18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

വിദേശരാജ്യങ്ങളിലേക്കുള്ള മനുഷ്യക്കടത്ത്; ഗുജറാത്ത് മുഖ്യ കേന്ദ്രം

*ഇഡി അന്വേഷണത്തില്‍ ഗുരുതരമായ കണ്ടെത്തല്‍
Janayugom Webdesk
ന്യൂഡല്‍ഹി
March 6, 2025 10:08 pm

അനധികൃത കുടിയേറ്റക്കാരെ അമേരിക്കയില്‍ നിന്ന് വിലങ്ങണിയിച്ച് നാടുകടത്തുന്നതിനിടെ ഗുജറാത്താണ് രാജ്യത്തെ മനുഷ്യക്കടത്തിന്റെ പ്രമുഖ കേന്ദ്രമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).

രാജ്യമാകെയുളള 4,000 മുതല്‍ 4,500 വരെയുള്ള ഏജന്റുമാരില്‍ 2,000 പേരും ഗുജറാത്തിലാണ് താവളം ഉറപ്പിച്ചിരിക്കുന്നതെന്നും ഇഡി ഇഡി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്തില്‍ നിന്നുള്ള ഏജന്റുമാര്‍ വഴിയാണ് 150 ഇന്ത്യക്കാര്‍ കനേഡിയന്‍ അതിര്‍ത്തി വഴി അമേരിക്കയില്‍ എത്തിയതെന്നും ഇഡി കണ്ടെത്തി. അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ യുഎസില്‍ നിന്നും നാടുകടത്തിയ ഇന്ത്യക്കാരില്‍ 11 പേര്‍ക്ക് ഇഡി നോട്ടീസയച്ചു. 

വിദ്യാര്‍ത്ഥി വിസയിലാണ് ഗുജറാത്തിലെ ഏജന്റുമാര്‍ മനുഷ്യക്കടത്ത് നടത്തുന്നത്. വ്യാജ വിദ്യാര്‍ത്ഥി വിസയില്‍ കാനഡയില്‍ എത്തുന്ന ഇവരെ യുഎസ് അതിര്‍ത്തി കടക്കാനുള്ള സൗകര്യമൊരുക്കുന്നതും ഇവരാണ്. കളളക്കടത്തും മറ്റ്ന്യൂഡല്‍ഹി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടെന്നും ഇഡി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഡങ്കി റൂട്ടുകള്‍ വഴി യുഎസിലേക്ക് ആളുകളെ എത്തിക്കുന്നതിന് വേണ്ടി വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ആളുകളെ തെരഞ്ഞെടുക്കുന്ന ഏജന്റുമാര്‍ മുതല്‍ യുഎസ് യാത്രയ്ക്കിടയിലെ വിവിധ രാജ്യങ്ങളിലെ ദല്ലാളുമാര്‍ വരെ വലിയൊരു സംഘം കുടിയേറ്റക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യയില്‍ നിന്നും വിമാനത്തില്‍ തുടങ്ങുന്ന യാത്ര പിന്നീട് കാല്‍നടയായി കാടുകളും പുഴകളും പിന്നിട്ട് മെക്‌സികോ വഴി യുഎസിലേക്ക് എത്തുന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. യുഎസില്‍ നിന്നും അമൃത്സര്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തിയവരില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം അടിസ്ഥാനപ്പെടുത്തിയാല്‍ ഏകദേശം 44 കോടിയിലധികം രൂപയുടെ ഇടപാടാണ് ട്രാവല്‍ ഏജന്‍സികള്‍ മുഖേന നടന്നിട്ടുള്ളത്. യുഎസ് യാത്രക്കായി ഒരു വ്യക്തി ശരാശരി 40–50 ലക്ഷം രൂപ ചെലവിട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. 

2021 നവംബറിനും 2024 ജുലൈ മാസത്തിനും ഇടയില്‍ ഏജന്റുമാരും കനേഡിയന്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സാമ്പത്തിക ഇടപാടിന്റെ 12,000 രേഖകള്‍ അന്വേഷണ ഏജന്‍സിയുടെ പക്കലുണ്ട്. ഇന്ത്യയില്‍ നിന്നുള്ള നാല് സാമ്പത്തിക സ്ഥാപനങ്ങള്‍ വഴിയാണ് ഇടപാട് നടന്നിരിക്കുന്നത്. 2023 ലെ കണക്കനുസരിച്ച് അമേരിക്കന്‍ അനധികൃത കുടിയേറ്റക്കാരില്‍ ഗുജറാത്ത് സ്വദേശികളാണ് ഭൂരിപക്ഷവും എന്ന് കണ്ടെത്തിയിരുന്നു. ആകെയുള്ള 67,391 കുടിയേറ്റക്കാരില്‍ 41,330 പേരും ഗുജറാത്ത് സ്വദേശികളായിരുന്നു.

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയയ്ക്കാന്‍ തീരുമാനിച്ചത്. 345 ഇന്ത്യക്കാരെ ഇതിനോടകം ഇന്ത്യയിലെത്തിച്ചു. ഇന്ത്യക്കാരെ കുറ്റവാളികളെപോലെ വിലങ്ങണിയിച്ച് ഇന്ത്യയില്‍ എത്തിച്ചത് വ്യാപക വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.