19 November 2024, Tuesday
KSFE Galaxy Chits Banner 2

കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്; രാജ്യത്ത് ഗുരുതരവീഴ്ച

Janayugom Webdesk
ന്യൂഡല്‍ഹി
July 15, 2024 10:49 pm

വില്ലന്‍ചുമ, ടെറ്റനസ്, തൊണ്ടമുള്ള് (ഡിഫ‍്തീരിയ), അഞ്ചാംപനി എന്നിവയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതില്‍ രാജ്യം വന്‍ വീഴ്ചവരുത്തിയെന്ന് ലോകാരോഗ്യ സംഘടന. 2023ല്‍ ഈ രോഗങ്ങളെ പ്രതിരോധിക്കാനുള്ള വാക്സിന്‍ ലഭിക്കാത്ത കുട്ടികള്‍ (സീറോ ഡോസ്) 16 ലക്ഷമാണെന്നും 2022നെ അപേക്ഷിച്ച് 45 ശതമാനം കൂടുതലാണിതെന്നും ലോകാരോഗ്യ സംഘടനയും യൂനിസെഫും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
2022ല്‍ 11 ലക്ഷം സീറോ ഡോസ് കുട്ടികളാണ് രാജ്യത്തുണ്ടായിരുന്നത്. കോവിഡ് മഹാമാരി പടര്‍ന്ന 2021ല്‍ 30 ലക്ഷമായിരുന്നു. ജനനനിരക്ക് കൂടുതലുള്ള രാജ്യങ്ങളിലോ, ആരോഗ്യമേഖല ദുര്‍ബലമായ പ്രദേശങ്ങളിലോ അല്ലെങ്കില്‍ രണ്ട് സാഹചര്യങ്ങളും നിലവിലുള്ളിടത്തോ ആണ് ഏറ്റവും കൂടുതല്‍ സീറോ ഡോസ് കുട്ടികള്‍ ഉണ്ടാകുന്നതെന്ന് ലോകാരോഗ്യ സംഘടനയും യൂനിസെഫും പറയുന്നു. 

രാജ്യത്ത് വില്ലന്‍ചുമ, ടെറ്റനസ്, തൊണ്ടമുള്ള്, അഞ്ചാംപനി എന്നിവയുടെ പ്രതിരോധ കുത്തിവയ്പുകളുടെ ശരാശരി 90 മുതല്‍ 94 ശതമാനം വരെയാണ്. എന്നിട്ടും സീറോ ഡോസ് കുട്ടികളുടെ എണ്ണം 16 ലക്ഷമാണെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. ഇന്ത്യയിലെ സീറോ ഡോസ് കുട്ടികളില്‍ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെയാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. അവര്‍ക്ക് കുട്ടികളെ ആരോഗ്യകേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള വരുമാനം കാണില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), യൂനിസെഫ് എന്നിവരുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് സീറോ ഡോസ് കുട്ടികളുള്ള പ്രധാന 10 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചു. നൈജീരിയ, എത്യോപ്യ, റിപ്പബ്ലിക് ഓഫ് കോംഗോ, പാകിസ്ഥാന്‍, സുഡാന്‍ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
ഹ്യൂമന്‍ പാപ്പിലോമ വൈറസിനെതിരെ (എച്ച്പിവി) സൗജന്യ വാക്സിന്‍ നല്‍കാത്ത 51 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യയെ ഐക്യരാഷ്ട്ര സഭാ ഏജന്‍സികള്‍ ഉള്‍പ്പെടുത്തി. രാജ്യത്തെ സ്ത്രീകള്‍ക്കിടയില്‍ സാധാരണ കാണുന്ന ഗര്‍ഭാശയഗള അര്‍ബുദത്തില്‍ നിന്നും സംരക്ഷിക്കുന്ന വാക്സിനാണിത്. 16 കൊല്ലമായി എച്ച്പിവി വാക്സിന്‍ സ്വകാര്യ മേഖലയില്‍ ലഭ്യമാണ്. ഒരു ഡോസിന് രണ്ടായിരം രൂപയാണ് വില.
രാജ്യത്ത് ഈ വാക്സിന്‍ പ്രതിരോധ കുത്തിവയ്പില്‍ ഉള്‍പ്പെടുത്തണമെന്ന് സാങ്കേതിക ഉപദേശക സമിതി 2017ല്‍ ശുപാര്‍ശ ചെയ്തിരുന്നു. സര്‍ക്കാര്‍ ഇത് പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇക്കൊല്ലം ആദ്യം പ്രഖ്യാപിക്കുകയും ചെയ്തു. ലോകമെമ്പാടും പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ് സെര്‍വിക്കല്‍ കാന്‍സര്‍. ഇതിനെ ഇല്ലാതാക്കാന്‍ 90 ശതമാനം കുത്തിവയ്പാണ് ലക്ഷ്യമിടുന്നതെങ്കിലും ലക്ഷ്യം കെെവരിച്ചിട്ടില്ല. 

Eng­lish Sum­ma­ry: Immu­niza­tion of chil­dren; Severe fall in the country

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.