
സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. മഹാരാജാസ് സ്റ്റേഡിയത്തില്‍ ഫോഴ്സ കൊച്ചി എഫ്‌സിയെ പകരക്കാരനായി എത്തിയ അഫ്‌സല്‍ നേടിയ ഗോളിനാണ് തൃശൂര്‍ മാജിക് എഫ്‌സി തോല്‍പ്പിച്ചത്. ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. നാല് റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ തൃശൂര്‍ (ഒന്‍പത് പോയന്റ്) ഒന്നാം സ്ഥാനത്തും ഒരു പോയിന്റ് പോലും നേടാനാകാതെ കൊച്ചി അവസാനസ്ഥാനത്തുമാണ്. പത്താം മിനിറ്റിലാണ് മത്സരത്തില്‍ ഗോള്‍ ലക്ഷ്യമാക്കിയുള്ള ആദ്യ ഷോട്ട് പിറന്നത്. തൃശൂരിന്റെ ലെനി റോഡ്രിഗസ് ബോക്‌സിന് പുറത്തു നിന്ന് പറത്തിയ ഷോട്ട് കൊച്ചിയുടെ അണ്ടര്‍ 23 ഗോള്‍ കീപ്പര്‍ മുഹമ്മദ് മുര്‍ഷിദ് കോര്‍ണര്‍ വഴങ്ങി രക്ഷിച്ചു.
മത്സരം 15 മിനിറ്റ് തികയും മുന്‍പ് കൊച്ചിയുടെ സ്പാനിഷ് താരം റാമോണ്‍ ഗ്രാസ്യ പരിക്കേറ്റ് കളംവിട്ടത് അവര്‍ക്ക് തിരിച്ചടിയായി. പകരമെത്തിയത് മലയാളി താരം ഗിഫ്റ്റി ഗ്രേഷ്യസ്. ഇരുപത്തിയഞ്ചാം മിനിറ്റില്‍ ഗിഫ്റ്റിയുടെ താഴ്ന്നുവന്ന ഷോട്ട് തൃശൂര്‍ ഗോളി കമാലുദ്ധീന്‍ പ്രയാസപ്പെട്ട് തടഞ്ഞിട്ടു. മുപ്പത്തിരണ്ടാം മിനിറ്റില്‍ ഫ്രീകിക്കിന് പിന്നാലെ ലഭിച്ച പന്ത് ലെനി റോഡ്രിഗസ് പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചെങ്കിലും കൊച്ചി കീപ്പര്‍ മുര്‍ഷിദ് ക്രോസ് ബാറിന് മുകളിലൂടെ തട്ടിയകറ്റി. ആദ്യപകുതി അവസാനിക്കാനിരിക്കെ മാര്‍ക്കസ് ജോസഫിന്റെ ക്ലോസ് റെയിഞ്ച് ഹെഡ്ഡറും മുര്‍ഷിദ് തടഞ്ഞിട്ടു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സെര്‍ബിയക്കാരന്‍ ഇവാന്‍ മാര്‍ക്കോവിച്ചിനെ പിന്‍വലിച്ച തൃശൂര്‍ ഉമാശങ്കറിനെ കൊണ്ടുവന്നു.
പിന്നാലെ അന്‍പത്തിയൊന്നാം മിനിറ്റില്‍ തൃശൂരിന് മികച്ച അവസരം. എസ് കെ ഫയാസ് വലതുവിങില്‍ നിന്ന് നല്‍കിയ ക്രോസിന് മാര്‍ക്കസ് ജോസഫ് തലവെച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. സജീഷിനെ പിന്‍വലിച്ച കൊച്ചി നിജോ ഗില്‍ബര്‍ട്ടിനും എസ് കെ ഫായാസിന് പകരം തൃശൂര്‍ ഫൈസല്‍ അലിക്കും അവസരം നല്‍കി. എണ്‍പതാം മിനിറ്റില്‍ കൊച്ചിയുടെ മുഷറഫിനെ ഫൗള്‍ ചെയ്ത ബിബിന്‍ അജയന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. കളി സമനിലയിലേയ്ക്ക് നീങ്ങുകയാണെന്ന് കൊച്ചി ആരാധകര്‍ വിശ്വസിച്ച നിമിഷങ്ങളായിരുന്നു പിന്നീട്. ഒരു പോയിന്റ് നേടി അക്കൗണ്ട് തുറക്കുന്നത് സ്വപ്‌നംകണ്ട ഫോഴ്‌സയെ തൊണ്ണൂറാം മിനിറ്റില്‍ നേടിയ ഗോളിലൂടെ തൃശൂര്‍ മാജിക് എഫ് സി തകര്‍ത്തു. മാധ്യനിരയില്‍ നിന്ന് ലഭിച്ച ത്രൂബോളുമായി കുതിച്ച അഫ്‌സല്‍ കൊച്ചി ഗോളിയുടെ കൈകള്‍ക്ക് ഇടയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ ഹോംമത്സരത്തിലും രണ്ടാം പകുതിയുടെ അവസാന മിനിട്ടില്‍ വഴങ്ങിയ ഗോളിലാണ് ഫോഴസ കൊച്ചി തോല്‍വി വഴങ്ങിയത്. അഞ്ചാം റൗണ്ടിലെ ആദ്യമത്സരത്തില്‍ ഞായറാഴ്ച കാലിക്കറ്റ് എഫ്‌സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ രാത്രി 7.30 ന് കിക്കോഫ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.