30 October 2024, Wednesday
KSFE Galaxy Chits Banner 2

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിൽ കേരളം ഏറെ മുന്നിൽ

Janayugom Webdesk
June 21, 2022 9:18 pm

വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിൽ കേരളം മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഏറെ മുന്നിൽ. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്താൻ ചേർന്ന ദിശ യോഗത്തിലാണ്‌ വിലയിരുത്തൽ.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉൾപ്പെടെ കേരളം മിന്നുന്ന പ്രകടനം കാഴ്ച വെച്ച് ഒന്നാം സ്ഥാനത്താണെന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. യോഗത്തിൽ ദിശ സംസ്ഥാനതല സമിതിയുടെ കോ ചെയർമാനായ തദ്ദേശ സ്വയം ഭരണ‌ മന്ത്രി എം വി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
തൊഴിലുറപ്പ്‌ പദ്ധതിയിലെ സ്ത്രീ പങ്കാളിത്തത്തിലും പട്ടികവർഗ കുടുംബങ്ങൾക്ക്‌ നൂറ് തൊഴിൽ ദിനം നൽകുന്ന കാര്യത്തിലും കേരളം ദേശീയതലത്തിൽ ഒന്നാമതാണ്‌. പട്ടികജാതി കുടുംബങ്ങൾക്ക്‌ നൂറ് തൊഴിൽ ദിനങ്ങൾ നൽകുന്ന കാര്യത്തിൽ കേരളം രണ്ടാമതാണ്‌. തൊഴിലാളികൾക്ക്‌ വേതനം സമയബന്ധിതമായി വിതരണം ചെയ്യുന്ന ആദ്യ നാല്‌ സംസ്ഥാനങ്ങളിൽ കേരളമുണ്ട്‌. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട്‌ മാസത്തിൽ തന്നെ 54 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച്‌ കേരളം മികച്ച പ്രകടനവുമായി മുന്നോട്ട്‌ കുതിക്കുകയാണ്‌. ഈ നേട്ടങ്ങളിലും കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണന കേരളം നേരിടുന്നതായും യോഗം വിലയിരുത്തി.
ഒരു വർഷത്തിലധികമായി മെറ്റീരിയൽ ഇനത്തിലും ഭരണച്ചിലവ്‌ ഇനത്തിലുമായി 700 കോടി രൂപയാണ്‌ കേന്ദ്രം നൽകാനുള്ളത്‌. ഈ തുക അനുവദിക്കാത്തത്‌ തൊഴിലുറപ്പ്‌ പദ്ധതിയുടെ ആസ്തി നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി. എല്ലാ രേഖകളും കൃത്യമായി സമർപ്പിച്ചിട്ടും നേരിടുന്ന ഈ കാലതാമസം വലിയ തിരിച്ചടിയാണ്‌. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാൻ യോഗത്തിൽ പങ്കെടുത്ത എം പിമാരെ ചുമതലപ്പെടുത്തി.
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഉന്നതി, സുഭിക്ഷ കേരളം, ശുചിത്വ കേരളം, മികവ്‌, പച്ചത്തുരുത്ത്‌ തുടങ്ങിയ പദ്ധതികളുമായി തൊഴിലുറപ്പ്‌ പദ്ധതിയെ സംയോജിപ്പിക്കുന്നതിലെ പുരോഗതിയും യോഗം വിലയിരുത്തി. കഴിഞ്ഞ വർഷം സംസ്ഥാനത്ത്‌ പദ്ധതി പ്രകാരം 1041 പച്ചത്തുരുത്തുകൾ സൃഷ്ടിച്ചു. ദേശീയ ഗ്രാമീണ ഉപജീവൻ മിഷൻ, നാഷണൽ റൂറൽ അർബൻ മിഷൻ, പ്രധാനമന്ത്രി ആവാസ്‌ യോജന, കൃഷി സിഞ്ചായി യോജന, രാഷ്ട്രീയ കൃഷി വികാസ്‌ യോജന, പരമ്പരാഗത്‌ കൃഷി വികാസ്‌ യോജന, നാഷണൽ അഗ്രികൾച്ചറൽ മാർക്കറ്റ്‌, പ്രധാനമന്ത്രി ഫസൽ ബിമ യോജന എന്നീ പദ്ധതികളും മികച്ച രീതിയിൽ കേരളത്തിൽ പുരോഗമിക്കുന്നുണ്ടെന്നും ദിശ യോഗം വിലയിരുത്തി.

Eng­lish sum­ma­ry; In the imple­men­ta­tion of cen­tral projects
Ker­ala is far ahead

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.