ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണാർത്ഥം റെയിൽവേയിൽ ഉദ്ഘാടന-തറക്കല്ലിടൽ മഹാമഹം. പണി പൂർത്തിയായിട്ടില്ലാത്തവയുടെ ഉദ്ഘാടനവും പ്രവൃത്തി തുടങ്ങിയവയുടെ ശിലാസ്ഥാപനവും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ നടത്താനായിരുന്നു പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള കർശന നിർദേശം. കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച റെയിൽവേ പദ്ധതികൾ പോലും ഈ തന്ത്രത്തിന്റെ ഭാഗമാക്കാൻ വേണ്ടി, മനഃപൂർവം വൈകിച്ച് ആറ് മാസത്തിനു മുമ്പ് മാത്രമാണ് ആരംഭിച്ചത്. ജനശ്രദ്ധയാകർഷിക്കും വിധം ഉദ്ഘാടന-തറക്കല്ലിടൽ മഹോത്സവം രാജ്യത്താകെ ഒരു ദിവസം നടത്തണമെന്നായിരുന്നു റെയിൽവേ ഡിവിഷനുകൾക്ക് ലഭിച്ച കല്പന. ഇതിനായി ഫെബ്രുവരി അവസാനവാരത്തിലെ ഒരു തീയതി പി എം ഓഫിസ് നിശ്ചയിക്കുകയും ചെയ്തിരുന്നു.
554 അമൃത് ഭാരത് സ്റ്റേഷനുകളുടെ തറക്കല്ലിടലും 1500 ഓളം മേൽപ്പാലങ്ങൾ, അടിപ്പാതകൾ എന്നിവയുടെ ഉദ്ഘാടനവുമാണ് ഉത്തരവ് പ്രകാരം കഴിഞ്ഞ മാസം അവസാനത്തിൽ റെയിൽവേ നടത്തിയത്. ഇതിൽ, പല അമൃത് ഭാരത് സ്റ്റേഷനുകളുടെയും പണി മാസങ്ങൾക്ക് മുമ്പ് തുടങ്ങിയവയാണ്. ചില സ്റ്റേഷനുകളുടെ പ്രവൃത്തി അവസാന ഘട്ടത്തിലുമാണ്. തുടങ്ങിയവയുടെ ശിലാസ്ഥാപനവും അവസാനിക്കാറായതിന്റെ ഉദ്ഘാടനവും ഒരുമിച്ച് ഒരു ദിവസം നടത്താൻ താഴ്ന്ന തലത്തിലുള്ളവർ മുതൽ ഉയർന്ന ഉദ്യോഗസ്ഥർ വരെയുള്ള റെയിൽവേ ജീവനക്കാർക്ക് ദിവസങ്ങളോളം രാപകൽ അത്യദ്ധ്വാനം വേണ്ടി വന്നു.
ഉദ്ഘാടന-തറക്കല്ലിടൽ മഹാമഹത്തിന് വ്യാപക പ്രചാരണം കിട്ടാൻ സ്കൂൾ വിദ്യാർത്ഥികളുടെ മത്സരങ്ങളും നടത്തുകയുണ്ടായി. ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് സഹായകമാകും വിധം ദിവസേന പത്രക്കുറിപ്പുകൾ തയ്യാറാക്കാനും റെയിൽവേ സോണുകൾക്ക് നിർദേശമുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫിസിനാണ് ഇതിന്റെയും മേൽനോട്ടം. അനാവശ്യ ജോലിഭാരം അടിച്ചേൽപ്പിച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് റെയിൽവേ ജീവനക്കാരെ കരുക്കളാക്കുകയാണെന്ന് ജീവനക്കാരുടെ സംഘടനകൾ ആരോപിച്ചു. ഇതിനിടെ, തീവണ്ടികളിൽ മുതിർന്ന യാത്രക്കാർക്കുണ്ടായിരുന്ന യാത്രാക്കൂലി ഇളവ്, പാർലമെന്റ് സ്റ്റാന്റിങ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുപോലും പുനഃസ്ഥാപിക്കാത്തതിനെതിരെ വിവിധ തലങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധമുയരുകയാണ്. ഈ ഇനത്തിൽ 2560. 9 കോടി രൂപ 2020 മാർച്ചിനും 2022 സെപ്റ്റംബറിനുമിടയിൽ റെയിൽവേ സമ്പാദിക്കുകയും ചെയ്തു. അതേസമയം, എസി ചെയർ കാർ‑എക്സിക്യൂട്ടീവ് ക്ലാസ് യാത്രക്കാരുടെ അടിസ്ഥാന നിരക്കിൽ 25 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്.
English Summary:Inauguration of Railways and Election Campaign — Ground laying Mahamaham
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.