21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

മോഡി വിശ്വസ്തര്‍ക്ക് സുപ്രധാന പദവി

അരുണ്‍ ഗോയല്‍ ക്രൊയേഷ്യന്‍ സ്ഥാനപതി 
Janayugom Webdesk
ന്യൂഡല്‍ഹി
September 8, 2024 10:25 pm

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ രാജിവച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയലിനെ ക്രൊയോഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിച്ചു. 2014ല്‍ ആദ്യമായി അധികാരത്തിലേറിയ നരേന്ദ്ര മോഡി സര്‍ക്കാര്‍ തങ്ങളുടെ വിശ്വസ്തര്‍ക്ക് സുപ്രധാന നയതന്ത്ര പദവികള്‍ നല്‍കുന്നതിലെ അഞ്ചാമത്തെ നിയമനമാണ് അരുണ്‍ ഗോയലിന്റേത്.

2015 ഡിസംബറില്‍ മുംബൈ പൊലീസ് മുന്‍ കമ്മിഷണര്‍ അഹമ്മദ് ജാവേദിനെ സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിച്ചതായിരുന്നു ആദ്യത്തേത്. 2017ല്‍ ഗോധ്രാ കലാപം അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച കമ്മിഷന്‍ തലവനായിരുന്ന സിബിഐ മുന്‍ ഡയറക്ടര്‍ ആര്‍ കെ രാഘവനെ സൈപ്രസിലെ ഹൈക്കമ്മിഷണറായി നിയമിച്ചു. ഗോധ്രാ കലാപത്തില്‍ മോഡിയെ വെള്ളപൂശിയ റിപ്പോര്‍ട്ടായിരുന്നു രാഘവന്‍ സമര്‍പ്പിച്ചത്. 2019ല്‍ കരസേന മുന്‍ മേധാവി ദല്‍ബീര്‍ സിങ് സുഹാഗിനെ സീഷെല്‍സിലെ സ്ഥാനപതിയാക്കി. 2020ല്‍ ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന വിശാല്‍ വി ശര്‍മ്മയെ പാരിസിലെ അംബാസഡറായി നിയമിച്ചു. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ സെക്രട്ടറിയായിരുന്നു. 

മൂന്നാം മോഡി സര്‍ക്കാരിന്റെ നയതന്ത്ര പദവിയിലെ ആദ്യ സുപ്രധാന രാഷ്ട്രീയ തീരുമാനമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അരുണ്‍ ഗോയലിനെ ക്രൊയേഷ്യന്‍ സ്ഥാനപതിയായി നിയമിച്ചതായി അറിയിച്ചത്. ഉടന്‍ ചുമതലയേല്‍ക്കുമെന്നും ഉത്തരവില്‍ പറയുന്നു. 1985 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അരുണ്‍ ഗോയല്‍ 2022 നവംബര്‍ 18 സര്‍വീസില്‍ നിന്ന് രാജിവച്ച പിറ്റേദിവസം മോഡി സര്‍ക്കാര്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുകയായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനം ചോദ്യംചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിന് തലേദിവസമായിരുന്നു തിടുക്കപ്പെട്ട് അരുണ്‍ ഗോയലിനെ അവരോധിച്ചത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നതിനുള്ള ഭരണഘടനാ തത്വം ലംഘിച്ചത് ചോദ്യം ചെയ്യുന്ന ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പുള്ള നിയമനത്തെ പ്രതിപക്ഷവും മറ്റ് സന്നദ്ധ സംഘടനകളും ചോദ്യം ചെയ്തുവെങ്കിലും മോഡി സര്‍ക്കാര്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചും കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. 

പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ സമിതിയാകണം തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കേണ്ടതെന്ന തത്വമാണ് മോഡി സര്‍ക്കാര്‍ കാറ്റില്‍പ്പറത്തിയത്. വിഷയത്തില്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രറ്റിക് റിംഫോസ് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. 

കേവലം ഒരു വര്‍ഷം മാത്രം പദവിയിലിരുന്ന അരുണ്‍ ഗോയല്‍ 2024 മാര്‍ച്ച് 10നാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനം രാജിവച്ചത്. വ്യക്തമായ കാരണം ചൂണ്ടിക്കാട്ടാതെയുള്ള രാജി അന്ന് ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് കമ്മിഷനിലെ മറ്റൊരു അംഗമായ രാജീവ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി അവരോധിക്കുകയായിരുന്നു. കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവരെ കമ്മിഷണര്‍മാരായി നിയമിച്ചു. പ്രതിപക്ഷ കക്ഷി നേതാവായിരുന്ന കോണ്‍ഗ്രസിലെ അധീര്‍ രഞ്ജന്‍ ചൗധരിയുടെ വിയോജനക്കുറിപ്പോടെയായിരുന്നു ഇരുവരുടെയും നിയമനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.