
പൊന്നാനിയിൽ വന്‍ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണറാക്കറ്റ് പിടിയിൽ. കോടികളുടെ ഇടപാടുകള്‍ നടത്തി ആഢംബരജീവിതം നയിച്ചിരുന്ന സംഘത്തിലെ പ്രധാനി അടക്കമുള്ളവരാണ് പിടിയിലായത്. ഒരു മാസം മുമ്പ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വന്‍ റാക്കറ്റ് വലയിലായത്.
പൊന്നാനി പൊലീസ് ഇൻസ്പെക്ടർ എസ് അഷറാഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പൊന്നാനി പോത്തന്നൂർ സ്വദേശി മൂച്ചിക്കൽ വീട്ടിൽ ഇർഷാദിനെ (39) ദിവസങ്ങളോളം രഹസ്യ നിരീക്ഷണത്തിലാക്കിയാണ് കസ്റ്റഡിയിൽ എടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ സാമ്രാജ്യമാണ് വെളിപ്പെട്ടത്. ഇർഷാദ് നടത്തി വരുന്ന പൊന്നാനി സി വി ജങ്ഷനിലെ വിദേശ വിദ്യാഭ്യാസ റിക്രൂട്ടിങ് സ്ഥാപനത്തിൽ നടത്തിയ പരിശോധനയില്‍ വിതരണത്തിനായി എത്തിയ സംസ്ഥാനത്തിന് പുറത്തുള്ള വിവിധ യുണിവേഴ്സിറ്റികളുടെ നൂറിലേറെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും പൊലീസ് പിടിച്ചെടുത്തു. തുടർന്ന് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി സഹായങ്ങൾ ചെയ്യുന്ന പുറത്തൂർ നമ്പ്യാരത്ത് വീട്ടിൽ രാഹുൽ (30). തിരൂർ പയ്യാരങ്ങാടി ചാലു പറമ്പിൽ വീട്ടിൽ നിസാർ (31) എന്നിവരെയും പിടികൂടി.
അറസ്റ്റിലായ പ്രതികള്‍ പൊന്നാനി സബ് ജയിലില്‍ റിമാന്റിലായിരുന്നു. തുടര്‍ന്ന് മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം നെടുമങ്ങാട് മണകോട് സ്വദേശി ജസീം മൻസിലിൽ ജസീം ആണ് ഇവര്‍ക്ക് സർട്ടിഫിക്കറ്റുകൾ എത്തിച്ചുനല്‍കുന്നതെന്നതെന്ന് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വ്യാജ സർട്ടിഫിക്കറ്റുകള്‍ നിർമിച്ച് നൽകുന്നത് ഡാനി എന്ന ആളാണെന്ന സൂചന ലഭിച്ചത്. എന്നാല്‍ ഒരിക്കലും തന്നിലേക്ക് അന്വേഷണം എത്താതിരിക്കാൻ വേണ്ടി ഡാനി ആർക്കും യഥാർത്ഥ ചിത്രമോ മേൽവിലാസമോ നൽകിയിരുന്നില്ല. തമിഴ്‌നാട് പൊള്ളാച്ചിയിൽ വീട് വാടകയ്ക്ക് എടുത്ത് തമിഴ്‌നാട് സ്വദേശികളായ ആളുകളെ ഉപയോഗിച്ച് ഇയാള്‍ വ്യാജ സർട്ടിഫിക്കറ്റ് പ്രിന്റിങ് പ്രസ് നടത്തുന്ന വിവരം കണ്ടെത്തി. പൊള്ളാച്ചിയിലെ വാടക വീട് റെയ്ഡ് ചെയ്തപ്പോള്‍ കെട്ടുകണക്കിന് മാർക്ക് ലിസ്റ്റുകൾ സർട്ടിഫിക്കറ്റുകൾ എന്നിവ പിടിച്ചെടുത്തു. ഒരു ലക്ഷത്തിലധികം വ്യാജ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാനുള്ള വിവിധ യൂണിവേഴ്സിറ്റികളുടെ മുദ്രയോട് കൂടിയ സർട്ടിഫിക്കറ്റ് പേപ്പറുകളും ഹോളോ ഗ്രാമം സീലുകളും വൈസ് ചാൻസിലർമാരുടെ സീലുകളും അത്യാധുനിക രീതിയിൽ ഉള്ള കമ്പ്യൂട്ടറുകളും പ്രിന്ററും പൊലീസ് പിടിച്ചെടുത്തു. പ്രസ്സിലെ തൊഴിലാളികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഡാനി എന്ന വ്യാജ പേരിൽ അറിയപ്പെടുന്നത് മലപ്പുറം ജില്ലയിലെ തിരൂർ മീനടത്തൂർ സ്വദേശി നെല്ലിക്കതറയിൽ ധനീഷ് (37) എന്നയാളാണെന്ന് സൂചന ലഭിച്ചത്. 2013ൽ ധനീഷ് കല്പകഞ്ചേരിയിൽ വച്ച് വ്യാജ സർട്ടിഫിക്കറ്റുമായി പിടിയിലായി തിരൂർ സബ് ജയിലിൽ റിമാൻഡിൽ ആയിരുന്ന വിവരം ലഭിച്ചു.
ധനീഷ് തിരൂരിൽ കോടികളുടെ ആഡംബര വീടും പൂനയിൽ റണ്ട് ഫൈവ് സ്റ്റാർ ബാറുകളും അപ്പാർട്ട്മെന്റുകളും ഗൾഫിൽ അപ്പാർട്ട്മേറ്റുകളും കോടികളുടെ ബിസിനസ് സ്ഥാപനവും ഉൾപ്പെടെ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ശിവകാശി സ്വദേശികളായ ജൈനുൽ ആബിദ്ദീൻ (40), അരവിന്ദ് (24), വെങ്കിടേഷ് (24) എന്നിവരെയും അറസ്റ്റ് ചെയ്തു. ഇവര്‍ പ്രസിലെ ജീവനക്കാരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.