സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങയില്‍ വന്‍ ലഹരി മരുന്നുവേട്ട. മാരക മയക്കുമരുന്നായ അരക്കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു.
കൊടുവള്ളി വാവാട് പുല്‍ക്കുഴിയില്‍ മുഹമ്മദ് മിഥിലാജ് (28), ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ നടുവിന്‍പീടിക ജാസിം അലി (26), പുതിയപീടിക അഫ്താഷ് (29) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 492 ഗ്രാം എംഡിഎംഎ പിടികൂടി. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണ് ഇത്. ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ മുത്തങ്ങ തകരപ്പാടിയില്‍ വച്ചാണ് മൂന്നംഗ സംഘം പിടിയിലായത്. വാഹനപരിശോധനക്കിടെ കര്‍ണാടക ഭാഗത്തുനിന്നെത്തിയ കാറിലെ യാത്രക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
കാറിനുള്ളില്‍ മ്യൂസിക് സിസ്റ്റത്തിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. മൂവരും ചേര്‍ന്ന് ആറ് ലക്ഷം രൂപ നല്‍കിയാണ് എംഡിഎംഎ ബംഗളൂരുവില്‍ നിന്നും വാങ്ങിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കോഴിക്കോട് നിന്നും മിഥിലാജ് വാടകക്കെടുത്തതായിരുന്നു. പിടിയിലായവര്‍ വയനാട്ടിലെ കോളജുകള്‍ കേന്ദ്രീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കുന്നവരില്‍ പ്രധാനികളാണെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് പറഞ്ഞു. ഇതിനുപുറമെ കോഴിക്കോടും കൊടുവള്ളിയും കേന്ദ്രീകരിച്ചും എംഡിഎംഎ വില്പന നടത്തുന്നവരാണിവര്‍.
106 ഗ്രാം എംഡിഎംഎ കാട്ടികുളത്ത് പിടികൂടിയതായിരുന്നു ഇതിനുമുമ്പുള്ള ഏറ്റവും വലിയ മയക്കുമരുന്നുവേട്ട. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ അമ്പതു ലക്ഷം രൂപ വിലമതിക്കും. മിഥിലാജ്, അഫ്താഷ് എന്നിവരുടെ പേരില്‍ മുമ്പും വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ടന്ന് പൊലീസ് പറഞ്ഞു.
ജില്ലയിലേക്ക് മയക്കുമരുന്ന് കടത്തുന്ന മൊത്തക്കച്ചവടക്കാരില്‍ പ്രധാനികളാണ് ഇവര്‍. ഇതില്‍ കണ്ണികളായിട്ടുളള മറ്റുള്ളവരെ പിടികൂടാനുള്ള അന്വേഷണത്തിലാണ് പൊലീസ്. ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് ഇവര്‍ക്ക് നല്‍കുന്ന സംഘത്തെപറ്റിയുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്.
ചില്ലറ വില്പന നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത്രയധികം എംഡിഎംഎയുമായി മൂവര്‍സംഘം പിടിയിലാകുന്നത്.
കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുത്തങ്ങയില്‍ പൊലീസ് വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എസ്ഐയുടെ നേതൃത്വത്തിലാണ് പരിശോധന. അതിര്‍ത്തിയില്‍ കാമറ നിരീക്ഷണവും ശക്തമാക്കി. കര്‍ണാടക, തമിഴ‌്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ ലഹരി കടത്തുന്നതിനായുള്ള പ്രധാനപാതയായാണ് മുത്തങ്ങയെ ലഹരിമാഫിയ ഉപയോഗിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 1291 ലഹരിമരുന്ന് കേസാണ് ഇവിടെ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളുടെ എണ്ണം വയനാട്ടിലൂടെയുള്ള ലഹരിക്കടത്തിന്റെ വ്യാപ്തി തെളിയിക്കുന്നു.
English Summary: Huge drug hunt in Sultanbatheri
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.