
സംസ്ഥാനത്ത് വേനലവധിക്ക് ശേഷം നാളെ സ്കൂള്‍ തുറക്കുമ്പോള്‍ ക്ലാസില്‍ കയറാതെ കറങ്ങിനടക്കുന്ന വിരുതൻ വിദ്യാര്‍ത്ഥികള്‍ സൂക്ഷിച്ചോ. എക്സൈസ് ഉദ്യോഗസ്ഥര്‍ കയ്യോടെ പൊക്കും. അധ്യയന സമയത്ത് യൂണിഫോമിൽ കറങ്ങിനടക്കുന്ന കുട്ടികളെ കണ്ടെത്തി സ്കൂളധികൃതര്‍ മുഖേന രക്ഷിതാക്കളെ അറിയിക്കുകയാണ് ചെയ്യുക. കുട്ടികൾ ഏതെങ്കിലും തരത്തില്‍ പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ടോയെന്നും ലഹരി പാര്‍ട്ടികളില്‍ പങ്കെടുക്കുന്നുണ്ടോയെന്നും എക്സൈസ് നിരീക്ഷിക്കും.
സ്കൂള്‍ തുറക്കലിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളുടെയും പട്ടിക എക്സൈസ് തയ്യാറാക്കി. ജില്ലാ തലങ്ങളില്‍ സിവില്‍ എക്സൈസ് ഓഫിസര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്കായിരിക്കും ഓരോ സ്കൂളിന്റെയും ചുമതല. പ്രധാനാധ്യാപകരുമായി ഇവര്‍ ബന്ധപ്പെടും. സ്കൂളിലെ ദൈനംദിനം പ്രവര്‍ത്തനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ശേഖരിക്കുകയും അത് യഥാസമയം വിലയിരുത്തുകയും ചെയ്യും. പൊതുജനങ്ങളും സ്കൂളിന് സമീപത്തെ സ്ഥാപനങ്ങള്‍ അടക്കമുള്ളവയുമായും നിരന്തരം സമ്പര്‍ക്കത്തിലായിരിക്കും. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉദ്യോഗസ്ഥരെ അറിയിക്കാനുള്ള സംവിധാനമാണ് നടപ്പാക്കുന്നത്.
വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളും നിരീക്ഷിക്കും. വിമുക്തി മിഷന്റെ കണക്ക് പ്രകാരം തലസ്ഥാനത്താണ് കൂടുതൽ കുട്ടികൾ ലഹരി ഉപയോഗിക്കുന്നത്. വീര്യമേറിയ പുതുതലമുറ ഡ്രഗുകൾ ഏറ്റവും കൂടുതൽ കുട്ടികൾ ഉപയോഗിക്കുന്നത് എറണാകുളം ജില്ലയിലാണ്.
ഹോട്ട് സ്പോട്ടുകളില്‍ നിരീക്ഷണം
ഓരോ ജില്ലയിലും ലഹരിയുടെ ഹോട്ട് സ്പോട്ടുകളായ സ്കൂളുകളുടെയും പട്ടിക എക്സൈസ് തയ്യാറാക്കിയിട്ടുണ്ട്. ഈ സ്കൂളുകളുടെ ചുമതല എസ്ഐ, സിഐമാര്‍ക്കായിരിക്കും. ഹോട്ട് സ്പോട്ടുകളില്‍ എക്സൈസ് ഉദ്യോഗസ്ഥരെ കൂടാതെ ഷാഡോ ടീമിന്റെ ബൈക്ക് പട്രോളിങ്ങും മഫ്തിയിലുള്ള ടീമും ഉണ്ടാകും.
സ്കൂളുകള്‍ക്ക് സമീപത്തുള്ള കടകളില്‍ ലഹരിക്കച്ചവടം നടത്തിയാല്‍ ലൈസൻസ് റദ്ദാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.