
കയറ്റുമതിയിൽ വൻഇടിവ് വന്നതോടെ സമുദ്രോല്പന്ന മേഖല പ്രതിസന്ധിയിൽ. ഏതാനം മാസങ്ങളായി ചൈനയിലേക്കും അമേരിക്കയിലേക്കുമുള്ള കയറ്റുമതിയിൽ കുറവുണ്ടായതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. കണ്ടെയ്നറുകൾ തിരിച്ചയക്കുന്നതും വിലക്കുറവും കാരണം വ്യവസായികൾ കയറ്റുമതിയിൽ നിന്നും പിന്മാറിയതും പ്രതിസന്ധി രൂക്ഷമാക്കി. കൂടാതെ മത്സ്യസംസ്കരണ കയറ്റുമതി വ്യവസായികൾ അയൽ സംസ്ഥാനങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾ തുറന്നതും തിരിച്ചടിയായി. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലേക്ക് പലരും തട്ടകം മാറ്റി. കേരളത്തിലെ ഇരുപതിലധികം പേരുടെ സ്ഥാപനങ്ങൾ നിലവിൽ മറ്റ് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
കയറ്റുമതിയിൽ മുൻപന്തിയിൽ നിൽക്കുന്ന വനാമി ചെമ്മീൻ കേരളത്തിൽ ഉല്പാദനമില്ലാത്തതിനാൽ തമിഴ്‌നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളെയാണ് വ്യവസായികൾ ആശ്രയിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് ചെമ്മീൻ കേരളത്തിലെത്തിച്ച് സംസ്ക്കരിച്ച് കയറ്റുമതി ചെയ്യുന്നത് ഭാരിച്ച ചെലവാണ്. മറ്റു സംസ്ഥാനങ്ങളിൽ വ്യാപകമായി കൃഷിചെയ്യുന്ന വനാമി ചെമ്മീൻ അവിടെ നിന്നും സംസ്കരിച്ച് അവിടുന്നുതന്നെ കയറ്റിയയക്കാനായാൽ ചെലവ് കുറയ്ക്കാമെന്ന് വ്യവസായികൾ പറയുന്നു.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മത്സ്യസംസ്കരണ കയറ്റുമതി സ്ഥാപനങ്ങൾ ഓരോന്നായി അന്തർ സംസ്ഥാനങ്ങളിലേക്ക് പറിച്ചുനട്ടാൽ ഈ മേഖലയിൽ വൻ തൊഴിൽ നഷ്ടം ഉണ്ടാകും. വ്യവസായത്തെ പിടിച്ചുനിർത്താൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾ പട്ടിണിയിലാകുമെന്ന് തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ സാമ്പത്തികവർഷം 6500 കോടിയുടെ വിദേശനാണ്യം സംസ്ഥാനത്തിന് നേടിക്കൊടുത്ത വ്യവസായം ഇല്ലാതാകുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയതായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
തൊഴില്‍ നഷ്ടം
സംസ്ഥാനത്ത് അരൂരിലാണ് കൂടുതൽ സമുദ്രോല്പന്ന കയറ്റുമതി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഇവയുടെ കീഴിൽ നിരവധി പീലിങ് ഷെഡുകൾ, ഐസ് പ്ലാന്റുകൾ, കാർട്ടൻ കമ്പനികളും തുടങ്ങി വ്യവസായ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.
സംസ്ഥാനത്തെ ആയിരത്തോളം പീലിങ് ഷെഡ്ഡുകളുടെ പ്രവർത്തനം സ്തംഭനാവസ്ഥയിലായി. ട്രോളിങ് നിരോധനത്തിന് മുമ്പ് തന്നെ അപൂർവ്വം ഷെഡ്ഡുകൾ മാത്രമാണ് ഭാഗികമായി പ്രവർത്തിച്ചിരുന്നത്. ഓരോ പീലിങ് ഷെഡ്ഡിനെയും ആശ്രയിച്ച് 30 മുതൽ 200 വരെ തൊഴിലാളികളുണ്ട്. ഇത്തരത്തിൽ 30, 000 മുതൽ 40, 000 പേർ വരെ ഈ മേഖലയിൽ തൊഴിലെടുത്തിരുന്നു. 100 ശതമാനവും സ്ത്രീത്തൊഴിലാളികളാണ് മേഖലയിലുള്ളത്.
English Summary:Huge drop in exports; The seafood sector is in crisis
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.