
20% എഥനോള്‍ ചേര്‍ത്ത പെട്രോള്‍ (ഇ20) ഉപയോഗിക്കുമ്പോള്‍ വാഹനത്തിന്റെ മൈലേജില്‍ ആനുപാതിക കുറവുണ്ടാകുമെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ഉപയോഗിക്കുന്നത് വാഹനത്തിന് ദോഷമാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതോടെയാണ് ഇക്കാര്യത്തില്‍ കേന്ദ്ര പെട്രോളിയം ആന്റ് നാച്ചുറല്‍ ഗ്യാസ് മന്ത്രാലയം വ്യക്തത വരുത്തിയത്. പെട്രോളിനേക്കാള്‍ ഊര്‍ജ സാന്ദ്രത കുറഞ്ഞ എഥനോള്‍ കൂടി ചേര്‍ക്കുമ്പോള്‍ വാഹനത്തിന്റെ മൈലേജില്‍ ആനുപാതികമായ കുറവുണ്ടാകും. ഇ10, ഇ20 പെട്രോളിനായി ഡിസൈന്‍ ചെയ്ത വാഹനത്തില്‍ 1–2 % വരെയാണ് മൈലേജ് കുറയുക. മറ്റ് വാഹനങ്ങളില്‍ 3–6% വരെ മൈലേജ് കുറയുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഫലപ്രദമായി എഞ്ചിന്‍ ട്യൂണ്‍ ചെയ്യുന്നതിലൂടെയും ഇ20ക്ക് അനുസൃതമായ എന്‍ജിന്‍ ഘടകങ്ങള്‍ ഉപയോഗിക്കുന്നതിലൂടെയും ഇത് ഒഴിവാക്കാനാകും. ഇക്കാര്യം പ്രധാന വാഹന നിര്‍മ്മാതാക്കള്‍ ഇതിനോടകം ചെയ്തുവരികയാണ്. ഇ20 പെട്രോള്‍ ഉപയോഗിക്കുന്നത് മൂലം വാഹനത്തിന്റെ ഘടകങ്ങള്‍ തുരുമ്പെടുക്കുന്നത് ചില റബ്ബര്‍ ഭാഗങ്ങള്‍ മാറ്റിയാല്‍ പരിഹരിക്കാമെന്നും ഇവയ്ക്ക് വലിയ വിലയാകില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കരിമ്പ്, ചോളം, ബാര്‍ലി എന്നിവയുടെ കാര്‍ഷികാവശിഷ്ടത്തില്‍ നിന്ന് വാറ്റിയെടുക്കുന്ന എഥനോള്‍ (ഈഥൈല്‍ ആല്‍ക്കഹോള്‍) ചേര്‍ത്ത പെട്രോളാണിത്. 10% എഥനോള്‍ ചേര്‍ത്ത പെട്രോളിനെ ഇ10 എന്നും 20% ചേര്‍ത്തതിനെ ഇ20 എന്നും വിളിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.