4 January 2025, Saturday
KSFE Galaxy Chits Banner 2

Related news

January 4, 2025
January 3, 2025
January 2, 2025
January 2, 2025
January 2, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025

കൽപ്പറ്റയിലെ എസ്റ്റേറ്റിൽ വീട്, റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കും; 750 കോടി രൂപ ചിലവിൽ വയനാട് പുനരധിവാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
January 1, 2025 4:32 pm

രാജ്യം കണ്ട സമാനതകളില്ലാത്ത ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ വേദനയ്ക്ക് ആശ്വാസമായി, കേന്ദ്ര സഹായത്തിന് കാത്തുനില്‍ക്കാതെ നാടിനെ വീണ്ടെടുക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട്. മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പുനരധിവസിപ്പിക്കുന്നതിനുള്ള ടൗണ്‍ഷിപ്പിനായി കോട്ടപ്പടി വില്ലേജിലെ നെടുമ്പാല, കല്പറ്റ വില്ലേജിലെ എൽസ്റ്റോൺ എസ്റ്റേറ്റുകളാണ് തെരഞ്ഞെടുത്തത്. പുനരധിവാസത്തിനും നിർമ്മാണത്തിനും അനുയോജ്യമല്ലാത്ത ഭാഗം ഒഴിവാക്കിയതിനു ശേഷം എൽസ്റ്റോൺ എസ്റ്റേറ്റിൽ 58.50, നെടുമ്പാലയിൽ 48.96 ഹെക്ടര്‍ വീതമാണ് ഏറ്റെടുക്കുക. എൽസ്റ്റോൺ എസ്റ്റേറ്റിലെ ടൗൺഷിപ്പ് കല്പറ്റ മുനിസിപ്പാലിറ്റിയിലും നെടുമ്പാല ടൗൺഷിപ്പ് മേപ്പാടി പഞ്ചായത്തിലുമാണ് ഉള്‍പ്പെടുന്നത്. അതിനനുസൃതമായി ഭൂമി വിലയിൽ വരുന്ന വ്യത്യാസം കണക്കിലെടുത്ത് എൽസ്റ്റോൺ എസ്റ്റേറ്റിൽ ഒരു കുടുംബത്തിന് അഞ്ച്, നെടുമ്പാലയിൽ 10 സെന്റ് വീതമാണ് നൽകുക. 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതായിരിക്കും വീടുകള്‍. വിനോദ സൗകര്യങ്ങൾ, മാർക്കറ്റ്, ആരോഗ്യ കേന്ദ്രം, വിദ്യാലയം, അങ്കണവാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ള, ശുചിത്വ സംവിധാനങ്ങൾ എന്നിവയെല്ലാം ഒരുക്കും. ഏറ്റെടുക്കാത്ത ഭൂമിയിൽ പ്ലാന്റേഷൻ നടത്തും. ഡ്രോണ്‍ സര്‍വേയിലൂടെയാണ് ഭൂമി കണ്ടെത്തിയത്. നടന്നുവരുന്ന ഫീൽഡ് സർവേ പൂര്‍ത്തിയാകുന്നതോടെ ഭൂമിയുടെ കൃത്യമായ കണക്കുകൾ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വീട് മാത്രമല്ല, ഉപജീവന മാര്‍ഗവും

വീടുവച്ച് നൽകുന്നതിനൊപ്പം എല്ലാ രീതിയിലും ദുരന്തത്തെ അതിജീവിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ഉപജീവനമാർഗങ്ങൾ ഉൾപ്പെടെയാണ് പുനരധിവാസം യാഥാർത്ഥ്യമാക്കുക. ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമ പട്ടിക 25 നകം പുറത്തിറക്കും. ഉപജീവനമാർഗമൊരുക്കാൻ കുടുംബശ്രീ നേതൃത്വത്തിൽ മൈക്രോ പ്ലാൻ സർവേ നടത്തി. മേപ്പാടി പഞ്ചായത്തില്‍ 10, 11,12 വാർഡുകളിലെ 4,658 പേർ അടങ്ങുന്ന 1084 കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. ഇതിൽ 79 പേർ മൃഗസംരക്ഷണ മേഖലയാണ് തെരഞ്ഞെടുത്തത്. 192 പേർ കാർഷിക മേഖലയും 1034 പേർ സൂക്ഷ്മ സംരംഭങ്ങളും 585 പേർ മറ്റ് വരുമാനമുണ്ടാക്കുന്ന പ്രവർത്തനങ്ങളും തെരഞ്ഞെടുത്തു. പ്രത്യേക പരിഗണന നൽകേണ്ട സ്ത്രീകൾ മാത്രമുള്ള 84, വിധവകൾ മാത്രമുള്ള 38, കുട്ടികൾ മാത്രമുള്ള മൂന്ന്, വയോജനങ്ങൾ മാത്രമുള്ള നാല്, ഒരംഗം മാത്രമുള്ള 87 കുടുംബങ്ങളേയുമാണ് സർവേ വഴി കണ്ടെത്തിയത്.

കാലതാമസം നഷ്ടമാക്കിയത് വലിയ സഹായങ്ങള്‍

നിരന്തര സമ്മർദത്തിന് ഒടുവിൽ കഴിഞ്ഞ ദിവസം മാത്രമാണ് മേപ്പാടി ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്രം അംഗീകരിച്ചത്. ദുരന്തം ഉണ്ടായി രണ്ടുമാസത്തിനുള്ളിൽ ഈ അറിയിപ്പ് ലഭിച്ചിരുന്നെങ്കിൽ യുഎൻ സ്ഥാപനങ്ങൾ, എൻജിഒകൾ എന്നിവരിൽ നിന്ന് അധിക സാമൂഹിക സഹായം ലഭിക്കുാൻ സാധ്യതയുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ, രാജ്യത്തെ മറ്റ് പ്രദേശങ്ങളിലും മേപ്പാടിക്കു ശേഷം ദുരന്തം ഉണ്ടായ സാഹചര്യത്തിൽ ഇത് ഇനി എത്ര കണ്ട് ലഭിക്കുമെന്നറിയില്ല. ആ ഒരു അവസരമാണ് ഈ കാലതാമസത്തിലൂടെ നഷ്ടമായത്. പക്ഷേ, തുടർന്നും ശ്രമിക്കും. ഇപ്പോള്‍ കേരളത്തിന്റെ പ്രാഥമിക ആവശ്യം അംഗീകരിച്ചതിനാൽ തുറന്നു കിട്ടുന്ന അവസരങ്ങൾ സംസ്ഥാനം വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉമടസ്ഥാവകാശം അവര്‍ക്ക് തന്നെ

ടൗൺ ഷിപ്പിലേക്ക് പുനരധിവസിക്കപ്പെട്ടശേഷവും ദുരന്തബാധിത മേഖലയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം അവരവർക്ക് തന്നെയായിരിക്കും. ഉരുൾ പൊട്ടിയ ആ ഭൂമി വനപ്രദേശമായി മാറാതിരിക്കാൻ കൂട്ടുകൃഷി പോലുള്ള ഉല്പാദനപരമായ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള സാധ്യതകൾ പിന്നീട് പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.