23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2022
December 16, 2022
December 14, 2022
December 14, 2022
December 13, 2022
December 12, 2022
December 12, 2022
December 11, 2022
December 11, 2022
December 11, 2022

ഐഎഫ്‌എഫ്‌കെ നാലാം ദിനത്തിൽ 67 ചിത്രങ്ങൾ

Janayugom Webdesk
തിരുവനന്തപുരം
December 12, 2022 9:22 am

രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനത്തിൽ ഒൻപതു മത്സര ചിത്രങ്ങളടക്കം 67 സിനിമകൾ പ്രദർശിപ്പിക്കും. ലിജോ ജോസ് പല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത്‌ മയക്കം, ചരിത്രവും ദേശീയതയും പ്രമേയമാക്കുന്ന പലസ്തീൻ ചിത്രം ആലം, ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ അവസാനനാളുകളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച പ്രണയകഥ തഗ് ഓഫ് വാർ, ബ്രസീൽ ചിത്രം കോര്‍ഡിയലി യുവേഴ്സ്, മണിപ്പൂരി ചിത്രം ഔർ ഹോം, മരണം പ്രമേയമാക്കിയ കിം ക്യൂ ബി ചിത്രം മെമ്മറിലാൻഡ് തുട‌ങ്ങിയവയാണ് ഇന്നത്തെ മത്സര ചിത്രങ്ങൾ.

ഇമ്മിണി വലിയ സിനിമ.. ചലച്ചിത്രോത്സവത്തിലെ ആള്‍ക്കൂട്ടത്തെ കണ്ടപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുരുന്നിന്റെ ഭാവമാറ്റം 

പ്രോസിക്യൂട്ടറുടെ കലുഷിതമായ ജീവിത കഥ പറയുന്ന എമിൻ ആൽഫെർ ചിത്രം ബർണിങ് ഡേയ്സ്, ദമ്പതിമാരുടെ ജീവിതം പ്രമേയമാക്കിയ ജോനാസ് ട്രൂ ഏബയുടെ യു ഹാവ് ടു കം ആന്റ് സീ ഇറ്റ്, എ ലവ് പാക്കേജ്, ബ്ലൂ കഫ്‌താൻ, നൈറ്റ്‌ സൈറൺ, ഡിയർ സത്യജിത് തുടങ്ങി 24 ചിത്രങ്ങളാണ് ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. അന്തരിച്ച തിരക്കഥാകൃത്ത് ജോൺപോളിനോടുള്ള ആദര സൂചകമായി ചാമരം എന്ന ചിത്രത്തിന്റെ പ്രദർശനവും ഇന്നുണ്ടാകും. ഇരുള ഭാഷയിൽ പ്രിയനന്ദൻ ഒരുക്കിയ ധബാരി ക്യുരുവി, പ്രതീഷ് പ്രസാദിന്റെ നോർമൽ, രാരിഷ് ജിയുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും തുടങ്ങി ഏഴു ചിത്രങ്ങളാണ് മലയാളം വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ഹൊറർ ചിത്രങ്ങൾ ആസ്വദിക്കാനുള്ള പ്രേക്ഷക താല്പര്യം മുൻനിര്‍ത്തി മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങിൽ ഇന്തോനേഷ്യൻ ചിത്രം സാത്താൻസ് സ്ലേവ്സ് ടു കമ്മ്യൂണിയൻ പ്രദർശനവും ഇന്നാണ്.

രാത്രിയെ പകലാക്കി.. അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുന്ന ടാഗോര്‍ തിയേറ്റര്‍ പരിസരത്തെ ജനക്കൂട്ടം 

കിം കി ഡുക്ക് ചിത്രം കാൾ ഓഫ് ഗോഡിന്റെ ആദ്യ പ്രദർശനം 

മലയാളികളുടെ പ്രിയപ്പെട്ട ദക്ഷിണകൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ അവസാന ചിത്രം കാൾ ഓഫ് ഗോഡിന്റെ ആദ്യ പ്രദർശനം നാളെയുണ്ടാവും. യാഥാർത്ഥ്യത്തിനും സ്വപ്നത്തിനും ഇടയിൽ പ്രണയം കണ്ടെത്താൻ പരിശ്രമിക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. വെനീസ് ചലച്ചിത്രമേളയിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്. കിം കി ഡുക്കിന്റെ മരണശേഷം സുഹൃത്തുക്കൾ ചേർന്നാണ് ചിത്രം പൂർത്തിയാക്കിയത്. വൈകുന്നേരം ആറിന് ഏരീസ് പ്ലക്സ്‌ ഒന്നിലാണ് പ്രദർശനം.

നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാൻ സാത്താൻസ് സ്ലേവ്സ് ടു ഇന്ന് 

അർധരാത്രിയിൽ നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാൻ തിങ്കളാഴ്ച രാജ്യാന്തര മേളയിലെ മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങിൽ ഇന്തോനേഷ്യൻ ചിത്രം സാത്താൻസ് സ്ലേവ്സ് ടു കമ്മ്യൂണിയൻ പ്രദർശിപ്പിക്കും. 2017ൽ പുറത്തിറങ്ങിയ സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗമായ ചിത്രം ഐമാക്സിൽ ചിത്രീകരിച്ച ആദ്യ ഇന്തോനേഷ്യൻ ചിത്രമാണ്. ഹൊറർ സിനിമകളിലൂടെ പ്രശസ്തനായ ജോക്കോ അൻവറാണ് ചിത്രത്തിന്റെ സംവിധായകൻ. നിശാഗന്ധിയിൽ ഇന്ന് രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ പ്രദർശനം. റിസർവേഷൻ ഇല്ലാതെ പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാം. വർഷങ്ങൾക്ക് മുമ്പ് നടന്ന ദാരുണമായ സംഭവത്തിന് ശേഷം അമ്മയെയും ഇളയ സഹോദരനെയും നഷ്ടമായ റിനിയും കുടുംബവും സ്വസ്ഥജീവിതമന്വേഷിച്ചു ഫ്ലാറ്റിലേക്ക് താമസം മാറ്റുന്നു. അയൽക്കാർ ആരാണെന്ന് മനസിലാക്കാതെയുള്ള കുടുംബത്തിന്റെ ഭയ വിഹ്വലമായ ജീവിതമാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗം കണ്ട പ്രേക്ഷകരുടെ മനസിൽ അവശേഷിപ്പിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ് ഈ ഹൊറർ ചിത്രം പങ്കുവയ്ക്കുന്നത്. ഈ വർഷം ബുസാൻ മേളയിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ ആദ്യ ഭാഗമായ സാത്താൻസ് സ്ലേവ്സ്. നേരത്തെ ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിച്ചിരുന്നു.

അൺറൂളിയുടെ ആദ്യപ്രദർശനം നാളെ ഡെന്‍മാർക്കിൽ

1930കളിലെ സ്ത്രീവിരുദ്ധ സമീപനങ്ങൾക്കെതിരെ നടന്ന പ്രതിഷേധങ്ങളെ ആധാരമാക്കി മലൗ റെയ്‌മൺ സംവിധാനം ചെയ്ത അൺറൂളിയുടെ ആദ്യപ്രദർശനം നാളെ. ശരീരത്തിന്മേലുള്ള അവകാശത്തെ വീണ്ടെടുക്കാൻ ഒരു പെൺകുട്ടി മുന്നിട്ടിറങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം. വൈകുന്നേരം 8.45ന് ന്യൂ തിയേറ്റർ മൂന്നിലാണ് പ്രദർശനം.

ഫോർ കെ തെളിമയോടെ തമ്പിന്റെ പ്രദർശനം 

ജി അരവിന്ദൻ ചിത്രം തമ്പിന്റെ നവീകരിച്ച പതിപ്പ് ഫോർ കെ തെളിമയോടെ ഇന്ന് രാജ്യാന്തര മേളയിൽ പ്രദർശിപ്പിക്കും. സർക്കസിനായി ഒരു ഗ്രാമത്തിൽ തമ്പടിക്കുന്ന കളിക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രം ഇന്ന് വൈകുന്നേരം 6.15ന് ശ്രീ തിയേറ്ററിലാണ് പ്രദർശിപ്പിക്കുക. കഴിഞ്ഞ രാജ്യാന്തരമേളയിൽ അരവിന്ദന്റെ തന്നെ കുമ്മാട്ടിയുടെ നവീകരിച്ച പതിപ്പ് പ്രദർശിപ്പിച്ചിരുന്നു.

സാമ്പത്തിക താല്പര്യങ്ങൾ കലാകാരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി നന്ദിതാ ദാസ് 

സിനിമയിലെ സാമ്പത്തിക താല്പര്യങ്ങൾ കലാകാരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി പ്രമുഖ ചലച്ചിത്ര പ്രവർത്തക നന്ദിതാ ദാസ്. സിനിമാ രംഗത്ത് കോർപറേറ്റ് ഇടപെടലുകൾ സാധാരണകാര്യമായി മാറിയതായും അവർ പറഞ്ഞു. രാജ്യാന്തര മേളയോടനുബന്ധിച്ച് മീറ്റ് ദി ഡയറക്‌റ്റേഴ്സിൽ പങ്കെടുക്കുകയായിരുന്നു അവർ. പ്രേക്ഷകരെ വിവിധ വിഭാഗങ്ങളായി കണ്ടുള്ള സിനിമാ നിർമ്മാണത്തിൽ മാറ്റം വന്നതായി സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞു. എല്ലാ സിനിമകളും ഏവർക്കും ആസ്വദിക്കാവുന്നതാണെന്ന് പുതിയകാല ചിത്രങ്ങൾ തെളിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. സെൻസർഷിപ്പിനൊപ്പം സ്പോൺസർഷിപ്പും സിനിമാരംഗത്ത് സജീവമാണെന്ന് സംവിധായകൻ കമൽ കെ എം പറഞ്ഞു. അസമീസ് സംവിധായകൻ മൊഞ്ജുൾ ബറുവ, നടി ഡോ. ജഹനാര ബീഗം, ഉക്രെയ്ൻ താരം ഓക്‌സാന ചെർകാഷിന, ഹാദി ഖസൻഫാരി, ശ്രീലങ്കൻ സംവിധായകൻ അരുണ ജയവർദ്ധന, മഹേന്ദ്ര പെരേര തുടങ്ങിയവർ പങ്കെടുത്തു. മീര സാഹിബ് മോഡറേറ്ററായിരുന്നു.

ലോമപാദനെത്തി ആദരമർപ്പിക്കാൻ

അന്തരിച്ച ചലച്ചിത്ര നിർമ്മാതാവ് അറ്റ്ലസ് രാമചന്ദ്രന് മേളയുടെ ആദരം. ഭരതൻ ചിത്രം വൈശാലി പ്രദർശിപ്പിച്ചുകൊണ്ടാണ് മേള സിനിമയുടെ നിർമ്മാതാവിന് സ്മരണാഞ്ജലി ഒരുക്കിയത്. പ്രദർശനത്തിന് മുന്നോടിയായി നടന്ന അനുസ്‌മരണത്തിൽ ചിത്രത്തിലെ ലോമപാദൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാബു ആന്റണിയും പങ്കെടുത്തു. രാമചന്ദ്രനും വൈശാലിയും തന്റെ കലാജീവിതത്തിലെ നാഴികകല്ലുകളാണെന്നും ഒരു വ്യവസായി എന്നതിലുപരി കലാസ്നേഹി എന്ന നിലയിലാണ് രാമചന്ദ്രൻ അനുസ്മരിക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്തൃ സമീപനം കലാമൂല്യത്തെ ബാധിക്കുന്നു: ഷാജി എൻ കരുൺ 

എന്തിനെയും ലാഭക്കണ്ണുകളോടെ കാണുന്ന സമീപനം സിനിമയുടെ കലാമൂല്യത്തെ ബാധിക്കുന്നതായി ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ. കാലത്തെ അതിജീവിക്കുന്നവയാണ് സിനിമ എന്ന മാധ്യമമെന്നും യഥാർത്ഥ വികാരങ്ങൾ പങ്കുവയ്ക്കാൻ അതിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര മേളയോടനുബന്ധിച്ച് ഇൻ കോൺവെർസേഷനിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സംവിധായകൻ ജബ്ബാർ പട്ടേലും ചർച്ചയിൽ പങ്കെടുത്തു.

‘നിത്യ ലളിത’ പ്രകാശിപ്പിച്ചു 

അന്തരിച്ച മലയാളത്തിന്റെ പ്രിയതാരം കെപിഎസി ലളിതയുടെ അരനൂറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തെ ആസ്‌പദമാക്കി ചലച്ചിത്ര അക്കാദമി പുറത്തിറക്കിയ ‘നിത്യ ലളിത കെപിഎസി ലളിതയുടെ അഭിനയജീവിതം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. എസ് ശാരദക്കുട്ടി രചിച്ച പുസ്തകം നടി ചിപ്പി ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരന് നൽകിയാണ് പ്രകാശിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.