7 December 2025, Sunday

Related news

December 6, 2025
October 9, 2025
September 20, 2025
September 19, 2025
September 18, 2025
August 11, 2025
March 26, 2025
March 26, 2025
March 20, 2025
February 28, 2025

ഷിപ്പിങ്, ലോജിസ്റ്റിക്സ്, ഫിഷറീസ് മേഖലകളിൽ വൻ വികസന സാധ്യത

കേരള‑യൂറോപ്യൻ യൂണിയൻ ദ്വിദിന ബ്ലൂ ഇക്കോണമി കോൺക്ലേവിന് തുടക്കം 
Janayugom Webdesk
തിരുവനന്തപുരം
September 18, 2025 10:37 pm

ഷിപ്പിങ്, ലോജിസ്റ്റിക്സ്, ഫിഷറീസ്, വിദ്യാഭ്യാസം, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ കേരളത്തിന് വൻ വികസന സാധ്യതകളാണുള്ളതെന്ന് ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർവ് ഡെൽഫിൻ. കേരള‑യൂറോപ്യൻ യൂണിയൻ ബ്ലൂ ഇക്കോണമി ക്ലോൺക്ലേവിന്റെ ആദ്യദിവസം കേരളത്തിന്റെ തീര, മത്സ്യ മേഖലയുടെ സാധ്യതകളെക്കുറിച്ച് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പ് പ്രതിനിധികൾ യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികളുമായി നടന്ന ചർച്ചയിലാണ് ഈ അഭിപ്രായമുയർന്നത്. ദ്വിദിന സമ്മേളനത്തിന് കോവളത്ത് തുടക്കമായി. സമ്മേളനത്തിൽ ചർച്ച ചെയ്യേണ്ട പ്രധാന വിഷയങ്ങൾക്കുള്ള രൂപരേഖ തയ്യാറാക്കുന്നതിനായി ഫിഷറീസ് സാംസ്കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാൻ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘവുമായി സമ്മേളനത്തിന്റെ ആദ്യ ദിവസം ചർച്ച നടത്തി. ഫിഷറീസ്, തുറമുഖം, വിദ്യാഭ്യാസം, വൈദ്യുതി, ടൂറിസം തുടങ്ങിയ വകുപ്പുകളുടെ സെക്രട്ടറിമാർ പദ്ധതികൾ അവതരിപ്പിച്ചു. കോൺക്ലേവിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് കോവളം ദി ലീല റാവിസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും, കേരളത്തിന്റെ ഭാവി വികസന സാധ്യതകളെയും പുതിയ പദ്ധതികൾ എങ്ങനെ ആവിഷ്കരിക്കാമെന്നതിനെയും കുറിച്ച് സമഗ്രമായ ചർച്ച നടന്നുവെന്ന് തുടർന്ന് നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. സ്ഥിരതയാർന്ന മത്സ്യബന്ധനം, മത്സ്യകൃഷി, സമുദ്ര സമ്പത്ത് പരിപാലനം എന്നിവയിൽ സംസ്ഥാനത്തിനുള്ള അർപ്പണ മനോഭാവമാണ് ഈ കോൺക്ലേവ് തെളിയിക്കുന്നത്. യൂറോപ്യൻ യൂണിയനും കേന്ദ്ര സർക്കാരും സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെ കേരളത്തിന്റെ തീരദേശ സമൂഹത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് സാധിക്കും. പങ്കാളിത്ത അടിസ്ഥാനത്തിലുള്ള മത്സ്യബന്ധന മാനേജ്മെന്റിനും സമുദ്ര ഗവേഷണത്തിനും തുടക്കമിട്ട കേരളത്തിന് നീല സമ്പദ് വ്യവസ്ഥയിൽ അഭിമാനകരമായ ചരിത്രമുണ്ട്. സുസ്ഥിര മത്സ്യകൃഷി, തീരദേശ പ്രതിരോധം എന്നിവയിൽ സംസ്ഥാനം മാതൃകയാണെന്നും അദ്ദേഹം വിശദമാക്കി. 

ഇന്ത്യയുമായുള്ള സഹകരണം വിവിധ മേഖലകളിൽ വ്യാപിച്ചു കിടക്കുന്നതാണെന്ന് ഹെർവ് ഡെൽഫിൻ പറഞ്ഞു. നീല സമ്പദ് വ്യവസ്ഥയിൽ രാജ്യത്തിന്റെ കാഴ്ചപ്പാടുകൾ നടപ്പാക്കുന്നതിനും പരസ്പരം നേട്ടങ്ങൾ ഉണ്ടാക്കുന്നതിനും പുറമേ സമുദ്രമേഖലയിലെ യൂറോപ്യൻ യൂണിയന്റെ വൈദഗ്ധ്യം, നിക്ഷേപ ശേഷി, സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നിവ ലഭ്യമാക്കാനുള്ള വേദി കൂടിയാണ് കേരള‑യൂറോപ്യൻ യൂണിയൻ കോൺക്ലേവെന്നും ഹെർവ് ഡെൽഫിൻ കൂട്ടിച്ചേർത്തു. വിശാലമായ തീരപ്രദേശം, സജീവമായ തുറമുഖങ്ങൾ, സമുദ്രഗവേഷണം, മത്സ്യകൃഷി, പുനരുപയോഗ ഊർജ്ജം എന്നീ മേഖലകളിൽ ഇന്ത്യയ്ക്കുള്ള വൈദഗ്ധ്യം നീല സമ്പദ് വ്യവസ്ഥയിൽ രാജ്യത്തെ ആഗോള നേതൃസ്ഥാനത്തേക്ക് ഉയർത്തുന്നതാണെന്ന് പ്രതിനിധി സംഘം വിലയിരുത്തി. ബെൽജിയം അംബാസഡർ ഡിഡിയർ വാൻഡെർഹാസെൽറ്റ്, ബൾഗേറിയ അംബാസഡർ നിക്കോളായ് യാങ്കോവ്, ഡെൻമാർക്ക് അംബാസഡർ റാസ്മസ് അബിൽഡ് ഗാർഡ് ക്രിസ്റ്റൻറെൻ, ഫിൻലാൻഡ് അംബാസഡർ കിമ്മോ ലാഹ്ഡെവിർട്ട, ഹംഗറി അംബാസഡർ ഇസ്ത്വാൻ സാബോ, ഇറ്റലി അംബാസഡർ അൻറോണിയോ എൻറിക്കോ ബർട്ടോളി, മാൾട്ട ഹൈക്കമ്മീഷണർ റൂബൻ ഗൗസി, പോളണ്ട് നിയുക്ത അംബാസഡർ ഡോ. പിയോട്ടർ സ്വിതാൽസ്കി, സ്ലൊവാക്യ അംബാസഡർ റോബർട്ട് മാക്സിയൻ, സ്പെയിൻ അംബാസഡർ ജുവാൻ അൻറോണിയോ മാർച്ച് പുജോൾ, റൊമാനിയ അംബാസഡർ സെന ലത്തീഫ്, സംസ്ഥാന ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അബ്ദുൾ നാസർ ബി, ഫിഷറീസ് ഡയറക്ടർ ചെൽസാസിനി വി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.