18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025
April 10, 2025
April 10, 2025
April 9, 2025
April 8, 2025
April 7, 2025

വിഷു വിപണി ലക്ഷ്യമിട്ട് അനധികൃത പടക്കക്കടത്ത്

കെ കെ ജയേഷ്
കോഴിക്കോട്
April 12, 2025 11:06 am

വിഷു അടുത്തതോടെ ലൈസൻസില്ലാതെയും നികുതിവെട്ടിച്ചും തമിഴ്‌നാട്ടിലെ ശിവകാശിയിൽ നിന്നുൾപ്പെടെ കേരളത്തിലേക്കുള്ള അനധികൃത പടക്ക കടത്തും വ്യാപകമായി. ലോഡ് കണക്കിന് പടക്കങ്ങളാണ് സുരക്ഷിതമല്ലാത്ത രീതിയിൽ കേരളത്തിലേക്ക് ഓൺലൈൻ ബുക്കിങ്ങിലൂടെ എത്തുന്നത്.
ഇത്തരത്തിൽ സംസ്ഥാനത്തെത്തുന്ന പടക്കങ്ങളിൽ കൂടുതലും കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ചാണ് ശേഖരിക്കപ്പെടുന്നത്. മറ്റു സാധനങ്ങൾക്കൊപ്പം പാഴ്സൽ വണ്ടികളിലും കൊറിയർ വാഹനങ്ങളിലുമെല്ലാമായാണ് അപകടകരമായ രീതിയിൽ പടക്കങ്ങൾ എത്തിക്കുന്നത്. എക്സ്പ്ലോസീവ് കൺട്രോളറുടെ അനുമതിയോടെ മാത്രമേ പടക്കങ്ങൾ സംസ്ഥാനത്തേക്ക് എത്തിക്കാൻ പാടുള്ളൂ. അപകടരഹിതമായ ഫയർ വർക്സ് മാത്രമേ ഇങ്ങിനെയെത്തിച്ച് വില്പന നടത്താവു. എന്നാൽ ആവശ്യമായ രേഖകളോ ലൈസൻസോ ഒന്നുമില്ലാതെയും യാതൊരു സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് യഥേഷ്ടം പടക്കങ്ങൾ കേരളത്തിലെത്തുന്നത്. യാതൊരു സുരക്ഷയുമില്ലാതെ ഇത്തരം പടക്കങ്ങൾ വിൽക്കുന്നതായും വിവരമുണ്ട്. ദീപാവലിക്കാലത്തേത് ഉൾപ്പെടെ പഴയ സ്റ്റോക്കാണ് പ്രധാനമായും ഓൺലൈനിലൂടെ വിലക്കുറവിൽ എത്തിക്കുന്നതെന്ന് അംഗീകൃത പടക്ക വ്യാപാരികൾ പറയുന്നു. 

ഇത്തരത്തിൽ പടക്കമെത്തുന്നത് ലൈസൻസുള്ള വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്. സര്‍ക്കാരിനും ഇതു വഴി വലിയ നികുതി നഷ്ടമുണ്ടാകുന്നതായും ഇവർ വ്യക്തമാക്കുന്നു. കോയമ്പത്തൂരിൽ നിന്ന് ലോറിയിൽ അനധികൃമായി വില്പനയ്ക്കായി കൊണ്ടുവരികയായിരുന്ന ഒമ്പത് ക്വിന്റൽ പടക്കം കണ്ണൂരിലും പിടികൂടിയിരുന്നു. ഓൺലൈൻ വില്പനയുടെ ഭാഗമായി പടക്കങ്ങള്‍ യാതൊരു മുൻകരുതലുമില്ലാതെ വാഹനത്തിൽ കൊണ്ടുവരുമ്പോഴാണ് പിടിക്കപ്പെട്ടത്. ഇതിന് പുറമെ ഓൺലൈൻ വില്പനയ്ക്കായി അനധികൃതമായി എത്തിച്ച അരക്കോടി രൂപയുടെ പടക്കം കണ്ണൂരിലെ പാർസൽ സർവീസ് ഏജൻസിയുടെ ഗോഡൗണിൽ നിന്നും പിടിച്ചിരുന്നു. സ്വകാര്യ വ്യക്തികളും സംഘങ്ങളും ശിവകാശിയിലെ ഏജന്റുമാരുമായാണ് കരാറുണ്ടാക്കുന്നത്. പടക്ക നിർമ്മാതാക്കൾക്ക് പണം അയയ്ക്കുകയും മറ്റു സാധനങ്ങൾക്കൊപ്പം വാഹനത്തിൽ പടക്കങ്ങള്‍ ഇവിടേക്കെത്തിക്കുകയും ചെയ്യും. 

മത്സരം വർധിച്ചതോടെ വില്പനയ്ക്ക് എല്ലാ സാധ്യതകളും തേടുകയാണ് ശിവകാശിയിലെ പടക്ക നിർമ്മാതാക്കൾ. ഓൺലൈൻ വിപണിയിൽ സജീവമായതിനൊപ്പമാണ് മറ്റ് മാർഗങ്ങളിലൂടെയും വില്പനയ്ക്ക് ഇവർ ശ്രമിക്കുന്നത്. പടക്കം ഓൺലൈനിൽ വിൽക്കുന്നത് നിരോധിച്ചുകൊണ്ട് കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ടെന്നാണ് ഫയർ വർക്കേഴ്സ് ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. അനധികൃത പടക്ക കടത്തിനെ നേരിടാൻ അതിർത്തി ചെക്ക് പോസ്റ്റുകളിലും പടക്ക വില്പന ഗോഡൗണുകളിലുമെല്ലാം അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.