
അനധികൃതമായി കുടിയേറിയെന്ന് ആരോപിക്കപ്പെടുന്ന 104 പേരുമായി അമേരിക്കന്‍ വ്യോമസേനാ വിമാനം ഇന്ത്യയിലെത്തി. വ്യോമസേനാ വിമാനമായ സി-17 ഇവരെ പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തിലെത്തിച്ചു. 79 പുരുഷന്മാരും 25 സ്ത്രീകളുമാണ് സംഘത്തിലുള്ളത്. അടുത്തയാഴ്ച പ്രധാന മന്ത്രി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെയാണ് ഇന്ത്യയിൽ നിന്നള്ള കുടിയേറ്റക്കാരെ യുഎസ് തിരിച്ചയക്കാൻ തുടങ്ങിയത്. ടെക്സസിലെ സാന്‍ ആന്റിയോയില്‍ നിന്നാണ് ഇന്ത്യക്കാരുമായി അമേരിക്കയുടെ വിമാനം പുറപ്പെട്ടത്. തിരിച്ചെത്തിയതിൽ 30 പേര് വീതം ഹരിയാന, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. എട്ടിനും പത്തിനുമിടയില്‍ പ്രായമുള്ള കുട്ടികളും സംഘത്തിലുണ്ട്. ആദ്യസംഘത്തില്‍ കുറ്റകൃത്യ പശ്ചാത്തലമുള്ളവരില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൃത്യമായ രേഖകളില്ലാതെ അമേരിക്കയില്‍ തങ്ങിയവരെയാണ് തിരിച്ചയച്ചത്. ചിലര്‍ അനധികൃതമായി കുടിയേറിയവരാണെന്നും മറ്റു ചിലര്‍ വിസ കാലാവധി കഴിഞ്ഞവരാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. കുടിയേറ്റ, കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ പഞ്ചാബ് പൊലീസിന് കൈമാറുമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവർക്കായി പ്രത്യേക കൗണ്ടർ വിമാനത്താവളത്തിൽ തുറന്നിട്ടുണ്ട്. നിരവധി പേരുടെ ബന്ധുക്കള്‍ വിമാനത്താവളത്തിലെത്തിയിരുന്നു. 11 ജീവനക്കാരും 45 അമേരിക്കന്‍ ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു.
തിരിച്ചെത്തിയവർക്ക് എല്ലാ സഹായവും നൽകുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു. പഞ്ചാബ് പൊലീസ്, സിഐഎസ്എഫ് അംഗങ്ങളെ വിമാനത്താവളത്തിനകത്തും പുറത്തും വിന്യസിച്ചിട്ടുണ്ട്. ഇവരെ വീടുകളിലെത്തിക്കാനായി പഞ്ചാബ് സര്‍ക്കാര്‍ ബസുകളും സജ്ജമാക്കിയിരുന്നു.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തുടക്കം കുറിച്ചിരിക്കുന്നത്. പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിരത്തോളം പേരെ ഇതിനകം തിരിച്ചയച്ചു. ടെക്സസിലെ എൽ പാസോ, കാലിഫോർണിയയിലെ സാൻ ഡീഗോ എന്നിവിടങ്ങളിലുള്ള അയ്യായിരത്തിലധികം കുടിയേറ്റക്കാരെക്കൂടി ഉടൻ വിമാനമാർഗം സ്വദേശത്തേക്ക് എത്തിക്കും. അനധികൃത കുടിയേറ്റക്കാരെ കയറ്റി തിരിച്ചയക്കുന്നതില്‍ അമേരിക്കയില്‍ നിന്ന് ഏറ്റവും അകലെയുള്ള രാജ്യമാണ് ഇന്ത്യ. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.