
ഇടതുപക്ഷത്തിന്റെ ഉരുക്ക് കോട്ടയാണ് കണ്ണൂർ ജില്ലയിലെ ധർമടം. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധീകരിക്കുന്ന ഈ മണ്ഡലത്തിൽ വികസനത്തിന്റെ പേരിലാണ് എൽഡിഎഫ് ഇത്തവണയും വോട്ട് ചോദിക്കുന്നത്. കണ്ണൂർ ജില്ലയിലെ എട്ടു ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് ധർമ്മടം നിയമസഭാമണ്ഡലം. എടക്കാട് മണ്ഡലത്തിന്റെ ഭാഗമായിരുന്ന പെരളശേരി, കടമ്പൂർ, ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളും കൂത്തുപറമ്പിൽ ഉൾപ്പെട്ടിരുന്ന പിണറായിയും വേങ്ങാടും തലശേരിയുടെ ഭാഗമായിരുന്ന ധർമടം പഞ്ചായത്തും ഉൾപ്പെടുത്തി 2011ലാണ് മണ്ഡലം രൂപംകൊണ്ടത്. 2008ലെ നിയമസഭാ പുൻനിര്‍ണയത്തോടെയാണ് ധർമ്മടം എന്ന പുതിയ മണ്ഡലം നിലവിൽ വന്നത്. 139 ബൂത്തുകളാണ് ധർമടം മണ്ഡലത്തിലുള്ളത്. 2011ലാണ് ധർമടം മണ്ഡലത്തിലെ ആദ്യത്തെ നിയമസഭാ തെരെഞ്ഞെടുപ്പ് നടന്നത്.
ആദ്യ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ കെ കെ നാരായണൻ ആകെ പോൾ ചെയ്ത വോട്ടിന്റെ 53 ശതമാനവും കരസ്ഥമാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ മമ്പറം ദിവാകരനെ 15,162 വോട്ടുകൾക്കാണ് കെ കെ. നാരായണൻ പരാജയപ്പെടുത്തിയത്. 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇവിടെ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടിയത്. കോൺഗ്രസിൽ നിന്നും മമ്പറം ദിവാകരനും, ബിജെപിയിൽ നിന്നും മോഹനൻ മാനന്തേരിയും മത്സരിച്ചു. മമ്പറം ദിവാകരനെ 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിക്കൊണ്ടാണ് പിണറായി വിജയൻ തെരെഞ്ഞെടുക്കപ്പെട്ടു. ആകെ പോൾ ചെയ്തതിന്റെ 57 ശതമാനത്തോളം വോട്ട് പിണറായി വിജയന് ലഭിച്ചു.
2021 ലെ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ ഭൂരിപക്ഷം 50,123 ആയി വർധിപ്പിച്ചു. സി രഘുനാഥ് ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. സി കെ പത്മനാഭൻ ബിജെപി സ്ഥാനാർത്ഥിയും. കോൺഗ്രസ് നേതാവ് സി രഘുനാഥ് 2024ൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി.
കഴിഞ്ഞ പത്തുവർഷം ഒട്ടേറെ വികസന പദ്ധതികളാണ് മണ്ഡലത്തിൽ ഉണ്ടായത്. നിർമാണം പൂർത്തിയാകുന്ന എഡ്യുക്കേഷൻ ഹബ്ബും അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്ന സ്കൂളുകളും എ കെ ജി മ്യൂസിയവും ഹൈടെക്കായ ആശുപത്രികളും റഗുലേറ്റർ കം ബ്രിഡ്ജുകളും റോഡുകളും പാലങ്ങളും എല്ലാം മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.