11 December 2025, Thursday

Related news

December 11, 2025
December 6, 2025
December 5, 2025
December 5, 2025
November 27, 2025
November 24, 2025
November 23, 2025
November 14, 2025
November 14, 2025
November 11, 2025

‘മോഡി അരി’ അല്‍പത്തം

കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനെതിരെ മന്ത്രി ജി ആര്‍ അനില്‍ 
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്രമന്ത്രി തെറ്റിദ്ധാരണ പരുത്തുന്നു 
സ്വന്തം ലേഖിക
തിരുവനന്തപുരം
August 27, 2025 7:32 pm

കേരളത്തില്‍ നല്‍കുന്ന റേഷനില്‍ മുഴുവന്‍ അരിയും മോ‍ഡി അരിയാണെന്നും പിണറായി വിജയന്റേത് ഒരു മണിപോലുമില്ലെന്നും പറഞ്ഞ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ പ്രസ്താവന അല്പത്തമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍. പണ്ട് രാജഭരണകാലത്ത് അന്നദാതാവായ പൊന്നുതമ്പുരാൻ എന്ന് പറയുമായിരുന്നു. ജനാധിപത്യത്തിൽ ഭരണാധികാരികൾ അത്രയും അൽപത്തം കാണിക്കാൻ പാടില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നാട്ടുകാർക്ക് മനസിലാകാനാണെന്ന് കേന്ദ്രമന്ത്രി എടുത്തെടുത്ത് പറയുന്നുണ്ടായിരുന്നു. രാജ്യത്തെല്ലാവർക്കും സൗജന്യ അരി നൽകാൻ മാത്രം ധനികനാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന് ഇപ്പോൾ നാട്ടുകാർക്ക് മനസിലായി. ഇന്ത്യൻ ഭരണഘടന പ്രകാരം പ്രവർത്തിക്കുന്ന പാർലമെന്റ് പാസാക്കിയ 2013 ലെ ഭക്ഷ്യ ഭദ്രതാനിയമ പ്രകാരം സൗജന്യമായി നൽകുന്നതാണ് റേഷൻ. ഇന്ത്യയിലെ കർഷകർ ഉല്പാദിപ്പിക്കുന്ന ധാന്യം സംഭരിച്ച് പൊതുവിതരണ സമ്പ്രദായത്തിലൂടെ കൊടുക്കുകയാണ്. അതവരുടെ അവകാശമാണ്. ഒരു ഭരണാധികാരിയുടെയും വ്യക്തിപരമായ ഔദാര്യമല്ലെന്നും മന്ത്രി ജി ആര്‍ അനില്‍ ഓര്‍മ്മിപ്പിച്ചു.
തെരഞ്ഞെടുപ്പ് വരാനിരിക്കെ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി എന്തെങ്കിലും നേട്ടം ഉണ്ടാക്കാന്‍ പറ്റുമോ എന്നുള്ള ധാരണയാണ് കേന്ദ്രമന്ത്രിക്കുള്ളത്. കേരളത്തിലെ ജനങ്ങള്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ ഉള്ളതല്ല. ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ല. തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങള്‍ കേന്ദ്രമന്ത്രി പറഞ്ഞതുകൊണ്ടാണ് ജനങ്ങളുടെ മുമ്പില്‍ വസ്തുതകള്‍ താന്‍ വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മുൻപും കേന്ദ്രത്തിൽ ഉണ്ടായിരുന്ന ഭരണാധികാരികളോട് നമുക്ക് അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ട്. കേരള ജനത റേഷനിങ്ങിനും കൂടുതൽ ഭക്ഷ്യധാന്യത്തിനും വേണ്ടി സമരം ചെയ്തിട്ടുമുണ്ട്. മൻമോഹൻസിങ്ങിന്റെയും ഇന്ദിരാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെ കാലത്തുപോലും നമ്മൾ തർക്കങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പക്ഷേ അവരാരും ഇതുപോലെ അൽപത്തം പറഞ്ഞിട്ടില്ല. 2013ൽ എന്‍എഫ്എസ്എ നടപ്പാക്കിയപ്പോൾ അതിൽ ഗണ്യമായ വെട്ടിക്കുറവുണ്ടായി. 57% ജനങ്ങളെ സാർവത്രിക റേഷൻ സംവിധാനത്തില്‍ നിന്ന് ഒഴിവാക്കേണ്ടിവന്നു. ആ സാഹചര്യത്തിലാണ് നമുക്ക് കൂടുതൽ ഭക്ഷ്യ ധാന്യത്തിനുവേണ്ടി നിരന്തരമായി ആവശ്യപ്പെടേണ്ടി വരുന്നത്. അത് നിഷേധിക്കുമ്പോൾ പ്രതിഷേധമുയരുന്നത് സ്വാഭാവികമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഓണച്ചന്തകളുടെ സംസ്ഥാന ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പറഞ്ഞത് 100 ശതമാനം ശരിയാണ്. ഒരു മണി അരി പോലും കൂടുതലായി അനുവദിക്കില്ല എന്നാണ് കേന്ദ്രം പറഞ്ഞത്. ജൂലൈ ഒന്നിന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയെ ഡൽഹിയിൽ താന്‍ നേരിൽകണ്ട് അധിക ഭക്ഷ്യധാന്യം ആവശ്യപ്പെട്ടു. നോൺ എന്‍എഫ്എസ്എ വിഭാഗങ്ങൾക്ക് നൽകുന്ന ടൈഡ് ഓവർ നിരക്കിൽ എട്ട് രൂപ 30 പൈസയ്ക്ക് മുൻഗണനേതര വിഭാഗങ്ങൾക്ക് അഞ്ച് കിലോ അരിയെങ്കിലും ഓണത്തിന് അധികമായി നൽകണമെന്നാണ് ചോദിച്ചത്. അത് നൽകാൻ കഴിയില്ലെന്നും ആവശ്യമെങ്കിൽ സ്വകാര്യ വ്യാപാരികൾക്ക് പോലും ലഭ്യമായ ഒഎംഎസ്എസ് നിരക്കിൽ എഫ്സിഐയിൽ നിന്നും എടുക്കാനുമാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. എന്നാല്‍ ഇപ്പോൾ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറയുന്നത് ‘ഒരു പൈസ പോലും കൊടുക്കാതെ’ ആറ് മാസത്തെ അലോട്ട്മെന്റ് മുൻകൂറായി എടുക്കാന്‍ അനുവാദം കൊടുത്തു എന്നാണ്. അത് ഔദാര്യമല്ല നിയമമാണെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
ഈ മാസത്തെ സപ്ലൈകോ വിറ്റുവരവ് 223.25 കോടി
പ്ലൈകോയുടെ ഈ മാസത്തെ വിറ്റുവരവ് 223.25 കോടി രൂപയിലെത്തിയെന്ന് മന്ത്രി ജി ആര്‍ അനില്‍. ഇന്നലെ ഉച്ചവരെ 35,96,562 ഉപഭോക്താക്കൾ സപ്ലൈകോയെ ആശ്രയിച്ചു. ചൊവ്വാഴ്ചത്തെ മാത്രം വിറ്റുവരവ് 14.72 കോടി രൂപയിലെത്തി. ജൂലൈ മാസത്തിൽ 31,94,101 ഉപഭോക്താക്കൾ സപ്ലൈകോയെ ആശ്രയിച്ചപ്പോൾ ഈ വില്പന വഴി 168.31 കോടി രൂപയുടെ വിറ്റുവരവ് നേടാൻ കഴിഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസകരമായ രീതിയിൽ വലിയ തോതിലുള്ള വിപണി ഇടപെടൽ നടത്തി വിജയിച്ചു. അരിയുടെയും വെളിച്ചെണ്ണയുടെയും വില വർധനവ് പിടിച്ചുനിർത്താനും വില കുറയ്ക്കാനും സര്‍ക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി ജി ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.