19 December 2024, Thursday
KSFE Galaxy Chits Banner 2

ഹോട്ടലുകള്‍ക്ക് ശുചിത്വ നിലവാര സര്‍ട്ടിഫിക്കറ്റ്

Janayugom Webdesk
July 2, 2022 10:05 pm

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ശുചിത്വ നിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങി. ആകെ 673 സ്ഥാപനങ്ങളാണ് ശുചിത്വനിലവാര സര്‍ട്ടിഫിക്കറ്റിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് തിരഞ്ഞടുത്തത്. അതില്‍ ഇതുവരെ 519 ഹോട്ടലുകള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. തിരുവനന്തപുരം അഞ്ച്, കൊല്ലം 36, പത്തനംതിട്ട 19, ആലപ്പുഴ 31, കോട്ടയം 44, ഇടുക്കി 20, എറണാകുളം 57, തൃശൂര്‍ 59, പാലക്കാട് 60, മലപ്പുറം 66, കോഴിക്കോട് 39, വയനാട് 12, കണ്ണൂര്‍ 46, കാസര്‍കോട് 25 എന്നിങ്ങനെയാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ബാക്കിയുള്ളവ പരിശോധനകളുടെ വിവിധ ഘട്ടങ്ങളിലാണ്. 

ശുചിത്വ നിലവാര സര്‍ട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാക്കും. ഇതോടൊപ്പം ഭക്ഷ്യസുരക്ഷാ വകുപ്പ് പുതുതായി സജ്ജമാക്കുന്ന ആപ്പിലൂടെയും തൊട്ടടുത്തുള്ള മികച്ച ഹോട്ടലുകളറിയാന്‍ സാധിക്കും. പരിശോധനകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ശേഷം മൂന്ന് മുതല്‍ അഞ്ച് വരെ നക്ഷത്ര നിലവാരമാണ് അടയാളപ്പെടുത്തുക. കടകള്‍ വലുതോ ചെറുതോ എന്നതല്ല സുരക്ഷിതമായ ഭക്ഷണവും വൃത്തിയുള്ള സാഹചര്യവുമാണ് വളരെ പ്രധാനം. വൃത്തിയോടൊപ്പം നാല്‍പ്പതോളം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിലവാരം നിശ്ചയിക്കുക. 

അഞ്ച് നക്ഷത്ര നിലവാരമുള്ള സ്ഥാപനങ്ങള്‍ പച്ച, നാല് നക്ഷത്ര നിലവാരമുള്ളവ നീല, മൂന്ന് നക്ഷത്ര നിലവാരമുള്ളവ മഞ്ഞ വിഭാഗങ്ങളില്‍ ഉള്‍പ്പെടും. അപേക്ഷ നല്‍കിയ സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അടങ്ങുന്ന പ്രത്യേകസംഘം ആദ്യ ഓഡിറ്റും എഫ്എസ്എസ്എഐയുടെ നേതൃത്വത്തില്‍ അവസാനഘട്ട ഓഡിറ്റും നടത്തിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

Eng­lish Summary:Hygiene stan­dard cer­tifi­cate for hotels
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.