കുട്ടികളുടെ ആരോഗ്യം — വിദ്യാഭ്യാസം എന്നിവ പരിപോഷിപ്പിക്കാന്‍ ആരംഭിച്ച ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്മെന്റ് സര്‍വീസ് (ഐസിഡിഎസ്) പദ്ധതി പരാജയത്തിലേക്ക്. 1975ല്‍ രാജ്യത്ത് ആരംഭിച്ച പദ്ധതി ഇപ്പോള്‍ തട്ടിയുംതടഞ്ഞുമാണ് മുന്നോട്ട് നീങ്ങുന്നത്.
മോഡി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷമാണ് പദ്ധതി ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചത്. ബജറ്റ് വിഹിതം വെട്ടിക്കുറച്ചാണ് മോഡി സര്‍ക്കാര്‍ കുട്ടികളുടെ ആരോഗ്യ — വിദ്യാഭ്യാസ പദ്ധതിയുടെ കഴുത്തുഞെരിച്ചത്. 2019–21ലെ ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ രാജ്യത്തെ 35 ശതമാനം കുട്ടികളും വളര്‍ച്ചാ മുരടിപ്പ് നേരിടുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. ഉയരത്തിന് ആനുപാതികമായ തൂക്കം ഉണ്ടാകുന്നില്ലന്നായിരുന്നു കണ്ടെത്തിയത്.
കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ 1993ല്‍ ദേശീയ പോഷകാഹര പദ്ധതി (എന്‍എന്‍പി) ആവിഷ്കരിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൃഷിയിടത്തില്‍ നിന്നും തീന്‍മേശയിലേക്ക് എന്ന മുദ്രാവാക്യവും അന്നത്തെ സര്‍ക്കാര്‍ ആവിഷ്കരിച്ചിരുന്നു. കുട്ടികളിലെ പോഷകാഹര സുരക്ഷ ഉറപ്പുവരുത്താന്‍ എല്ലാ മന്ത്രാലയങ്ങളോടും നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി ധാന്യം, പയര്‍വര്‍ഗം, പഴം, പച്ചക്കറി ഉല്പന്നങ്ങള്‍ക്ക് കാര്‍ഷിക മന്ത്രാലയം താങ്ങുവിലയും പ്രഖ്യാപിച്ചിരുന്നു.
ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താനും കുട്ടികളുടെ പോഷകാഹാര ദൗര്‍ലഭ്യം ഇല്ലാതാക്കാനും വേണ്ടിയുള്ള ബജറ്റ് വിഹിതത്തിലെ ഗണ്യമായ വെട്ടിക്കുറവാണ് ഐസിഡിഎസ് പദ്ധതിയുടെ അന്തകനായി മാറിയത്. 2023–24 സാമ്പത്തിക വര്‍ഷം ഭക്ഷ്യ ഐസിഡിഎസ് പദ്ധതി തുകയില്‍ 40 ശതമാനം ബജറ്റ് വിഹിതമാണ് വെട്ടിക്കുറച്ചതെന്ന് ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് അങ്കണവാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. 2023–24 ല്‍ സബ്സിഡി ഇനത്തില്‍ ആകെ 89,000 കോടി രൂപയാണ് വകയിരുത്തിയത്. ഇത് അങ്കണവാടികളുടെ സുഗമമായ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചു. കുട്ടികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കാന്‍ മതിയായ തുക ലഭിക്കാറില്ലെന്നും നേതാക്കള്‍ പ്രതികരിച്ചു.
ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് നല്‍കിയിരുന്ന സബ്സിഡി തുകയിലും മോഡി സര്‍ക്കാര്‍ വെട്ടിക്കുറവ് വരുത്തി. 2023–24ല്‍ 2,14,697 കോടി വകയിരുത്തിയ സ്ഥാനത്ത് 2024 ‑25ലേക്ക് വകയിരുത്തിയത് 1,37, 207 കോടി മാത്രം. സബ്സിഡി ഇനത്തില്‍ എഫ‌്സിഐക്ക് 36 ശതമാനം തുക വെട്ടിക്കുറച്ചു. പ്രധാനമന്ത്രി മാതൃ വന്ദന യോജനയില്‍ 40.15 കോടി, ഉച്ചഭക്ഷണ പദ്ധതിയായ പ്രധാനമന്ത്രി പോഷണ്‍ പദ്ധതിയില്‍ 1,200 കോടി രൂപ വീതം വെട്ടിക്കുറച്ചു.
2023ല്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ സംസ്ഥാനത്തെ അങ്കണവാടികളില്‍ 65,911 സ്ഥാപനങ്ങളില്‍ 21,686 ഇടത്ത് ശൗചാലയവും 33,146 ഇടങ്ങളില്‍ വൈദ്യുതിയും ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് കേരളവും തമിഴ്നാടും ഒഴികെയുള്ള സംസ്ഥാനങ്ങളുടെ അവസ്ഥ. വികസിത ഭാരതം, ബേട്ടി ബച്ചാവോ — ബേട്ടി പഠാവോ, ഭക്ഷ്യ സുരക്ഷാ പൗരന്റെ അവകാശം തുടങ്ങിയ പ്രഖ്യാപനങ്ങള്‍ നിരന്തരം മുഴക്കുന്ന മോഡി ഭരണത്തിലാണ് രാജ്യത്തെ അങ്കണവാടികള്‍ ദുരിതവഴി താണ്ടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.