
ബിഹാറില്‍ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന് ശേഷം പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ നിന്ന് 65 ലക്ഷം പേര്‍ ഒഴിവാക്കപ്പെട്ടത് പ്രതിപക്ഷ വിജയ സാധ്യതകളെ അട്ടിമറിക്കുന്ന വിധത്തില്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അവകാശവാദമനുസരിച്ച് ഒഴിവാക്കപ്പെട്ടവരുടെ സംസ്ഥാന ശരാശരി 8.3% മാത്രമാണെങ്കിലും പ്രതിപക്ഷ സ്വാധീന ജില്ലകളില്‍ ഇത് 15.1% വരെയാണ്. ചെറിയ ഭൂരിപക്ഷത്തിന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥികള്‍ പ്രതിനിധീകരിക്കുന്ന നിരവധി മണ്ഡലങ്ങളിലെ വിജയ സാധ്യതകളെ മാറ്റിമറിക്കുവാന്‍ ഇത് കാരണമാകും. എന്‍ഡിഎ സ്വാധീന മേഖലകളില്‍ വോട്ട് നിഷേധിച്ചവരുടെ എണ്ണം കുറയുകയും മഹാസഖ്യ കേന്ദ്രങ്ങളില്‍ കൂടുകയും ചെയ്യുന്ന വിധത്തിലാണ് കരട് പട്ടികയെന്ന് ജില്ലാതല വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശകലനം വ്യക്തമാകുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ) പുറത്തുവിട്ട പട്ടികയില്‍, ഒഴിവാക്കുന്ന വോട്ടുകളില്‍ കൂടുതലും പ്രതിപക്ഷ കക്ഷികളുടെ വിജയസാധ്യത ഇല്ലാതാക്കുന്നതാണ്. ആകെയുള്ള 38ൽ 15 ജില്ലകളിലാണ് ഈ പ്രവണതയുണ്ടായത്. ഗോപാൽഗഞ്ച്, പൂർണിയ, കിഷൻഗഞ്ച്, മധുബനി, ഭഗൽപൂർ, സഹർസ, മധേപുര, സീതാമർഹി, ഷിയോഹർ, സമസ്തിപൂർ, സരൺ, ഭോജ്പൂർ, പൂർവി ചമ്പാരൻ, സിവാൻ, വൈശാലി ജില്ലകളിലെ വോട്ടര്‍മാരെ ഒഴിവാക്കുന്നത് എന്‍ഡിഎയ്ക്ക് ഗുണകരവും മഹാസഖ്യത്തിന് തിരിച്ചടിയുമാകും.
ഗോപാൽഗഞ്ചിൽ 15.1, പൂർണിയ 12.07, കിഷൻഗഞ്ച് 11.82% പേർക്കാണ് വോട്ടവകാശം ഇല്ലാതാകുന്നത്. സഹർസ, സീതാമർഹി, സമസ്തിപൂർ, സരൺ, ഭോജ്പൂർ, സിവാൻ എന്നിവയുൾപ്പെടെ 13 ജില്ലകളില്‍ എട്ട് മുതല്‍ 10% വരെ പേരുകള്‍ ഒഴിവാക്കപ്പെട്ടു. 20 ജില്ലകളില്‍ എട്ട് ശതമാനത്തില്‍ താഴെയാണ് ഒഴിവാക്കപ്പെട്ടത്. ഇതില്‍ പലതും നിർണായകമായ പോരാട്ടം നടക്കുന്ന ജില്ലകളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ, രാഷ്ട്രീയ ജനതാദൾ (ആർജെഡി) സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നിരുന്നു. ഇതില്‍ ഭൂരിപക്ഷം വിജയങ്ങളും നേരിയ ഭൂരിപക്ഷത്തിലാണ്. ആർജെഡിയുടെ അടിത്തറയ്ക്ക് ഭീഷണിയാകുന്ന മേഖലകള്‍ ഗോപാൽഗഞ്ച്, സരൺ, സിവാൻ, ഭോജ്പൂര്‍ ജില്ലകളിലാണ്. പ്രാഥമിക തൊഴിൽ — കയറ്റുമതി മേഖലകളിൽ നിന്നുള്ള ഉയർന്ന കുടിയേറ്റമാണ് ഇവിടെ പൊതുവായ ഘടകം. മറ്റിടങ്ങളിൽ ജോലി ചെയ്യുന്ന വോട്ടർമാരിൽ വലിയൊരു വിഭാഗത്തിന് രേഖകൾ നൽകാൻ സാഹചര്യമുണ്ടായില്ല. ഇവിടെ നിന്ന് വന്‍തോതില്‍ വോട്ടുകള്‍ ഒഴിവാക്കപ്പെടുന്നത് സാരമായി ബാധിക്കുക മഹാസഖ്യത്തെയാണ്. ദരിദ്രരും ദളിത് വോട്ടുകളും ഏറെയുള്ള നഗര ജില്ലകളായ ഭഗൽപൂർ, പട്ന എന്നിവിടങ്ങളില്‍ വോട്ടുകള്‍ ഒഴിവാക്കുന്നത് എന്‍ഡിഎയ്ക്ക് കൂടുതല്‍ മേല്‍ക്കൈ നല്‍കും. സീമാഞ്ചൽ‑മിഥിലാഞ്ചൽ ആർക് (പൂർണിയ, കിഷൻഗഞ്ച്) പ്രദേശങ്ങള്‍ മഹാസഖ്യത്തിന്റെയും ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീന്റെയും (എഐഎംഐഎം) നിർണായകമായ സ്വാധീനമുള്ള മേഖലകളാണ്. ഇവിടെ ന്യൂനപക്ഷ വോട്ടുകള്‍ ഒഴിവാക്കപ്പെടുന്നതും എന്‍ഡിഎയ്ക്ക് ഗുണകരമാവും.
മഹാസഖ്യത്തിന്റെ കോട്ടകളായ സരൺ, ഭോജ്പൂർ, സിവാൻ ജില്ലകളിലെ ഒഴിവാക്കല്‍ അവരുടെ വിജയത്തെ ദോഷകരമായി ബാധിക്കും. കുടിയേറ്റമേഖലയായ ഇവിടങ്ങള്‍ ആർജെഡിക്ക് അടിത്തറയുള്ളവയാണ്. ഇവിടെ കുടിയേറ്റക്കാരും പിന്നാക്കക്കാരും ഒഴിവാക്കപ്പെടുന്നത് പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടിയാകും. മഹാസഖ്യത്തിന്റെ ശക്തികേന്ദ്രമായ പട്നയ്ക്കും 2020ൽ പ്രതിപക്ഷ സഖ്യം തൂത്തുവാരിയ ഔറംഗാബാദ് പോലുള്ള മഗധ് മേഖലയിലെ കോട്ടകൾക്കും ഇതേ സ്ഥിതിയാണ്. കിഷൻഗഞ്ചിലും പൂർണിയയിലും എൻഡിഎ വിരുദ്ധ വോട്ട് 2020ൽ മഹാസഖ്യവും എഐഎംഐഎമ്മും തമ്മിൽ വിഭജിച്ചിരുന്നു. രണ്ടിന്റെയും പ്രധാന അടിത്തറയായ മുസ്ലിം സമൂഹത്തിലെ ഉയർന്നതോതിലുള്ള വോട്ടവകാശനിഷേധം മഹാസഖ്യത്തെ ദുർബലപ്പെടുത്തുക മാത്രമല്ല, എഐഎംഐഎമ്മിന്റെ സാന്നിധ്യത്തെ ഇല്ലാതാക്കുകയും ചെയ്യും. വിഘടിച്ച പ്രതിപക്ഷ വോട്ടിന്റെ ഏക ഗുണഭോക്താവ് എൻഡിഎയാണ്. ജൂൺ 25ന് പ്രത്യേക തീവ്ര പരിഷ്കരണം (എസ്‌ഐആർ) ആരംഭിച്ചതുമുതൽ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ഭയം ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവരും പിന്നാക്കക്കാരുമായ വോട്ടർമാർ ഇസിഐ നിർബന്ധിച്ചുകൊണ്ടിരുന്ന രേഖകൾ കൈവശം വയ്ക്കാൻ സാധ്യത കുറവാണെന്നായിരുന്നു. ഒഴിവാക്കല്‍ പൂര്‍ത്തിയാകുമ്പോള്‍ ഈ ആശങ്ക ശരിയായിരുന്നുവെന്നാണ് പല ജില്ലകളിലെയും കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.