17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 17, 2024
November 16, 2024
November 15, 2024
November 13, 2024
November 12, 2024
November 8, 2024
November 7, 2024
October 30, 2024
October 30, 2024

പെണ്ണിനുമുന്നിലെ ആഭാസക്കണ്ണുകള്‍

വിയാര്‍
August 17, 2022 10:48 pm

കോഴിക്കോട്ടെ ജഡ്ജിയെപ്പോലെ ആഭാസക്കണ്ണുള്ളവരുടെ മണ്ണായി കേരളം വളരുകയാണ്. മാറുമറയ്ക്കാനാവാത്ത കാലത്തുനിന്ന് മുലമുറിച്ച് മറുപടി നല്‍കി സ്ത്രീകളെ കൈപിടിച്ച് മുന്നോട്ട് നയിച്ചവരെ ചവിട്ടിമെതിക്കാന്‍ ന്യായാധിപന്മാരടക്കം തുനിഞ്ഞിരിക്കുന്നു. എന്തൊരു നാടാണിത്. എന്തൊരു ചിന്തയാണിവരുടേത്? കേവലം ഒരു ജില്ലാ ജഡ്ജിയിലൊതുങ്ങുന്നതല്ല ഈ ആഭാസത്തരം. വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് നടിക്കുകയും പുരോഗമനം വിഴുങ്ങുകയും ചെയ്യുന്നവര്‍ പോലും ഇത്തരം കണ്ണുകൊണ്ടാണ് സ്ത്രീ രൂപത്തെ നിരീക്ഷിക്കുന്നതും വിലയിരുത്തുന്നതും.

പ്രായം നോക്കിയല്ല, വൃത്തികെട്ട കണ്ണുകൊണ്ട് അളവും തൂക്കവും നോക്കി അവളെ സ്ത്രീയെന്നും പെണ്‍കുട്ടിയെന്നും വേര്‍ത്തിരിച്ച് വിശേഷിപ്പിക്കുന്ന മനോരോഗികള്‍. അവളുടുത്തിരിക്കുന്ന വസ്ത്രത്തിലെ ചുളിവും വിടവും സ്കാന്‍ ചെയ്ത് വിവരിക്കുന്നവര്‍. ടോപ്പിനുമുകളില്‍ ഷാളില്ലെങ്കില്‍ അടിമുടി വിറയല്‍ വരുന്നവര്‍. സഹപ്രവര്‍ത്തകരായാലും സഹോദരിയായാലും മുഖത്തുനോക്കി നാലക്ഷരം പറയാന്‍ ധൈര്യം കാണിക്കാത്തവര്‍. എന്നിട്ടും മേനിനടിക്കും സ്വയം മാന്യനെന്ന് കൊട്ടിഘോഷിച്ചുകൊണ്ടുതന്നെ. ഇവരൊക്കെയാണ് നവോത്ഥാന നാടിനെ വീണ്ടും വീണ്ടും പിറകോട്ട് കൊണ്ടുപോകുന്നത്.

സ്ത്രീക്കൊപ്പം പുരുഷനെ കണ്ടാല്‍, സ്ത്രീയും പുരുഷനും പരസ്പരം സംസാരിച്ചാല്‍ കണ്ണുമിഴിക്കുന്നവരും പൊലീസാകുന്നവരും പെരുകിവരുന്നത് ഇത്യാദി ജഡ്ജിമാരുടെ ലോകത്താണ്. ഷാളിട്ടില്ലെങ്കില്‍ പീഡിപ്പിക്കാം എന്ന നിയമപരമായ പഴുതുണ്ടാക്കിക്കൊടുക്കുന്ന ന്യായാധിപന്മാരുടെ ലോകത്ത്. സമൂഹത്തിന്റെ ഉന്നതിയില്‍, പ്രത്യേകിച്ച് ഭരണഘടനയുടെ സുപ്രധാന തൂണുകളിലൊന്നില്‍ അഭിരമിക്കുന്ന ഒരാളില്‍ നിന്ന് ഉണ്ടായ വ്യക്തിപരമായ പരാമര്‍ശമല്ല ഇത്. തുടര്‍ന്നാളുകളില്‍ പ്രതിക്കുവേണ്ടി കോടതിയില്‍ ഹാജരാവുന്ന അഭിഭാഷകര്‍ക്ക് വാദിക്കാവുന്ന നിയമപരമായ ഒന്നായി ഈ വിധിന്യായം രേഖയായിരിക്കുകയാണ്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന ഈ വിധി, നിയമപരമായി പിന്‍വലിക്കുകയല്ലാതെ ഇതില്‍ മറ്റുമോചനമില്ല, പരിഹാരവും.

സ്ത്രീയും പുരുഷനും തുല്യരാണെന്ന് അത്യുച്ഛത്തില്‍ പ്രഖ്യാപിക്കുകയും അതിനായി പൊരുതുകയും ചെയ്യുന്ന നാടാണ് കേരളം. എന്നാല്‍ ആ പോരാട്ട വേദിയിലടക്കം വേര്‍തിരിവില്ലെന്ന് പറയാനുമാവില്ല. മനുഷ്യരിലെ ജീവശാസ്ത്രപരമായ വ്യത്യാസത്തെ പുരുഷാധിപത്യം മുതലെടുക്കുകയാണിവിടെ. ലിംഗപരമായ സാമ്പത്തിക, അധികാര അസമത്വമാണ് പുരുഷന്‍ സ്ത്രീയേക്കാള്‍ മുകളിലാണെന്ന ധാരണ സ്വയം സൃഷ്ടിക്കുന്നത്. തനിക്ക് താല്പര്യമില്ലാത്ത ഘട്ടങ്ങളിലെല്ലാം സ്ത്രീകളുടെ വികാരത്തെ പുരുഷന്‍ ബോധപൂര്‍വം വ്രണപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

തൊഴില്‍ നിലവാരത്തില്‍ സ്ത്രീ പുരുഷനേക്കാള്‍ ഏറെ താഴെയാണെന്ന് അവരോട് സമൂഹം വിളിച്ചുപറയുകയാണ്. എന്നാല്‍ സ്ത്രീകളുടെ തൊഴില്‍ ശേഷിയും ശക്തിയും പരമാവധി ചൂഷണം ചെയ്യപ്പെടുന്നുമുണ്ട്. തൊഴില്‍ കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കുനേരെയാണ് അധികാരികളുടെ ആക്രോശവും കടന്നുകയറ്റവും. മനഃപൂര്‍വം ശക്തിശയിപ്പിക്കുന്ന കുതന്ത്രം പയറ്റുന്ന മുതലാളിത്തം സ്ത്രീക്ക് പുരുഷനേക്കാള്‍ തൊഴില്‍ നിലവാരമില്ലെന്ന് മുദ്രകുത്തുകയും കുറഞ്ഞ കൂലി കൊടുക്കുകയും ചെയ്യുന്നു. സ്ത്രീ-പുരുഷ സമത്വം ആവശ്യപ്പെടുന്നവര്‍ ഈ സാമ്പത്തിക വേര്‍ത്തിരിവില്‍ മൗനം പാലിക്കാനും മടിക്കുന്നില്ലെന്നതും വിരോധാഭാസമാണ്.

ലോകത്തുതന്നെ ഏറ്റവും ശ്രദ്ധേയവും മാതൃകയെന്ന് പലകുറി വിശേഷിപ്പിക്കപ്പെട്ടതുമാണ് കേരളത്തിലെ മാനവവികസന സൂചിക. പണ്ഡിതരും വിദ്യാഭ്യാസ വിചക്ഷണരും ആരോഗ്യ, പൊതുസേവകരും രാഷ്ട്രീയ സേവനസമ്പന്നരും വികസനരാജ്യങ്ങളുടെ താരതമ്യപഠനത്തില്‍ എക്കാലവും മികവോടെ നില്‍ക്കുന്നവരാണ്. ജനനമരണ നിരക്കിലും ഉന്നതവിദ്യാഭ്യാസത്തിലും എന്തിന് ലിംഗപദവി അസമത്വ സൂചികയില്‍പ്പോലും കേരളത്തില്‍ സ്ത്രീകളുടെ അനുപാതം ശ്രദ്ധേയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തൊഴില്‍, രാഷ്ട്രീയം എന്നിവയില്‍ മാത്രമാണ് ഒരുപടി പിന്നിലെന്ന് കണ്ടെത്തിയിട്ടുള്ളത്.

കേരളം പറയുന്നുണ്ട്, സുസ്ഥിര വികസന ലക്ഷ്യത്തില്‍ പാലിക്കേണ്ട പല വസ്തുതകളും. എല്ലായിടത്തും എല്ലാ വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള എല്ലാതരത്തിലുമുള്ള വിവേചനവും അവസാനിപ്പിക്കണം എന്നാണ് അതില്‍ ആദ്യത്തേത്. എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ പൊതു, സ്വകാര്യ സ്ഥലങ്ങളില്‍ ഉണ്ടാകുന്ന ലൈംഗികവും അല്ലാതെയുമുള്ള ചൂഷണങ്ങളുള്‍പ്പെടെ എല്ലാതരം അതിക്രമങ്ങളും ഇല്ലാതാക്കണം എന്നും. എന്നാല്‍, ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങളുടെ കേസുകള്‍ കേരളത്തില്‍ കൂടിവരുന്നെന്നാണ്. വേലിതന്നെ വിളവ് തിന്നുന്നതുപോലെ നീതിപീഠത്തില്‍ നിന്നും വരുന്ന നിയമപരമായ പരാമര്‍ശങ്ങളും നീതിപാലകരുടെ സഹായങ്ങളുമെല്ലാം കുറ്റവാളികളുടെ എണ്ണവും ബലവും വര്‍ധിപ്പിക്കുമെന്നതാണ് ഈ ഉയര്‍ച്ച തെളിയിക്കുന്നത്. അതിജീവിതയെന്ന വിളിപ്പേരിട്ട് അനുകമ്പയല്ല യഥാര്‍ത്ഥത്തില്‍ കേരളത്തെ പോലെയുള്ള സംസ്ഥാനങ്ങള്‍ ഇരകള്‍ക്ക് നല്‍കേണ്ടത്. സ്വാതന്ത്ര്യത്തോടെയും ധൈര്യത്തോടെയും സമൂഹത്തിനുമുന്നില്‍ സ്ത്രീകള്‍ക്ക് ഇഷ്ട വസ്ത്രം ധരിച്ചും ഇഷ്ടമുള്ളത് കഴിച്ചും നടക്കാനുള്ള പിന്‍ബലമാണ്.

Eng­lish Summaty:If there is no shawl, the judg­ment can be tortured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.