
ആഗോള രാഷ്ട്രീയ സ്വാതന്ത്ര്യ- സമൃദ്ധി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പരിതാപകരം. രാഷ്ട്രീയ- നിയമ- സാമ്പത്തിക മാനദണ്ഡം അടിസ്ഥാനമാക്കി അറ്റ്ലാന്റിക് കൗണ്‍സില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ രാഷ്ട്രീയ സ്വാതന്ത്ര്യം സൂചിക ആരെയും നാണിപ്പിക്കുന്ന വിധം ഗണ്യമായി ഇടിഞ്ഞത്. വരുമാനം, ആരോഗ്യം, അസമത്വം, പരിസ്ഥിതി, ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്നിവയെ ആസ്പദമാക്കി നടത്തിയ സമൃദ്ധി സൂചികയിലും ഇന്ത്യയുടെ നില താഴേക്ക് പതിച്ചു. ആഗോള തലത്തില്‍ രാഷ്ട്രീയ സ്വാതന്ത്ര്യ സൂചിക 61.7 ശതമാനത്തിലാണ്. സമൃദ്ധി സൂചികയിലാവട്ടെ ഇന്ത്യയുടെ റാങ്ക് കേവലം 55.6 ശതമാനവും.
യുഎസ് ആസ്ഥാനമായ അറ്റ്ലാന്റിക് കൗണ്‍സില്‍ റിപ്പോര്‍ട്ട് പ്രകാരം രാഷ്ട്രീയ സ്വാതന്ത്ര്യത്തില്‍ 164 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 95 ആണ്. സമൃദ്ധി സൂചികയില്‍ 164 രാജ്യങ്ങളില്‍ 111ാം സ്ഥാനത്തും. കുറഞ്ഞ സ്വാതന്ത്ര്യം- കുറഞ്ഞ സമൃദ്ധി പട്ടികയില്‍പ്പെടുന്ന രാജ്യങ്ങളുടെ ഗണത്തിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2014 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ ആഗോളതലത്തിൽ ഇന്ത്യ സ്വാതന്ത്ര്യ സൂചികയില്‍ 14 പോയിന്റുകളുടെ ഇടിവ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി ലോക പൗരൻ അനുഭവിക്കുന്ന രാഷ്ട്രീയ സ്വാതന്ത്ര്യത്തിലെ കുത്തനെയുള്ള ഇടിവിന് പ്രധാന കാരണം 2014 മുതല്‍ ഭരണകൂടം രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് ഇടുന്നതാണ്. സംഘടനാ-ആവിഷ്കാര — മാധ്യമ സ്വാതന്ത്ര്യം എന്നിവ ഇതിന് ഉപസൂചികയായും അറ്റ്ലാന്റിക് കൗണ്‍സില്‍ വിലയിരുത്തുന്നു.
ആഗോള തലത്തില്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ വഷളായിട്ടുണ്ട്. എന്നാല്‍ ഇന്ത്യ അടക്കമുള്ള ദക്ഷിണ‑മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ഇവരുടെ അവസ്ഥ ദയനീയമാണ്. തൊഴിലിടത്തെ ലിംഗഭേദം, രാഷ്ട്രീയം, ഭാഷ, മതം, ജാതി തുടങ്ങിയ മേഖലകളിലെ വിവേചനം എന്നിവ വിലയിരുത്തുന്ന സമൃദ്ധി സൂചികയിലെ ന്യൂനപക്ഷ വിഭാഗത്തില്‍ ഇന്ത്യയുടെ റാങ്ക് 1990 അവസാനം മുതല്‍ താഴുന്ന പ്രവണതയാണ്. 1990 ല്‍ 50 ലായിരുന്ന റാങ്ക് 2018 നും 2020 നും ഇടയില്‍ 40 ലേക്കും 2024 ല്‍ 47.4 ലേക്കും കൂപ്പുകുത്തി.
അറ്റ്ലാന്റിക് കൗണ്‍സിലിന്റെ സൂചിക അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സ്വാതന്ത്ര്യം ഡെന്മാര്‍ക്കിലാണ്. 93.8 ശതമാനം. 16.9 ശതമാനത്തോടെ ഏറ്റവും കുറവ് സ്വാതന്ത്ര്യമുള്ള രാജ്യം അഫ്ഗാനിസ്ഥാനുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.