റേഡിയോ ജോക്കി രാജേഷ് കൊലക്കേസിൽ രണ്ടും മൂന്നും പ്രതികൾ കുറ്റക്കാരെന്ന് വിചാരണ കോടതി. ശിക്ഷാവിധി 16ന് പ്രഖ്യാപിക്കും. രണ്ടാം പ്രതി അലിഭായി എന്ന ഓച്ചിറ മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി കായംകുളം അപ്പുണ്ണി എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഖത്തറിൽ വച്ചുള്ള ക്വട്ടേഷൻ ഏറ്റെടുത്ത് കൊല്ലം മടവൂർ മെട്രാസ് റെക്കോർഡിങ് സ്റ്റുഡിയോയിൽ രാത്രി ആയുധങ്ങളുമായി അതിക്രമിച്ചു കടന്ന് വെട്ടിക്കൊന്നതാണ് കേസ്.
തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ പി അനിൽകുമാറാണ് രണ്ട് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. നാല് മുതൽ 12 വരെയുള്ള പ്രതികളെ തെളിവിന്റെ അഭാവത്തിൽ വിട്ടയച്ചു. ക്വട്ടേഷൻ കൊടുത്ത ഒന്നാം പ്രതി അബ്ദുൾ സത്താർ വിദേശ രാജ്യമായ ഖത്തറിൽ ജയിലിൽ കഴിയുകയാണ്. അവിടത്തെ ശിക്ഷ തീരുന്ന മുറക്ക് ഇന്ത്യയിലെത്തിച്ച് പ്രത്യേക വിചാരണ ചെയ്യും.
അലിഭായി എന്ന ഓച്ചിറ മുഹമ്മദ് സാലിഹ്, കായംകുളം അപ്പുണ്ണി, കരുനാഗപ്പള്ളി തൻസീർ, സ്ഫടികം എന്ന കുണ്ടറ സ്വാതി സന്തോഷ്, വള്ളിക്കീഴ്സാനു എന്ന സുബാഷ്, ഓച്ചിറ യാസിൻ, മുളവന എബി ജോൺ, ചെന്നിത്തല സുമിത്, വെണ്ണല സെബല്ലാമണി, കായംകുളം ഭാഗ്യശ്രീ, വർക്കല ഷിജിന ഷിഹാബ് എന്നിവരാണ് കേസിൽ വിചാരണ നേരിട്ട നിലവിലുള്ള 11 പ്രതികൾ. രണ്ട് മുതൽ നാല് വരെയുള്ള പ്രതികളായ അലിഭായി, അപ്പുണ്ണി, തൻസീർ എന്നിവർ ജാമ്യം ലഭിക്കാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ സെൻട്രൽ ജയിലിൽ കഴിയുകയാണ്.
2018 മാർച്ച് 27ന് വെളുപ്പിന് 1.40നാണ് കിളിമാനൂർ മടവൂർ മെട്രാസ് റിക്കോർഡിങ് സ്റ്റുഡിയോയിൽ അതിക്രമിച്ച് കയറി രാജേഷിനെ മാരകായുധങ്ങൾ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ദോഹയിൽ ജിംനേഷ്യവും ബിസിനസുമുള്ള സത്താർ എന്നയാളിന്റെ ഭാര്യയും നർത്തകിയുമായ സഫിയ എന്ന മെറ്റിൽഡാ സോളമനും ഖത്തറിൽ റേഡിയോ ജോക്കിയായി ജോലി നോക്കി വന്ന രാജേഷും തമ്മിൽ പ്രണയത്തിലാവുകയായിരുന്നു. സത്താറിന്റെ എതിർപ്പുകളെയും താക്കീതുകളെയും അവഗണിച്ച് ബന്ധം തുടർന്നതും തുടര്‍ന്ന് സത്താറുമായുള്ള വിവാഹബന്ധം വേർപെടുത്തുകയും ചെയ്തതാണ് കൊലപാതകത്തിന് കാരണമായത്. ഖത്തറിൽ തന്റെയും ഭാര്യ സഫിയയുടെയും പേർക്കുണ്ടായിരുന്ന ജോയിന്റ് ട്രേഡ് ലൈസൻസ് റദ്ദായതിനാല്‍ വൻ സാമ്പത്തിക ബാധ്യത ഉണ്ടായതിലുള്ള വിരോധവും ക്വട്ടേഷൻ കൊലയ്ക്ക് കാരണമായെന്ന് പൊലീസ് കണ്ടെത്തി.
അബ്ദുൾ സത്താർ ഖത്തറിൽ സാമ്പത്തിക കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതിനാൽ അവിടത്തെ കേസ് തീരാതെ ഇയാളെ ഇന്ത്യക്ക് കൈമാറില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനാല്‍ നിലവിൽ ഇയാളെ കേരളാ പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഖത്തറിലെ കേസ് തീരുന്ന മുറക്ക് ഇയാളെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കൂടുതൽ തെളിവെടുത്ത ശേഷം പ്രത്യേക കുറ്റപത്രം സമർപ്പിക്കും.
English summary;In the case of murdering a radio jockey, two and three accused are guilty
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.