
മറാത്തിയില്‍ സംസാരിക്കാത്തതിന്എയര്‍ ഇന്ത്യ വിമാനത്തില്‍വെച്ച് യുവാവിനെ സഹയാത്രിക ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. എയര്‍ ഇന്ത്യയുടെ എ1676 വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് പുറത്തെത്തിയത്. യുവാവിനോട് എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ച് സഹയാത്രിക മോശമായി പെരുമാറുന്നതും ദേഷ്യപ്പെടുന്നതുമെല്ലാം വീഡിയോയില്‍ ദൃശ്യമാണ്.
ഒക്ടോബര്‍ 23ന് മഹി ഖാന്‍ എന്ന യുവാവ് മഹിനെര്‍ജി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കിട്ടത്.മറാത്തി സംസാരിക്കണമെന്ന് ഒരു സ്ത്രീ ആവശ്യപ്പെടുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണാനാവുക. പിന്നീട് ഇവര്‍ ഭീഷണി മുഴക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.മുംബൈയിലേക്ക് പോകുന്ന നിങ്ങള്‍ മറാത്തിയില്‍ സംസാരിക്കണമെന്നാണ് സ്ത്രീ ആവശ്യപ്പെടുന്നത്. നിങ്ങളെന്നോട് മറാത്തിയില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെടുകയാണോ എന്ന് യുവാവ് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. അതെ, ദയവുചെയ്ത് സംസാരിക്കൂ എന്ന് സ്ത്രീ മറുപടി നല്‍കുന്നുണ്ട്. എന്നാല്‍, വിഷയത്തില്‍ രോഷാകുലനായ മഹി ഖാന്‍ ഞാന്‍ മറാത്തിയില്‍ സംസാരിക്കില്ല എന്ന് തിരിച്ചടിക്കുകയാണ്.
ഉടനെ നീ മുംബൈയിലേക്ക് പോവുകയാണ്, നിനക്ക് മറാത്തി അറിയണംഎന്നാണ് സ്ത്രീ പറയുന്നത്.മോശമായി പെരുമാറരുത് എന്ന് യുവാവ് ആവശ്യപ്പെട്ടപ്പോള്‍ നീ മുംബൈയില്‍ ഇറങ്ങ്, മോശം പെരുമാറ്റം എന്താണെന്ന് ഞാന്‍ കാണിച്ചു തരാം എന്ന് സ്ത്രീ ഭീഷണി മുഴക്കുന്നുണ്ട്.തന്നെ വിമാനജീവനക്കാരുടെയും മറ്റ് യാത്രക്കാരുടെയും മുന്നില്‍ വെച്ചാണ് ഭീഷണിപ്പെടുത്തിയതെന്നും മഹി ഖാന്‍ വീഡിയോയില്‍ പറയുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് മറാത്തി അറിയില്ലെങ്കില്‍ മിണ്ടാതെ അവിടെയിരിക്കൂ’, എന്ന് പേര് വെളിപ്പെടുത്താത്ത സഹയാത്രിക ഭീഷണി മുഴക്കുന്നതും കേള്‍ക്കാം.
നാനാത്വത്തില്‍ ഏകത്വം എന്ന് അഭിമാനത്തോടെ പറയുന്ന രാജ്യത്ത് ആളുകള്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുകയാണ് എന്ന് മഹി ഖാന്‍ തന്റെ റീലിലൂടെ പറഞ്ഞു. എയര്‍ ഇന്ത്യ വിമാനത്തില്‍ ഇത്തരം മോശം പെരുമാറ്റം നടക്കുന്നുണ്ട്. നമ്മള്‍ അറിയില്ലെന്ന് മാത്രം.മുംബൈയില്‍ പോകണമെങ്കില്‍ മറാത്തി അറിയണമെന്ന് തന്നെ ഭീഷണിപ്പെടുത്തി. ഇത് തന്റെ മാത്രം കാര്യമല്ലെന്നും നിരവധി സംഭവങ്ങള്‍ ഇത്തരത്തില്‍ നടക്കുന്നുണ്ടെന്നും വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ മഹി ഖാന്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.