23 February 2026, Monday

Related news

February 20, 2026
February 14, 2026
February 11, 2026
February 10, 2026
February 9, 2026
February 6, 2026
February 6, 2026
February 4, 2026
February 4, 2026
January 25, 2026

മണിപ്പൂരിൽ പുതിയ സർക്കാർ ഫെബ്രുവരി 12ന് അധികാരമേല്‍ക്കും; ആരാണ് യുമ്നം ഖേംചന്ദ് സിങ്?

Janayugom Webdesk
ഇംഫാല്‍
February 4, 2026 11:14 am

ഒരു വർഷത്തോളമായി രാഷ്ട്രപതി ഭരണത്തിന് കീഴിലുള്ള മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരിക്കുമ്പോൾ ബിജെപി ലക്ഷ്യമിടുന്നത് എന്തായിരിക്കും.
പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവും മുൻ സംസ്ഥാന കാബിനറ്റ് മന്ത്രിയുമായ യുംനാം ഖേംചന്ദ് സിങ്ങിനെയാണ് പാർട്ടി നിയമിച്ചത്. രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് പുതിയ സര്‍ക്കാര്‍ ഫെബ്രുവരി 12ന് അധികാരമേല്‍ക്കും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 9 നാണ് മണിപ്പൂര്‍ മുഖ്യമന്ത്രിയായിരുന്ന ബിരേന്‍ സിങ് രാജിവച്ചത്. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയും നാഗ വിഭാഗത്തിന്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിൾ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം. രാഷ്ട്രപതി ഭരണം ഈ മാസം അവസാനിക്കാൻ ഇരിക്കെയാണ് പുതിയ സർക്കാർ രൂപീകരണം. 

ബിജെപി ഉടൻ തന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. രാഷ്ട്രീയ അനിശ്ചിതത്വത്തെയും ഭരണപരമായ വെല്ലുവിളികളെയും തുടർന്ന് 2025 ഫെബ്രുവരി മുതലാണ് മണിപ്പൂരിൽ കേന്ദ്രഭരണം ഏർപ്പെടുത്തിയത്.സിങ്‌ജമേയ് മണ്ഡലത്തിൽ നിന്നുള്ള രണ്ട് തവണ എംഎൽഎ ആയ വ്യക്തിയാണ് യുമ്നം ഖേംചന്ദ് സിങ്. 2017 ലും 2022 ലും ബിജെപി ടിക്കറ്റിൽ അദ്ദേഹം ഈ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 2017 മുതൽ 2022 വരെ മണിപ്പൂർ നിയമസഭയുടെ സ്പീക്കറായി സേവനമനുഷ്ഠിച്ചു.തുടർന്ന് വന്ന രണ്ടാമത് ബിരേൻ സിങ് സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായിരുന്നു. തദ്ദേശ സ്വയംഭരണം, ഭവന വികസനം, ഗ്രാമവികസനം, പഞ്ചായത്തീരാജ്, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. മണിപ്പൂരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന സംഘര്‍ഷ സാഹചര്യം കണക്കിലെടുത്തായിരുന്നു മുഖ്യമന്ത്രിയായിരുന്ന ബിരേന്‍ സിങ്ങിന്റെ രാജി.

മേഘാലയ മുഖ്യമന്ത്രിയായ കോണ്‍റാഡ് കെ സാംഗ്മയുടെ എന്‍പിപി, ബിജെപി സര്‍ക്കാരിന് നല്‍കി വന്ന പിന്തുണ പിന്‍വലിച്ചിരുന്നു. സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ ബിരേന്‍ സിങ് പൂര്‍ണപരാജയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. മണിപ്പൂര്‍ നിയമസഭയില്‍ 37 എംഎല്‍എമാരാണ് ബിജെപിക്കുള്ള്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ അഞ്ചും ജെഡിയുവിന്റെ ഒരു എംഎല്‍എയും ബിജെപിയെ പിന്തുണയ്ക്കുന്നു. 16 സീറ്റുകളാണ് പ്രതിപക്ഷത്തിനുള്ളത്.

2022 മേയ് 3നാണ് മണിപ്പൂരിലെ സംഘർഷങ്ങളുടെ തുടക്കം. പട്ടികവർഗ പദവിക്കായുള്ള മേയ്തി സമുദായത്തിന്റെ ആവശ്യത്തിനെതിരേ ചുരാചന്ദ്പുർ ജില്ലയിൽ ‘ആദിവാസിഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. മാർച്ചിനിടെ സായുധരായ പൊലീസ് മേയ്തി വിഭാഗത്തിൽപ്പെട്ട ആളുകളെ ആക്രമിച്ചു, ഇത് താഴ് വരയിലെ ജില്ലകളിൽ പ്രതികാര മനോഭാവത്തോടെയുള്ള ആക്രമണങ്ങളിലേക്ക് നയിച്ചു. ഇത് സംസ്ഥാനത്തുടനീളം വ്യാപിക്കുകയായിരുന്നു. മേയ്തികൾ ഹിന്ദുമതവിശ്വാസികളും കുകികളിൽ ഭൂരിഭാഗവും ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്നവരാണെങ്കിലും സംഘർഷം സംവരണം, ഭൂമി അവകാശം, എന്നിവയെല്ലാം സംബന്ധിച്ചാണ് ഉണ്ടായിരിക്കുന്നത്. മേയ്തികളും കുക്കികളും തമ്മിലുള്ള തർക്കം വളരെ നാളുകളായി നിലനിൽക്കുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.