
റഫാൽ യുദ്ധവിമാനങ്ങളെ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കാതെ വ്യോമസേന. കുനാൽ ശുക്ല നല്‍കിയ വിവരാവകാശ അപേക്ഷ സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി നിരസിച്ചു. അഞ്ച് റഫാൽ വിമാനങ്ങൾ നിലവിൽ സർവീസിലുണ്ടോ എന്ന ചോദ്യത്തിന് സേന മറുപടി നൽകാൻ വിസമ്മതിക്കുകയായിരുന്നു, ഇതോടെ വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറി. നേരത്തെ ഇന്ത്യന്‍ റഫാല്‍ യുദ്ധവിമാനം തകര്‍ത്തതായി പാകിസ്ഥാന്‍ സൈന്യം അവകാശപ്പെട്ടിരുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് കുനാൽ വിവരാവകാശ അപേക്ഷ നൽകിയത്. അഞ്ച് റഫാൽ വിമാനങ്ങളുടെ തിരിച്ചറിയൽ നമ്പറുകൾ നൽകി, ഇവ നിലവിൽ പ്രവർത്തനക്ഷമമാണോ എന്ന് മാത്രമായിരുന്നു ചോദ്യം. വിമാനങ്ങൾ എവിടെയാണ് വിന്യസിച്ചിരിക്കുന്നത്, ഏത് സ്ക്വാഡ്രന്റെ ഭാഗമാണ്, ആരാണ് പൈലറ്റുമാർ തുടങ്ങിയ രഹസ്യ വിവരങ്ങളൊന്നും താൻ ചോദിച്ചിട്ടില്ലെന്ന് കുനാൽ പറയുന്നു.
വിവരാവകാശ നിയമത്തിലെ സെക്ഷൻ 8(1)(എ) പ്രകാരം ഈ വിവരങ്ങൾ കൈമാറാൻ കഴിയില്ലെന്നായിരുന്നു വ്യോമസേനയുടെ മറുപടി. ഇത്തരം വിവരങ്ങൾ പുറത്തുവിടുന്നത് ഇന്ത്യയുടെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുമെന്നും, ഇതിൽ വലിയ പൊതുതാല്പര്യമില്ലെന്നും മറുപടിയിൽ പറയുന്നു.
ഒരു നിശ്ചിത സമയത്ത് എത്ര യുദ്ധവിമാനങ്ങൾ പറക്കാൻ തയ്യാറാണ് എന്ന വിവരം ശത്രുരാജ്യങ്ങൾക്ക് ലഭിക്കാൻ ഇത് ഇടയാക്കും. ഏതൊക്കെ വിമാനങ്ങൾ അറ്റകുറ്റപ്പണിയിലാണ് എന്ന വിവരം സേനയുടെ കരുത്തിനെക്കുറിച്ചുള്ള സൂചന നൽകുമെന്നും മറുപടിയിലുണ്ട്. അതേസമയം വിവരങ്ങൾ നിഷേധിച്ചതിനെതിരെ അപ്പീൽ നൽകുമെന്ന് കുനാല്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.