
കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലര്‍ക്ക് തിരിച്ചടി. രജിസ്ട്രാറായി ഡോ. കെ എസ് അനിൽകുമാറിന് തുടരാമെന്ന് ഹൈക്കോടതി. സിന്‍ഡിക്കേറ്റ് യോഗം സസ്പെന്‍ഷന്‍ നടപടി പിന്‍വലിച്ചതിനാല്‍ ഹര്‍ജി പിന്‍വലിക്കുന്നുവെന്ന് അനില്‍കുമാര്‍ കോടതിയെ അറിയിച്ചു. ആവശ്യം ഹെെക്കോടതി അംഗീകരിച്ചു.
ജസ്റ്റിസ് ദിനേശ് കുമാർ സിങ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നടപടി. സർവകലാശാലയിലെ ഭരണസമിതിയായ സിൻഡിക്കേറ്റിനാണ് പൂർണ അധികാരമെന്നത് കോടതി അംഗീകരിച്ചതോടെ സംഘ്പരിവാര്‍ അജണ്ടയുടെ നടത്തിപ്പുകാരായി മുന്നില്‍ നിന്ന വൈസ് ചാന്‍സലര്‍മാര്‍ക്ക് കനത്ത തിരിച്ചടിയായി. സസ്പെന്‍ഷന്‍ റദ്ദാക്കിയ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ ചാന്‍സലറെ സമീപിക്കാമെന്ന് ഹൈക്കോടതി വിസിയെ അറിയിച്ചു.
കേരള സർവകലാശാല രജിസ്ട്രാറെ ചട്ടവിരുദ്ധമായി സസ്പെൻഡ് ചെയ്ത താല്‍ക്കാലിക വൈസ് ചാന്‍സലറുടെ ഉത്തരവ് ഞായറാഴ്ച ചേര്‍ന്ന പ്രത്യേക സിന്‍ഡിക്കേറ്റ് യോഗമാണ് റദ്ദ് ചെയ്തത്. സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ‘ആര്‍എസ്എസ് ഭാരതാംബ’യുടെ ചിത്രം സ്ഥാപിച്ചത് മാറ്റണമെന്ന് ആവശ്യപ്പെടുകയും നിബന്ധനകള്‍ ലംഘിച്ചതിനാല്‍ പരിപാടി റദ്ദാക്കുമെന്ന് അറിയിക്കുകയും ചെയ്തതിനാണ് ചാന്‍സലറായ ഗവര്‍ണറുടെ നിര്‍ദേശപ്രകാരം രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത്. സിന്‍ഡിക്കേറ്റിനെ മറികടന്നുള്ള നടപടിക്കെതിരെയാണ് രജിസ്ട്രാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ പ്രത്യേക അഭിഭാഷകനെ വിസി ഹൈക്കോടതിയിൽ തനിക്കായി നിയോഗിച്ചെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു. അതേസമയം, രജിസ്ട്രാറുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറിന് സിസ തോമസ് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് വിവരം. സിന്‍ഡിക്കേറ്റ് തീരുമാനത്തിന് സാധുതയില്ലെന്നാണ് വിസിയുടെ അവകാശവാദം. രജിസ്ട്രാറെ ചട്ടവിരുദ്ധമായി സസ്‌പെന്‍ഡ് ചെയ്ത താല്‍ക്കാലിക വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ അവധിയെടുത്തതോടെയാണ് സിസ തോമസിന് ഗവര്‍ണര്‍ പകരം ചുമതല നല്‍കിയത്. സിസ തോമസിന്റെ കേരള സർവകലാശാലയിലെ താല്‍ക്കാലിക കാലാവധി ഇന്ന് അവസാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.