
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയില്‍ പ്രതിസന്ധി രൂക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ സാങ്കേതിക പ്രശ്‌നങ്ങൾ, വിമാനത്താവളങ്ങളിലെ തിരക്ക്, ‘ഓപ്പറേഷണൽ ആവശ്യകതകൾ’ എന്നിവ കാരണം വലിയ തോതിലുള്ള കാലതാമസവും വിമാനങ്ങൾ റദ്ദാക്കലും നേരിടുന്നതായി കമ്പനി അറിയിച്ചു. ബുധനാഴ്ച മാത്രം ഡൽഹിയിൽ 40ഓളം ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതായാണ് സൂചന. പുതിയ പൈലറ്റ് ഡ്യൂട്ടി സമയ പരിധി മാനദണ്ഡങ്ങൾ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് എയർലൈൻ ജീവനക്കാരുടെ ക്ഷാമം നേരിടുന്നതാണ് പ്രധാന പ്രശ്നമെന്ന് വിമാനത്താവള വൃത്തങ്ങളും ഇൻഡിഗോ പൈലറ്റും അറിയിച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30 വരെ ഡൽഹി, മുംബൈ, ബംഗളൂരു എന്നീ തിരക്കേറിയ വിമാനത്താവളങ്ങളിൽ രാജ്യത്തൊട്ടാകെ ഏകദേശം 700 ഫ്ലൈറ്റുകൾ വൈകി. ഇതിൽ മൂന്നിൽ രണ്ട് ഭാഗവും ഡൽഹിയിലാണ്. ബുധനാഴ്ച ജീവനക്കാരുടെ ക്ഷാമം കാരണം ബംഗളൂരു, മുംബൈ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടെ 70ൽ അധികം ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ജീവനക്കാരെ കിട്ടാതെ വന്നതോടെ പല വിമാനത്താവളങ്ങളിലും ഇൻഡിഗോയുടെ നിരവധി വിമാനങ്ങൾ വൈകി. ഇൻഡിഗോ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ, സാങ്കേതിക പ്രശ്‌നങ്ങൾ, എയർപോർട്ട് തിരക്ക്, ഓപ്പറേഷണൽ ആവശ്യകതകൾ ഉൾപ്പെടെയുള്ള വിവിധ കാരണങ്ങൾ കൊണ്ടാണ് വിമാനങ്ങൾ വൈകിയതെന്നും ചിലത് റദ്ദാക്കേണ്ടി വന്നതെന്നും അറിയിച്ചു.
പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിന് ശേഷം ഇൻഡിഗോ കടുത്ത ജീവനക്കാരുടെ ക്ഷാമം നേരിടുന്നുണ്ടെന്നും, ഇത് റദ്ദാക്കലുകളിലേക്കും വലിയ കാലതാമസത്തിലേക്കും നയിച്ചെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ചൊവ്വാഴ്ച സ്ഥിതി മോശമാവുകയും ബുധനാഴ്ച ക്ഷാമം കൂടുതൽ വഷളാവുകയും ചെയ്തതോടെ രാജ്യത്തെ വിമാനത്താവളങ്ങളിലുടനീളം നിരവധി ഫ്ലൈറ്റുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാത്രം 22 എത്തുന്ന വിമാനങ്ങളും 20 പുറപ്പെടുന്ന വിമാനങ്ങളും ഉൾപ്പെടെ 42 ഇൻഡിഗോ വിമാനങ്ങളാണ് ബുധനാഴ്ച റദ്ദാക്കിയത്. ഓപ്പറേഷണൽ കാരണങ്ങളും തുടർച്ചയായ കാലതാമസത്തിൻ്റെ ശൃംഖല കാരണവുമാണ് ഈ റദ്ദാക്കലുകളെന്ന് ഇൻഡിഗോ പ്രതിനിധി അറിയിച്ചു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഡൽഹി, ബംഗളൂരു തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള 13 ഫ്ലൈറ്റുകൾ ഇൻഡിഗോ റദ്ദാക്കി. കൂടാതെ, വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 18 ഇൻകമിംഗ് ഫ്ലൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.