28 December 2025, Sunday

വഴിയില്‍നിന്ന് കിട്ടിയ മദ്യംകുടിച്ച് മൂന്ന് പേര്‍ ആശുപത്രിയില്‍

web desk
അടിമാലി
January 8, 2023 4:23 pm

വഴിയില്‍ കിടന്ന മദ്യം കുടിച്ച മൂന്ന് യുവാക്കള്‍ ആശുപത്രിയില്‍. ഒരാളുടെ നില ഗുരുതരം. ഇടുക്കി അടിമാലിയിലാണ് സംഭവം. അടിമാലി സ്വദേശികളായ കുഞ്ഞുമോന്‍, മനോജ്, അനില്‍കുമാര്‍ എന്നിവരാണ് ചികിത്സയിലുള്ളത്. കുഞ്ഞുമോന്റെ നിലയാണ് ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങളെ അധികരിച്ച് പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെ ഏഴോടെ മൂന്നുപേരും അടിമാലി അക്കരക്കുന്ന് എന്ന പ്രദേശത്തുകൂടി നടന്നുപോരുമ്പോഴാണ് വഴിയില്‍ നിന്ന് ഒരു കുപ്പി മദ്യം കളഞ്ഞുകിട്ടിയത്. മദ്യക്കുപ്പി തുറന്ന് മൂന്നുപേരും കഴി‍ച്ചു. വൈകാതെ ഓരോരുത്തര്‍ക്കായി ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടു. ഉടനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുഞ്ഞുമോന്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

അതേസമയം, സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മൂന്നുപേരില്‍ നിന്നും കൃത്യമായ മൊഴി രേഖപ്പെടുത്താനായിട്ടില്ല. ആരോഗ്യസ്ഥിതിയും മദ്യലഹരിയും മൊഴിയെടുക്കലിനെ ബാധിച്ചിരിക്കുകയാണ്. മനോജും അനില്‍കുമാറും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. ഒഴിഞ്ഞ മദ്യക്കുപ്പിയോ അതിലെ അവശിഷ്ടമോ കണ്ടെടുക്കാനാവുമോ എന്നാണ് ആദ്യലക്ഷ്യം.

ഇവര്‍ കുടിച്ചിരിക്കുന്നത് വ്യാജമദ്യമാണോ വാറ്റാണോ എന്നും അന്വേഷിക്കും. ഇവര്‍ പറഞ്ഞ പ്രദേശം വാറ്റിന്റെയും വ്യാജമദ്യത്തിന്റെയും നിര്‍മ്മാണം നടക്കാറുള്ള ഇടമാണെന്നാണ് പൊലീസ് പറയുന്നത്.

Eng­lish Sam­mury: Three youths who drank alco­hol lying on the road are in hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.