25 November 2024, Monday
KSFE Galaxy Chits Banner 2

‘ഹഡിൽ ഗ്ലോബൽ 2024’ ന് 28ന് തുടക്കം

Janayugom Webdesk
തിരുവനന്തപുരം
November 25, 2024 10:01 pm

കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബൽ 2024ന്റെ ആറാം പതിപ്പിന് 28ന് കോവളത്ത് തുടക്കമാകും. ത്രിദിന സമ്മേളനം 28ന് വൈകിട്ട് നാലിന് കോവളം ലീല റാവിസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സെഷനു മുൻപായി സ്റ്റാർട്ടപ്പ് പ്രതിനിധികളുമായി മുഖ്യമന്ത്രി സംവദിക്കും.
ഡീപ്ടെക്, ആർ ആന്റ് ഡി സ്റ്റാർട്ടപ്പുകൾ എന്നിവയിൽ നിന്നുള്ള അത്യാധുനിക പരിഹാരങ്ങൾ 30 വരെ നടക്കുന്ന സമ്മേളനത്തിലെ മുഖ്യ ആകർഷണമായിരിക്കുമെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്റെ കരുത്തുറ്റ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ മികവ് പ്രകടിപ്പിക്കാനും കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും ആഗോള ബിസിനസ് പങ്കാളിത്തം ഉറപ്പിക്കുന്നതിനുമുള്ള സാധ്യതകൾക്ക് ഹഡിൽ ഗ്ലോബൽ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ, ഇൻഫോസിസ് സഹസ്ഥാപകനും സംസ്ഥാന സർക്കാരിന്റെ ഹൈപവർ ഐടി കമ്മിറ്റി വൈസ് ചെയർമാനുമായ എസ് ഡി ഷിബുലാൽ, നബാർഡ് ചെയർമാൻ ഷാജി കെ വി എന്നിവർ ഉദ്ഘാടന സെഷനിലെ വിശിഷ്ടാതിഥികളാണ്. എമർജിങ്ടെക് സോൺ, ഡീപ്ടെക് സോൺ എന്നിങ്ങനെ വിഭാവനം ചെയ്തിരിക്കുന്ന എക്സ്പോയിൽ സ്റ്റാർട്ടപ്പുകൾക്ക് ഉല്പന്നങ്ങൾ ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിന് വേദിയാകും. വിജ്ഞാന സെഷനുകൾ, ഡീപ്ടെക് സ്റ്റാർട്ടപ്പ് എക്സ്പോ, ഡീപ്ടെക് സ്റ്റുഡന്റ് ഇന്നൊവേഷൻസ് തുടങ്ങിയ പരിപാടികൾ ഡീപ്ടെക് സോണിന്റെ ഭാഗമായി നടക്കും. പ്രായോഗിക അനുഭവങ്ങളിലൂടെ സാങ്കേതികവിദ്യയുടെ ഭാവിസാധ്യതകൾ മനസിലാക്കുന്നതിന് പരിപാടി അവസരമൊരുക്കും. ഊർജം, ആരോഗ്യസംരക്ഷണം, ഡിജിറ്റൽ മീഡിയയും വിനോദവും, ഭക്ഷണവും കൃഷിയും, ബഹിരാകാശം തുടങ്ങി അഞ്ച് മേഖലയിലെ മുന്നേറ്റങ്ങൾ എമർജിങ് ടെക്നോളജി സോണിൽ പ്രദർശിപ്പിക്കും. 

കൃഷി, ബഹിരാകാശം, വ്യവസായ മേഖല എന്നിവയിലെ പുത്തൻ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട മൂന്ന് റൗണ്ട് ടേബിൾ ചർച്ചകളും ഹഡിൽ ഗ്ലോബൽ 2024ന്റെ ഭാഗമായി നടക്കും. മന്ത്രി പി രാജീവ് വ്യവസായ മേഖലയുമായി ബന്ധപ്പെട്ട ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകളിലൂടെ (ജിസിസി) ലഭ്യമാകുന്ന ബിസിനസ് സാധ്യതകളെ കുറിച്ച് സംസാരിക്കും. നിക്ഷേപകർ, ഫണ്ട് ഓഫ് ഫണ്ട് പ്രതിനിധികൾ, മറ്റ് സ്റ്റേക്ക് ഹോൾഡേഴ്സ് എന്നിവരുമായുള്ള റൗണ്ട് ടേബിൾ ചർച്ചയിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ സംസാരിക്കും. വിദ്യാഭ്യാസമേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ, ഡീപ്ടെക് ടാലന്റുകൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു സംസാരിക്കും. 

ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പ് മേഖലയിലെ വിദഗ്ധർ, ഇന്നൊവേറ്റേഴ്സ്, ഉപദേഷ്ടാക്കൾ, ഫണ്ടിങ് ഏജൻസികൾ തുടങ്ങിയവർ സമ്മേളനത്തിന്റെ ഭാഗമാകും. ആഗോള സാസ് ദാതാവായ സോഹോ കോർപറേഷന്റെ സ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പു, പ്രമുഖ ചരിത്രകാരനും കലാ-സാഹിത്യ നിരൂപകനുമായ വില്യം ഡാൽറിംപിൾ എന്നിവർ മുഖ്യപ്രഭാഷകരാണ്. ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ എന്നിവരും പ്രഭാഷകരിൽ ഉൾപ്പെടും. 

TOP NEWS

November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.