
ഇന്ന് സാമ്രാജ്യത്വത്തിന് പരമ്പരാഗത അര്‍ത്ഥത്തില്‍ കോളനികള്‍ ആവശ്യമില്ല. രാഷ്ട്രങ്ങളെ മൂലധന ശേഖരണവുമായി ബന്ധിപ്പിക്കുന്ന ധനകാര്യം, വിവരശേഖരം, സാങ്കേതികവിദ്യ എന്നിവയുടെ ശൃംഖലകളിലൂടെയാണ് സാമ്രാജ്യത്വം ഇപ്പോള്‍ ഭരണം നടത്തുന്നത്. ലെനിന്‍ ജീവിച്ചിരിക്കെ പുതിയ ലോകക്രമത്തെ നിര്‍വചിച്ചിരുന്നത് ഇങ്ങനെയാണ്: ‘കുത്തകകളും ധനമൂലധനവും ആധിപത്യം പുലര്‍ത്തുന്ന ഒരു ലോകം, ലാഭം മാത്രം ഏക തത്വമാക്കിയ ഒരുപിടി ശക്തികള്‍ക്കിടയില്‍ വിഭജിക്കപ്പെട്ട ഒരു ലോകം.’ എന്നാല്‍ ശീതയുദ്ധത്തിന്റെ ചാരത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ലോകം, ആഗോളവല്‍ക്കരണത്തിന്റെയും നവലിബറലിസത്തിന്റെയും ബാനറില്‍ അനന്തമായ അഭിവൃദ്ധിയെന്ന വ്യാജവാഗ്ദാനം മുഴക്കി. മൂന്ന് പതിറ്റാണ്ടുകളായി ആധിപത്യം പുലര്‍ത്തിയ അമേരിക്ക ഇപ്പോള്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. എങ്കിലും, എല്ലാ സാമ്രാജ്യങ്ങളെയും പോലെ അത് അതിന്റെ അധികാരം ഉപേക്ഷിക്കാന്‍ മടിക്കുന്നു. ഡോളര്‍, നാറ്റോ, ഐഎംഎഫ് എന്നിവയിലൂടെ നടപ്പിലാക്കിയ ഏകധ്രുവ ലോകക്രമം, അതിലെ വൈരുദ്ധ്യങ്ങള്‍കൊണ്ട് തകരുകയാണ്. പകരം ബഹുധ്രുവ ഘടന ഉയര്‍ന്നുവരുന്നു. ബ്രിക്‌സ് സഖ്യം പ്രകടമായ ഉദാഹരണമാണ്. അമേരിക്കന്‍ അധീശത്വത്തില്‍ തളര്‍ന്നുപോയ ലോകത്തില്‍ നിന്നുരുത്തിരിഞ്ഞ ഒരു ചരിത്രപരമായ ആവശ്യകത.
യുഎസ് സാമ്രാജ്യത്വത്തിന്റെ നിരാശ എല്ലായിടത്തും ദൃശ്യമാണ് . ഉപരോധങ്ങള്‍, വ്യാപാര യുദ്ധങ്ങള്‍, സൈനിക വലയങ്ങള്‍ എന്നിവയിലെല്ലാം ഇത് വ്യക്തമാകുന്നുമുണ്ട്. താരിഫുകള്‍ ആയുധമാക്കുന്ന ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തുന്നത് ‘സ്വതന്ത്ര വ്യാപാരം’ ഒരിക്കലും ഒരു നയമായിരുന്നില്ല, മറിച്ച് ഒരു തന്ത്രമായിരുന്നു എന്നാണ്. ഒരിക്കല്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചതുപോലെ ഇപ്പോള്‍ പരസ്യമായ സാമ്പത്തിക ബലപ്രയോഗം ഉപയോഗിക്കുന്നു. വാഷിങ്ടണിന് ഭീഷണിപ്പെടുത്താന്‍ കഴിയുമെങ്കിലും, ആധിപത്യം സ്ഥാപിക്കാന്‍ ആകില്ല.
ബ്രിക്‌സ് ഇപ്പോള്‍ പശ്ചിമേഷ്യന്‍, ആഫ്രിക്കന്‍ ശക്തികളെ ഉള്‍പ്പെടുത്തി വികസിപ്പിച്ചിരിക്കുന്നു. ഏകധ്രുവ യുഗം അവസാനിച്ചുവെന്ന് സൂചിപ്പിക്കുന്നു. ലോകം ബഹുമുഖ ശക്തികളുടെ സന്തുലിതാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഈ പരിവര്‍ത്തനം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണെങ്കിലും വിപ്ലവകരമായ സാധ്യതകളാണ് തുറക്കുന്നത്.
‘ഉല്പാദനോപകരണങ്ങളില്‍ നിരന്തരം വിപ്ലവം സൃഷ്ടിക്കാതെ ബൂര്‍ഷ്വാസിക്ക് നിലനില്‍ക്കാന്‍ കഴിയില്ല’ എന്ന് മാര്‍ക്‌സ് നിരീക്ഷിച്ചിട്ടുണ്ട്. സാങ്കേതിക മേഖലയിലല്ലാതെ ഇത് മറ്റൊരിടത്തുമെത്തിയിട്ടില്ല. കൃത്രിമ ബുദ്ധി, യന്ത്രവല്‍ക്കരണം, ബയോടെക്‌നോളജി, ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കുകള്‍ എന്നിവ സമൃദ്ധിയുടെ യുഗം വാഗ്ദാനം ചെയ്യുന്നു. അതേസമയം അവ ആഴത്തിലുള്ള അസമത്വവും സാമൂഹിക വിഭജനവും സൃഷ്ടിക്കുന്നു. മുതലാളിത്തത്തിനുകീഴില്‍, സാങ്കേതികവിദ്യ മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ല; ലാഭം മാത്രമാണ് നല്‍കുന്നത്.
യുഎസ് ആസ്ഥാനമായുള്ള ഗൂഗിള്‍, ആപ്പിള്‍, ആമസോണ്‍, മെറ്റാ, മൈക്രോസോഫ്റ്റ് എന്നീ കുത്തകകളിലെ സാങ്കേതിക ശക്തിയുടെ കേന്ദ്രീകരണം ലെനിന്റെ കാലത്തെ സാമ്പത്തിക പ്രഭുക്കന്മാരെ പ്രതിഫലിപ്പിക്കുന്നു. ഈ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ യുഗത്തിലെ ഈസ്റ്റ് ഇന്ത്യാ കമ്പനികളായി മാറിയിരിക്കുന്നു. അവര്‍ സുഗന്ധദ്രവ്യങ്ങളോ പരുത്തിയോ അല്ല, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കളില്‍ നിന്ന് 21-ാം നൂറ്റാണ്ടിലെ അസംസ്‌കൃത വസ്തുവായ വിവരശേഖരം (ഡാറ്റ) കവര്‍ന്നെടുക്കുന്നു. ആഗോള മാനവികത കൂട്ടായി ഉല്പാദിപ്പിക്കുന്ന ഡിജിറ്റല്‍ അധ്വാനത്താല്‍ സൃഷ്ടിക്കപ്പെടുന്ന സമ്പത്ത് സിലിക്കണ്‍ വാലിയിലെ ചെറുന്യൂനപക്ഷമായ വരേണ്യവര്‍ഗത്തിലേക്ക് ഒഴുകുന്നു.
സാങ്കേതികവിദ്യ പുരോഗമിക്കുമ്പോള്‍, തൊഴിലാളികള്‍ കൂടുതല്‍ അപകടകരമായ നിലയിലാകുന്നു. ജോലിസമയം കുറയ്ക്കുന്നതിനോ ജീവിത നിലവാരം ഉയര്‍ത്തുന്നതിനോ പകരം, ഡിജിറ്റല്‍ മുതലാളിത്തം നിരീക്ഷണം വ്യാപിപ്പിക്കുകയും ഒഴിവാക്കല്‍ പതിവാക്കുകയും ചെയ്യുന്നു. സാമൂഹിക സംരക്ഷണങ്ങള്‍ ഇല്ലാതാക്കുന്നു. ‘തൊഴിലാളികളുടെ കരുതല്‍ സൈന്യം’ എന്ന മാര്‍ക്സിന്റെ ആശയം ‘ആപ്പ് സമ്പദ്‌വ്യവസ്ഥ’യില്‍ പുതിയ രൂപത്തിലെത്തുന്നു. ഒരു ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ ചൂഷണത്തിന് സ്ഥിരമായി വിധേയമാകുന്ന കുറഞ്ഞ വേതനത്തിലുള്ള തൊഴിലാളികളുടെ സംഘത്തെ ലഭിക്കുന്നു. ബൂര്‍ഷ്വാ സാമ്പത്തിക വിദഗ്ധര്‍ ‘ഡിജിറ്റല്‍ വിപ്ലവം’ എന്ന് വിളിക്കുന്നതിന്റെ യഥാര്‍ത്ഥ മുഖം ഇതാണ്. ഇത് ജനങ്ങള്‍ക്കുവേണ്ടിയുള്ള വിപ്ലവമല്ല, ജനങ്ങള്‍ക്കെതിരായ വിപ്ലവമാണ്. ദക്ഷിണാഗോള രാജ്യങ്ങളില്‍, പ്രത്യേകിച്ച് ദക്ഷിണേഷ്യയില്‍ ഈ സാങ്കേതിക ക്രമം ആശ്രിതത്വത്തെ പുനര്‍നിര്‍മ്മിക്കുന്നു. ‘ഡിജിറ്റല്‍ വിപ്ലവം’ എന്ന വാഗ്ദാനം പലപ്പോഴും സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളിലൂടെയുള്ള സാമ്രാജ്യത്വ നിയന്ത്രണം വ്യാപിപ്പിക്കലാണ്. വര്‍ധിച്ചുവരുന്ന ബഹുരാഷ്ട്ര കുത്തകകള്‍ മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കുന്നു, സ്വന്തം പ്ലാറ്റ്ഫോമുകള്‍ നിര്‍മ്മിക്കുന്നു, ഡാറ്റയുടെ ഒഴുക്ക് നിയന്ത്രിക്കുന്നു. പ്രാദേശികമായ തൊഴിലാണെങ്കില്‍ പോലും, ഇറക്കുമതി ചെയ്ത ഹാര്‍ഡ്‌വേര്‍, ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വേര്‍, വിദേശ മൂലധനം എന്നിവയെ ആശ്രയിക്കുന്നതിലൂടെ ലാഭം ഉറപ്പാക്കുന്നത് ആഗോള കുത്തകകള്‍ക്കാണ്. ഈയര്‍ത്ഥത്തില്‍, ഡിജിറ്റലൈസേഷന്‍ കൊളോണിയല്‍ തൊഴില്‍ വിഭജനത്തെ പൊളിച്ചെഴുതുകയല്ല; അതിനെ കൂടുതല്‍ ആഴത്തിലാക്കുകയാണ്.
ഇന്ത്യ, ഈ വൈരുദ്ധ്യത്തിന്റെ ഒരു പാഠപുസ്തകമാണ്. ലോകത്തിലെ ഐടി ശക്തികേന്ദ്രമാണെന്നും, സ്റ്റാര്‍ട്ടപ്പുകളുടെയും സോഫ്‌റ്റ്‌വേര്‍ ഭീമന്മാരുടെയും നാടാണെന്നും ഭരണകൂടം അഭിമാനിക്കുന്നു. പക്ഷേ ഈ തിളക്കത്തിന് കീഴില്‍, ലെനിന്‍ ചൂണ്ടിക്കാണിച്ചിരുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്: യഥാര്‍ത്ഥ നവീകരണത്തെക്കാള്‍ ചെലവ് കുറഞ്ഞതും അനുസരണയുള്ളതുമായ തൊഴിലാളികളെ സൃഷ്ടിക്കുന്ന ഒരു മുതലാളിത്ത ഘടന.
പുതിയ ഇന്ത്യയുടെ പ്രതീകമായി ആഘോഷിക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ, പാശ്ചാത്യ കോര്‍പറേറ്റുകള്‍ക്കായി പുറംകരാര്‍ ജോലികള്‍ ചെയ്യുന്ന കുറഞ്ഞ ചെലവിലുള്ള എന്‍ജിനീയര്‍മാരുടെയും ഡാറ്റാ തൊഴിലാളികളുടെയും ലഭ്യതയെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യന്‍ സാങ്കേതിക സ്ഥാപനങ്ങള്‍ ദേശീയ പരിവര്‍ത്തനത്തിന്റെ കേന്ദ്രങ്ങളായിട്ടല്ല, ആഗോള മുതലാളിത്തത്തിന്റെ പിന്തുണാ വിഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ ലാഭത്തിന്റെ ഭൂരിഭാഗവും തൊഴിലാളികളെ നല്‍കുന്നതില്‍ നിന്നാണ്. പൊതുജനാരോഗ്യം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, പാരിസ്ഥിതികാഘാതം തുടങ്ങി രാജ്യത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന തദ്ദേശീയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതില്‍ നിന്നല്ല.
(അവസാനിക്കുന്നില്ല)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.