പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സംരംഭകരെ വാർത്തെടുക്കാൻ പുതിയ പദ്ധതിയുമായി കുടുംബശ്രീ മിഷൻ. പട്ടികവർഗക്കാരായ യുവതി-യുവാക്കൾക്ക് ഉപജീവന വികസനം സാധ്യമാക്കി ജീവിതനിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.
കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസസ് ആൻഡ് ഇനവേഷൻ സെന്റർ (കെ ടിക് ) പദ്ധതിയിലൂടെ സമൂഹത്തിൽ പുതു മുന്നേറ്റം ലക്ഷ്യമിടുകയാണ് കുടുംബശ്രീ. പട്ടിക വർഗ്ഗക്കാരായ യുവതി യുവാക്കൾക്ക് ഉപജീവന വികസനം സാദ്ധ്യമാക്കി ജീവിത നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുളള പദ്ധതിയാണ് കുടുംബശ്രീ മഷൻ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടുളള പ്രവർത്തികൾ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തിൽ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. പൊതു സമൂഹത്തിൽ ഇടപെടാതെ മാറിനിൽക്കുന്ന പട്ടികവർഗ്ഗ ജനവിഭാഗങ്ങൾക്കിടയിൽ നിന്ന് സംരംഭകരെ കണ്ടെത്തി തൊഴിലവസരം ലഭ്യമാക്കുന്ന പദ്ധതിയാണ് കുടുംബശ്രീ മിഷൻ തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാന തലത്തിൽ 800 ആളുകളെയാണ് ഇത്തരത്തിൽ ഉയർത്തികൊണ്ടുവരുന്നതിന് ലക്ഷ്യമിടുന്നത്. ഇടുക്കി ജില്ലയിലെ വിവിധ തദ്ദേശസ്ഥാപന മേഖലകളിലുളള സിഡിഎസുകളിൽ നിന്നായി 50 യുവജനങ്ങളാണ് സംരംഭകരാകാൻ രജിസ്റ്റർ ചെയ്തിട്ടുളളത്. ഇവർക്കുളള ആദ്യഘട്ട പരിശീലനം ഡിസംബർ 26ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയിരുന്നു. ആദ്യഘട്ടത്തിൽ വ്യക്തി വികസനത്തിനാണ് മുൻഗണന. രണ്ടാംഘട്ടം മാർച്ച് രണ്ടാം വാരത്തിലാണ്. ഏപ്രിലിൽ പരിശീലനം പൂർത്തിയാക്കി മേയ് മാസത്തോടെ സംരംഭങ്ങൾ ആരംഭിക്കുക എന്നിങ്ങനെയാണ് പ്രവർത്തന കലണ്ടർ. സൂക്ഷ്മ സംരംഭങ്ങളുടെ പ്രവർത്തന രീതിയും വിപണനവും പഠിക്കാനായി വിജയ സംരംഭങ്ങൾ സന്ദർശിക്കുവാനുള്ള അവസരവും ഒരുക്കും. വിവിധ ഘട്ടങ്ങളിലായി ഒന്നര വർഷം പിന്തുണയും സംരംഭകർക്ക് ഉറപ്പാക്കും.
സംരംഭങ്ങൾക്ക് ആവശ്യമായ സമ്പത്തിക പിന്തുണ കുടുംബശ്രീ ഉറപ്പാക്കും. വലിയ മുതൽ മുടക്കുള്ള സംരംഭങ്ങൾക്ക് കുടുംബശ്രീ ബാങ്ക് ലോണും ലഭ്യമാക്കും. സംരംഭക ആശയങ്ങൾ, ഡിജിറ്റൽ മാർക്കറ്റിംഗ്, കരകൗശല വസ്തുക്കൾ, എംബ്രോയ്ഡറി, ഗിഫ്റ്റ് ഐറ്റങ്ങൾ വനവിഭവങ്ങളുടെ വിപണനം, ഭക്ഷ്യ സംരംഭങ്ങൾ, കാർഷിക സംബന്ധമായ പദ്ധതികൾ, മാലിന്യ നിർമ്മാർജനം എന്നിങ്ങനെയാണ് പ്രധാന പദ്ധതികൾ. 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് മുൻഗണന. 40 വയസ്സിന് മുകളിലുള്ളവർക്ക് 10 ശതമാനം ഇളവും നൽകും. സിഡിഎസ്, ആനിമേറ്റർമാർ എന്നിവർ മുഖേനയാണ് പ്രചരണ പ്രവർത്തനങ്ങൾ. മറ്റുള്ള പദ്ധതികളിൽ നിന്ന് വ്യത്യസ്ഥമായി സംരംഭകരുടെ അഭിരുചിക്കനുസരിച്ചുള്ള സംരംഭങ്ങൾ തുടങ്ങുന്നതിനാൽ പ്രവർത്തനത്തിന് മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നതെന്ന് കുടുംബശ്രീ അധികൃതർ പറഞ്ഞു. ഇതിലൂടെ പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടുന്നവരെ ഏറ്റവും എളുപ്പത്തിൽ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നും കുടുംബശ്രീ അധികൃതർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.