9 December 2025, Tuesday

Related news

December 7, 2025
December 5, 2025
November 27, 2025
November 23, 2025
November 23, 2025
November 21, 2025
November 21, 2025
October 31, 2025
October 31, 2025
October 29, 2025

ഗാസയിലെ മാനുഷിക സഹായ വിതരണം; താല്‍ക്കാലിക ഇടവേള പ്രഖ്യാപിച്ച് ഇസ്രയേല്‍

Janayugom Webdesk
ഗാസ സിറ്റി
June 16, 2024 10:07 pm

ഗാസയിലെ മാനുഷിക സഹായ വിതരണത്തിനായി പ്രതിദിനം 12 മണിക്കൂര്‍ താല്‍ക്കാലിക ഇടവേള പ്രഖ്യാപിക്കുമെന്ന് ഇസ്രയേല്‍. രാവിലെ എട്ട് മണിമുതല്‍ വെെകിട്ട് ഏഴ് മണിവരെ തെക്കന്‍ റാഫയില്‍ തന്ത്രപരമായ ഇടവേളകളുണ്ടാകുമെന്ന് സെെ­ന്യം അറിയിച്ചു. ഈ സമയങ്ങളില്‍ കെെരെം ഷാലോം അതിര്‍ത്തി വഴി സലാ ദിന്‍ റോഡിലൂടെ ഗാസയിലേക്ക് പ്രവേശിക്കാനാണ് സഹായ ട്രക്കുകള്‍ക്ക് അനുമതി ലഭിക്കുക. ഹൈവേയിലൂടെ നീങ്ങുന്ന ട്രക്കുകൾക്ക് സൈന്യം സുരക്ഷയൊരുക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. താല്‍ക്കാലിക ഇടവേളയെ യുദ്ധ വിരാമമായി കണക്കാക്കരുതെന്നും ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി.
അതേസമയം, താല്‍ക്കാലിക വെടിനിര്‍ത്തല്‍ തീരുമാനത്തെ തീവ്ര വലതുപക്ഷക്കാരനായ ദേ­ശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ അപലപിച്ചു. സൈനികർ യുദ്ധത്തിൽ കൊല്ലപ്പെടുമ്പോൾ മാനുഷിക സഹായം എത്തിക്കുന്നതിന് തന്ത്രപരമായ വിരാമം അനുവദിച്ചവര്‍ വിഡ്ഢികളാണെന്ന് ബെന്‍ ഗ്വിര്‍ പറഞ്ഞു. 

മേയ് ആദ്യം ഇസ്രയേല്‍ പ്രതിരോധ സേന റാഫയില്‍ ആക്രമണം വ്യാപിപ്പിച്ചതിനു പിന്നാലെയാണ് കെെരം ഷാലോം അതിര്‍ത്തി വഴിയുള്ള സഹായ വിതരണം നിലച്ചത്. എട്ട് മാസത്തെ ഇസ്രയേല്‍ ആക്രമണം ഗാസയെ ഗുരുതരമായ മാനുഷിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. സഹായവിതരണം തടഞ്ഞതോടെ ലക്ഷക്കണക്കിനാളുകള്‍ പട്ടിണിയിലാണെന്ന് യുഎന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. യുഎന്നിന്റെ കണക്കുകള്‍ പ്രകാരം മേയ് ആറ് മുതല്‍ ജൂണ്‍ ആറ് വരെ, ഒരു ദിവസം ശരാശരി 68 ട്രക്കുകള്‍ ഗാസയിലെത്തിയിരുന്നു. ഏപ്രിലില്‍ 168 ട്രക്കുകളായിരുന്നു എത്തിയത്. 

സെെന്യത്തിന്റെ അനുവാദത്തോടെ തീവ്ര വലതുപക്ഷ സംഘങ്ങള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. എന്നാല്‍ സഹായ വിതരണത്തിന് യാതൊരു വിധ തടസവുമില്ലെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ട്രക്കുകളുടെ പ്രവേശനത്തിന് നിയന്ത്രണങ്ങളൊന്നുമില്ലെന്ന് ഗാസയിലെ സഹായ വിതരണത്തിന് മേൽനോട്ടം വഹിക്കുന്ന ഇസ്രയേലി സൈനിക സംഘടനയായ കോഗറ്റ് അവകാശപ്പെടുന്നു. മേയ് രണ്ട് മുതല്‍ ജൂണ്‍ 13 വരെ 8600ത്തിലധികം ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിച്ചതായും സംഘടന പറയുന്നു. അതായത് ഒരു ദിവസം ശരാശരി 201 ട്രക്കുകള്‍. എന്നാല്‍ ട്രക്കുകള്‍ അതിര്‍ത്തി കടന്നെത്തുന്നുണ്ടെങ്കിലും ഭൂരിഭാഗവും ലക്ഷ്യസ്ഥാനത്തെത്തുന്നില്ലെന്നതാണ് വസ്തുത. 

Eng­lish Summary:Humanitarian aid dis­tri­b­u­tion in Gaza; Israel announced a tem­po­rary pause
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.