കേരള ലോട്ടറിയുടെ 25 കോടിയുടെ ഓണം ബമ്പർ കോയമ്പത്തൂർ സ്വദേശിക്ക് അടിച്ചതിന് പിന്നാലെ 12 കോടിയുടെ പൂജാ ബമ്പർ ടിക്കറ്റിന്റെ അനധികൃത ഓൺലൈൻ വില്പന തമിഴ്‌നാട്ടിൽ പൊടിപൊടിക്കുന്നു. തമിഴരുടെ ഫേസ്ബുക്ക് പേജുകളിലും വ്ലോഗുകളിലും നിറയെ പൂജാ ബമ്പർ വിശേഷങ്ങളാണ്. ആളുകളുടെ പേരിലുള്ളതും വിവിധ ലോട്ടറി വിൽപ്പന കേന്ദ്രങ്ങളുടെ പേരുകളിലുമാണ് സമൂഹമാധ്യമങ്ങളിലെ പേജുകളിൽ പോസ്റ്റുകളായും വീഡിയോകളായും ഓൺലൈൻ ബുക്കിങ്ങിനായി ആവശ്യപ്പെടുന്നത്. ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള വാട്ട്സാപ്പ് നമ്പറുകൾ സഹിതമാണ് പല പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മറ്റെന്തെങ്കിലും സംശയം തീർക്കണമെങ്കിൽ വാട്ട്സാപ്പ് മെസേജ് നൽകാനും പറയുന്നു. ടിക്കറ്റ് സ്പീഡ് പോസ്റ്റ് വഴി എത്തിക്കും.
ഇതിനായി ടിക്കറ്റ് വിലയായ 300 രൂപയും 50 രൂപ പോസ്റ്റൽ ചാർജും നൽകണം. ഒന്നിലധികം ടിക്കറ്റ് ആവശ്യപ്പെട്ടാൽ അതും ലഭ്യമാണെന്ന തരത്തിലാണ് പ്രചരണം. ഇത്തവണ പൂജാ ബമ്പർ ടിക്കറ്റ് വിൽപ്പന ആരംഭിച്ചതുമുതൽ മറ്റ് സംസ്ഥാനങ്ങളിൽ വലിയ പ്രചാരണം നടത്തുന്നുണ്ട്. ഇതിന് മുൻപുള്ള ബമ്പർകൾക്കും ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഓൺലൈനിൽ വാങ്ങാമെന്ന വാഗ്ദാനത്തിൽ പലരും കബളിപ്പിക്കപ്പെട്ടിട്ടുമുണ്ട്. ഒരു ടിക്കറ്റിന്റെ ഫോട്ടോ ഉപയോഗിച്ച് പലർക്കും സന്ദേശമായി അയച്ചുനൽകുകയും സമ്മാനമടച്ചശേഷം മാത്രം വഞ്ചിക്കപ്പെട്ടതായി അറിഞ്ഞവരുമുണ്ട്. എന്നാൽ തമിഴ്‌നാട്ടിലെ അനധികൃത ടിക്കറ്റ് വില്പനയിൽ കേരള ലോട്ടറി വകുപ്പിന് നേരിട്ട് അന്വേഷിക്കാനോ നടപടി എടുക്കാനോ ആവില്ലന്നതാണ് പ്രശ്നം. ലോട്ടറി വകുപ്പിന് എൻഫോഴ്സ്മെന്റ് അധികാരമില്ലാത്തതിനാൽ അനധികൃത വില്പന തടയാനാവില്ല. സൈബർ സെല്ലിനും എ ഡി ജി പി ക്കും പരാതി നൽകുകയാണ് പതിവ്. തമിഴ്‌നാട്ടിലാണ് അനധികൃത കച്ചവടം നടക്കുന്നത് എന്നതിനാൽ അവിടുത്തെ സർക്കാരാണ് ഇതിൽ നടപടി എടുക്കേണ്ടതെന്ന് ലോട്ടറി വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. 2011‑ലെ കേരള ലോട്ടറി റെഗുലേഷൻ അമെൻഡ്മെന്റ് റൂൾ പ്രകാരവും കേന്ദ്രപേപ്പർ ലോട്ടറി റെഗുലേഷൻ ആക്ട് പ്രകാരവും ലോട്ടറി ഓൺലൈനിൽ വില്ക്കുന്നത് നിയമവിരുദ്ധമാണ്. പണം നേരിട്ട് നൽകി പേപ്പർ ലോട്ടറി മാത്രമേ വാങ്ങാവൂ എന്നതാണ് നിയമം. അതേസമയം അനധികൃത വിൽപ്പനയ്ക്കെതിരെയുള്ള നിയമത്തിന്റെ കരടായിട്ടുള്ളതായി ലോട്ടറി വകുപ്പ് അധികൃതർ വ്യക്തമാക്കി. നിലവിൽ മറ്റ് സംവിധാനങ്ങളില്ല. ഇത്തരത്തിൽ നിയമം ലംഘിക്കുന്ന ഏജൻസിയുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നിയമം നടപ്പാക്കാനുള്ള ശ്രമത്തിലാണ് വകുപ്പ്. നറുക്കെടുപ്പ് നവംബർ 22നാണ്.
English Summary: Illegal lottery selling
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.