
താമസാനുമതി നിയമലംഘനങ്ങളും വീസ ക്രമക്കേടുകളും തടയുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായി, കുവൈത്തിലെ റുമൈത്തിയ റസിഡൻഷ്യൽ ഏരിയയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനം അധികൃതർ പൂട്ടിച്ചു. മനുഷ്യക്കടത്തിലും അനധികൃത വീസ സംഘടിപ്പിക്കുന്നതിലും സ്ഥാപനത്തിന് പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള റസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പരിശോധന നടത്തിയത്.
വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനായി കുവൈത്ത് പൗരന്മാരുടെ ഒരു ശൃംഖലയെ സ്ഥാപനം ഉപയോഗിച്ചിരുന്നു. ഈ പൗരന്മാരെ തൊഴിലുടമകളായി രേഖകളിൽ കാണിച്ച് വ്യാജ വീസ സംഘടിപ്പിച്ച് തൊഴിലാളികളെ കുവൈത്തിൽ എത്തിച്ച ശേഷം, സ്ഥാപനം ഇവരെ മറ്റ് വ്യക്തികൾക്ക് കൈമാറ്റം ചെയ്യുകയായിരുന്നു. ഈ കൈമാറ്റത്തിനായി ഒരു ഏഷ്യൻ തൊഴിലാളിക്ക് 1,200 മുതൽ 1,300 കുവൈത്തി ദിനാർ വരെ സ്ഥാപനം ഈടാക്കിയതായും, വീസകൾ സംഘടിപ്പിക്കുന്നതിന് സഹായിച്ച പൗരന്മാർക്ക് ഓരോ തൊഴിലാളിക്കും 50 മുതൽ 100 കുവൈത്തി ദിനാർ വരെ കമ്മീഷനായി ലഭിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഈ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട എല്ലാവരെയും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മനുഷ്യക്കടത്തിനോ പ്രവാസി തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനോ ഒരു തരത്തിലുള്ള സഹിഷ്ണുതയുമില്ലെന്നും, കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.