായി നൽകുകയും ആ തുക നല്ലരീതിയില്‍ കുട്ടി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയുംചെയ്യണം. സ്‌കൂള്‍ ഫീസ് കൊടുക്കാനും യാത്രയ്ക്കും ഭക്ഷണത്തിനുമെല്ലാമായി പണം വേണ്ടി വരുന്ന കാലത്ത് നടത്തുന്ന പണമിടപാടുകള്‍ പണത്തിന്റെ മൂല്യത്തെക്കുറിച്ച് കുട്ടിക്കുള്ള ബാലപാഠങ്ങളായിരിക്കണം. ഒരു പരിധി വരെ പണമിടപാടുകളുടെ കാര്യത്തില്‍ കുട്ടികള്‍ക്കു പാകപ്പിഴകള്‍ സംഭവിക്കാം. ഈ കാലത്ത് കുട്ടികളെ എങ്ങനെയാണ് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിൽ കൊടുക്കുന്ന പരിശീലനത്തിനനുസരിച്ചായിരിക്കും പണത്തോടുള്ള കുട്ടികളുടെ കാഴ്ച്ചപ്പാട്.
പോക്കറ്റിലുള്ള തുക മാസം പകുതി പിന്നിടുമ്പോൾ പലർക്കും തീർന്നുപോകാറുണ്ട്. എങ്ങനെയൊക്കെയാണ് പണം ചിലവാകുക എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. ഇതിനായി ഓരോ ചെലവുകളെയും രേഖപ്പെടുത്തണം. ഇടപാടുകളെ സ്വയം രേഖപ്പെടുത്തുന്ന ആപ്പുകള്‍ ഇന്നുണ്ട്. ഇതില്‍ തന്നെ ഷോപ്പിംഗ്, ഭക്ഷണം തുടങ്ങിയ ഇനങ്ങളെ വ്യത്യസ്തമായി തരം തിരിക്കും. ഇത് ഉപയോഗിച്ച് ചെലവ് കൂടുന്നത് എവിടെയന്നും എവിടെ മുറുകെ പിടിക്കണമെന്നും സ്വയം വിലയിരുത്തല്‍ നടത്താനാകും.
രാജ്യത്തിനും സസ്ഥാനത്തിനും മാത്രമല്ല ബജറ്റ്. വ്യക്തികള്‍ കുടുംബ ജീവിതത്തില്‍ ബജറ്റ് അനിവാര്യമാണ്. മാസത്തില്‍ മുന്‍കൂട്ടി അറിയാവുന്ന ചെലവുകളെ തരംതിരിച്ച് പണം മാറ്റിവെയ്ക്കുക. ഓരോ മാസത്തിലും ആവശ്യം അനുസരിച്ച് ബജറ്റ് പുതുക്കാം. ഇതോടെ മാസത്തില്‍ നല്ലൊരു തുക നിക്ഷേപത്തിനായി മിച്ചം പിടിക്കാനാകും.
വായ്പ എടുക്കുക എന്നത് മോശം പ്രവണതയല്ല. ബുദ്ധിപരമായി വായ്പയെടുക്കുകയാണ് വേണ്ടത്. മാസ വരുമാനത്തിന്റെ 40 ശതമാനത്തില്‍ കൂടുതല്‍ ഇഎംഐ വരാത്ത തരത്തില്‍ വായ്പയെടുക്കുക. ഉദാഹരണത്തിന് 30,000 രൂപ മാസ വരുമാനമുള്ളൊരാള്‍ 12 ‚000 രൂപയില്‍ കൂടുതല്‍ ഇഎംഐ വരുത്തി വെയ്ക്കരുത്.
ഭക്ഷണം , വസ്‌ത്രം തുടങ്ങിയവയിൽ വരുമാനമനുസരിച്ച് ശീലങ്ങൾ ലളിതമാക്കണം. പണം ലാഭിക്കുന്നതിന് അച്ചടക്കവും ക്ഷമയും ആവശ്യമാണ്. ദൈനംദിന ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ, ജീവിതത്തിലെ സാമ്പത്തിക കാര്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയും. പണം ലാഭിക്കുന്നതിനുള്ള ഏറ്റവും മികച്ച രീതിയൽ ചെലവുകൾ ശ്രദ്ധിക്കാനും കഴിയും. ലളിതമായ ശീലങ്ങളിലൂടെ കാലക്രമേണ സാമ്പത്തികത്തിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.