ബിജെപി സര്‍ക്കാരിന്റെ മുഖമുദ്രയായ ന്യൂനപക്ഷ വിരുദ്ധതതയും വിവേചനരഹിതമായ പ്രവര്‍ത്തനങ്ങളും രാജ്യത്ത് അശാന്തിയുടെ കരിനിഴല്‍ വീഴ്ത്തിയെന്ന് ഹ്യുമന്‍ റൈറ്റ്സ് വാച്ച്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമം, വ്യാപകമായ നശീകരണ പ്രവണത എന്നിവ 2023ലും തുടര്‍ന്നതായി സംഘടനയുടെ വേള്‍ഡ് റിപ്പോര്‍ട്ട് 2024 ല്‍ ചൂണ്ടിക്കാട്ടുന്നു. മോഡി സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ ലോകരാജ്യങ്ങളുടെ തലപ്പത്ത് എത്താനുള്ള അവസരം ഇന്ത്യക്ക് നഷ്ടമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമര്‍ശകരെയും സന്നദ്ധ പ്രവര്‍ത്തകരെയും തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന മോഡി സര്‍ക്കാര്‍ രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ വിജയം കണ്ടു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ചോദ്യംചെയ്യുന്നവരെ വേട്ടയാടുകയും ജയിലില്‍ അടയ്ക്കുകയും ചെയ്യുന്ന കിരാതത്വമാണ് രാജ്യത്ത് അരങ്ങ് തകര്‍ക്കുന്നതെന്നും ഹ്യുമന്‍ റൈറ്റ്സ് വാച്ച് ഏഷ്യ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സംഘടനയുടെ 740 പേജ് വരുന്ന വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സ്വതന്ത്ര ചിന്തകര്‍ തുടങ്ങി നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയും സര്‍ക്കാര്‍ നടപടികളെ ചോദ്യം ചെയ്യുകയും ചെയ്യുന്നവരെ അന്യായമായി അറസ്റ്റ് ചെയ്ത് ഭീഷണിപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. മാധ്യമ സ്ഥാപനങ്ങള്‍ അടക്കമുള്ളവയെ വിദേശനാണ്യ വിനിമയ നിയമത്തിന്റെ ലംഘനം നടത്തിയെന്ന വ്യാജ കേസുകളില്‍ കുരുക്കുന്ന രീതി മോഡിസര്‍ക്കാരിന്റെ രണ്ടാം ഘട്ടത്തിലും ആവര്‍ത്തിച്ചു.
മോഡി ഡോക്യുമെന്ററിയുടെ പേരില്‍ എഫ‌്സിആര്‍എ ലംഘനം നടത്തിയെന്ന് ആരോപിച്ച് ബിബിസി ഓഫിസ് റെയ്ഡ് ചെയ്യുകയും മോഡി സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്തെ വിവിധയിടങ്ങളില്‍ നടന്ന വംശീയ ലഹള, മണിപ്പൂര്‍ കലാപം അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും നയങ്ങള്‍ കാരണമായി. ഹരിയാനയിലെ നൂഹില്‍ നടന്ന മുസ്ലിം വേട്ടയും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. തീവ്രഹിന്ദുത്വ നിലപാടും അപരമത വിദ്വേഷവും ന്യൂനപക്ഷ വിരുദ്ധതയും എതിര്‍ക്കുന്നവരെ നിശബ്ദരാക്കുന്ന ഫാസിസ്റ്റ് നിലപാടുകളും മോഡി സര്‍ക്കാര്‍ അനുസ്യൂതം തുടരുന്നത് ഭാവിയിലേക്കുള്ള ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയായി മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary; Human Rights Watch report; Violence and violation of rights increased in Modi regime
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.