
പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ പരാതിയെ തുടർന്ന് നടൻ അജിത് കുമാർ നായകനായ ആക്ഷൻ കോമഡി ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ നെറ്റ്ഫ്ലിക്സിൽ നിന്ന് പിൻവലിച്ചു. തൻ്റെ ഗാനങ്ങൾ അനുമതിയില്ലാതെ ചിത്രത്തിൽ ഉപയോഗിച്ചുവെന്ന ഇളയരാജയുടെ പരാതിയെത്തുടർന്ന് സിനിമയുടെ പ്രദർശനം മദ്രാസ് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു.
ഇളയരാജയുടെ സംഗീതത്തിലുള്ള ‘ഒത്ത രൂപായ് താരേൻ’, ‘എൻ ജോഡി മഞ്ഞക്കുരുവി’, ‘ഇളമൈ ഇതോ ഇതോ’ എന്നീ മൂന്ന് ഗാനങ്ങളായിരുന്നു ചിത്രത്തിൽ ഉപയോഗിച്ചത്. രേഖാമൂലമുള്ള ക്ഷമാപണവും അഞ്ച് കോടി രൂപ നഷ്ടപരിഹാരവുമായിരുന്നു പരാതിയിൽ ഇളയരാജ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, നിയമപ്രകാരം ഗാനത്തിൻ്റെ പകർപ്പവകാശം ഉള്ളവരിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടായിരുന്നു എന്നാണ് ചിത്രത്തിൻ്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് വാദിച്ചത്. വിശദമായ വാദത്തിനുശേഷം ഇളയരാജയുടെ ഗാനങ്ങളോട് കൂടി ചിത്രം പ്രദർശിപ്പിക്കുന്നത് ഹൈക്കോടതി വിലക്കുകയായിരുന്നു. ഈ കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിലാണ് നെറ്റ്ഫ്ലിക്സ് ചിത്രം പിൻവലിച്ചത്.
അജിത് കുമാർ നായകനായ ഈ ആക്ഷൻ കോമഡി ചിത്രത്തിൽ തൃഷയായിരുന്നു നായിക. പ്രഭു, അർജുൻ ദാസ്, പ്രസന്ന, സുനിൽ, പ്രിയ പ്രകാശ് വാര്യർ, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.
‘ഗുഡ് ബാഡ് അഗ്ലി’ ബോക്സ് ഓഫീസിൽ മോശമല്ലാത്ത വിജയം നേടിയിരുന്നു. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 248.25 കോടി രൂപയാണ് നേടിയത്. ഇന്ത്യയിൽ നിന്ന് 180.75 കോടിയും വിദേശത്ത് നിന്ന് 67.5 കോടിയും ചിത്രം നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.