
കുട്ടികളുടെ അനധികൃത ഡ്രൈവിങ് മൂലമുള്ള അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ’ നോ കീസ് ഫോർ കിഡ്സ്’ കാംപയിനുമായി മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്ത് ഒരു വർഷം 400 ൽ അധികം അപകടങ്ങൾ കുട്ടികൾ വാഹനം ഓടിക്കുന്നത് മൂലം ഉണ്ടാകുന്നു എന്നാണ് കണക്ക്. ഇതിനോട് അനുബന്ധിച്ച് മരണങ്ങളും മറ്റ് നാശനഷ്ടങ്ങളും ഉണ്ടാകുന്നുമുണ്ട്. കുട്ടികളുടെ അനധികൃത ഡ്രൈവിങ് അതീവ ഗൗരമുള്ള സാമൂഹിക പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കുട്ടികളെ ഡ്രൈവിങ് പഠിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് മാതാപിതാക്കളോ ബന്ധുക്കളോ തന്നെയാണ്. പതിനെട്ട് വയസ് തികയാത്ത കുട്ടികൾ വാഹനം ഓടിക്കുന്നത് മോട്ടോർ വാഹന നിയമം സെക്ഷൻ 199 എ പ്രകാരമുള്ള ശിക്ഷകൾ ലഭിക്കുന്ന കുറ്റമാണ് ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനുള്ള 10000 രൂപ പിഴ കൂടാതെ രക്ഷിതാവിനോ വാഹന ഉടമക്കോ 25000 രൂപ പിഴയും മൂന്ന് വർഷം തടവ് ശിക്ഷയും ലഭിക്കാം. വാഹനത്തിന്റെ റജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കും.
ഇതിലുമെല്ലാം ഉപരി വാഹനമോടിച്ച കുട്ടിക്ക് 25 വയസുവരെ ഇൻഡ്യയിലെവിടെ നിന്നും ലേണേർസ് /ഡ്രൈവിങ് ലൈസൻസ് അപേക്ഷിക്കുന്നതിന് വിലക്കും ഉണ്ടാകും. കൂടാതെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള മറ്റു നടപടികളും നേരിടണം. തന്റെ കുട്ടി വാഹനം ഓടിക്കും എന്ന് പറയുന്നത് ഒരു അന്തസായി പലരും കരുതുന്ന സാഹചര്യമാണ് നിലവിലുള്ളത്. കുട്ടികൾ വാഹനം ഓടിക്കുന്നതിന്റെ ഭവിഷ്യത്ത് അതീവ ഗുരുതരമാണെന്ന് അവർ അറിയാതെ പോകുന്നു. ഇത്തരം അപകടങ്ങളിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് വാഹന ഇൻഷ്വറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകുകയുമില്ല. ഇതിന്റെ മുഴുവൻ നഷ്ടവും വാഹന ഉടമ / കുട്ടിയുടെ മാതാപിതാക്കൾ നൽകേണ്ടിവരും. ഈ കുറ്റകൃത്യത്തിന് തടയിടുന്നതിനും പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനുമായാണ് മോട്ടോർ വാഹന വകുപ്പ് ‘നോ കീസ് ഫോർ കിഡ്സ്‘കാംപയിൽ സംഘടിപ്പിക്കുന്നത്. അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിൽ നടക്കുന്ന സഹോദയ കലോത്സവത്തോടനുബന്ധിച്ച് ദേവികുളം സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫിസ് നടത്തിയ കാംപയിനിൽ അവബോധ ക്ലാസും റോഡ് സുരക്ഷാ ക്വിസ് മത്സരവും നടത്തി. ദേവികുളം ജോ. ആർടിഒ പി ജെ ജെയിംസ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ചന്ദ്രലാൽ കെ കെ, ദീപു എൻ കെ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ നിഷാന്ത് ചന്ദ്രൻ, സജി എസ് എസ് എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.