
ഊർജത്തിന്റെ ഉറവിടം അഥവാ തറവാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഇന്ന് അരനൂറ്റാണ്ട് തികയുന്നു. മനുഷ്യശക്തികൊണ്ട് മഹാവിസ്മയം പകരുന്ന ഇത്തരത്തിലൊരു നിർമ്മിതി അപൂർവമാണ്.
കേരളത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും കാർഷിക വ്യവസായ മേഖലകളെ പുരോഗതിയിലേക്കും നയിച്ചതില്‍ സുപ്രധാന പങ്ക് വഹിച്ചത് ഇടുക്കി ജലവൈദ്യുത പദ്ധതിയാണ്. അക്കാലത്ത് തിരുവനന്തപുരത്ത് മാത്രമാണ് ഡീസൽ ഇന്ധനമാക്കി വൈദ്യുതി ഉല്പാദിപ്പിച്ചിരുന്നത്. 1940കളിൽ രാജപ്രതിനിധിയായിരുന്ന സർ സി പി രാമസ്വാമി ബ്രിട്ടീഷ് കോളനിയായിരുന്ന മൂന്നാർ സന്ദർശിക്കാനെത്തിയപ്പോഴാണ് വേണമെങ്കിൽ വെള്ളത്തിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാം എന്ന സാങ്കേതിക വിദ്യ കേട്ടറിഞ്ഞത്. സർ സിപി രാജാവിന് ഒരു റിപ്പോർട്ട് തയ്യാറാക്കി നൽകി. ഇതേത്തുടർന്നാണ് കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ പ്രവർത്തന സജ്ജമായത്.
1922ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യുജെ ജോൺ മൃഗവേട്ടയ്ക്കായി ഇടുക്കിയുടെ ഹരിത മനോഹര നിബിഡവനത്തിലെത്തിയിരുന്നു. ജോണിന് തുണയായത് കരുവെള്ളയാൻ ചെമ്പൻ കൊലുമ്പനെന്ന ആദിവാസി ഗോത്ര മൂപ്പനായിരുന്നു. ഒരു ദിവസം കൊലുമ്പൻ മാനംമുട്ടി നിൽക്കുന്ന രണ്ട് കരിമ്പാറ കൂട്ടങ്ങൾക്കിടയിലൂടെ പാൽപ്പത കണക്കേ കുതിച്ചൊഴുകുന്ന ദൃശ്യം ജോണിന് കാട്ടിക്കൊടുത്തു അവിടെ നിന്നാണ് ഇടുക്കി പദ്ധതിക്ക് തുടക്കമാകുന്നത്.
ജോൺ നൽകിയ റിപ്പോർട്ടുകൾ പല തവണ തിരുവിതാംകൂർ രാജഭരണം തള്ളിക്കളഞ്ഞു.
സ്വാതന്ത്ര്യാനന്തരം ഇഎംഎസ് മുഖ്യമന്ത്രിയായ സിപിഐ മന്ത്രിസഭയാണ് പിന്നീട് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നടപടിയെടുത്തത്. 1969 ഏപ്രിൽ 30ന് ശില പാകി. ഏഴ് വർഷം കൊണ്ട് കനേഡിയൻ കമ്പനിയുമായി ചേർന്നു നിര്‍മ്മിച്ച പദ്ധതി 1976 ഫെബ്രുവരി 12ന് നാടിന് സമർപ്പിച്ചത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയായിരുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ട്, ഉയരം കൊണ്ട് രാജ്യത്തെ രണ്ടാമത്തേത്, ലോകരാജ്യങ്ങളിൽ 36-ാമത്തേത് തുടങ്ങി ബഹുമതികളെല്ലാം ഇ മനുഷ്യനിർമ്മിത മഹാത്ഭുതത്തെ തേടിയെത്തി എന്നത് നിസാര കാര്യമല്ല. നിലവിൽ കേരളത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ നാലിൽ മൂന്നും ഇടുക്കി പദ്ധതിയുടെ സംഭാവനയാണ്.
കരുവെള്ളയാൻ കൊലുമ്പൻ കാട്ടിക്കൊടുത്ത രണ്ട് കരിമ്പാറകെട്ടുകളാണ് കുറവൻ — കുറത്തി മലകൾ. 839 മീറ്ററാണ് കുറവൻ മലയുടെ ഉയരം, 925 മീറ്ററാണ് കുറത്തി മലയുടെ ഉയരം. ഈ കരിമ്പാറക്കെട്ടുകളെ കൂട്ടിയിണക്കി നിർമ്മിച്ച അണക്കെട്ടിന്റെ ഉയരം 555 മീറ്ററാണ്. ആദ്യഘട്ട നിർമ്മാണത്തിന് ചെലവായത് വെറും 110 കോടി.
കനേഡിയൻ സാമ്പത്തിക — സാങ്കേതിക സഹായത്തോടെ നിർമ്മിച്ച ഇടുക്കി പദ്ധതിയുടെ വൈദ്യുതോല്പാദന നിലയം മൂലമറ്റത്താണ്. പാറ തുരന്നുണ്ടാക്കിയ ഈ ഭൂഗർഭ നിലയം മറ്റൊരു വിസ്മയക്കാഴ്ചയാണ്.
ഇടുക്കി പദ്ധതിയുടെ പരമാവധി ഉല്പാദന ശേഷി നിലവിൽ 780 മെഗാ വാട്ടാണ്. സുവർണ ജൂബിലിയോടനുബന്ധിച്ച് ഇത് 2000 മെഗാവാട്ടാക്കി ഉയർത്താനുള്ള നീക്കമാണ് എൽഡിഎഫ് സർക്കാരും കെഎസ്ഇബിയും നടത്തുന്നത്. ഇത് പ്രാവർത്തികമാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ പദ്ധതിയായി ഇടുക്കി മാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.