22 January 2026, Thursday

സര്‍ക്കാര്‍ പരിപാടിയില്‍ വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചുതാഴ്ത്തിയ സംഭവം : ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പൊലീസില്‍ പരാതി

Janayugom Webdesk
ന്യൂഡല്‍ഹി
December 19, 2025 11:38 am

സര്‍ക്കാര്‍ പരിപാടിക്കിടെ ബീഹര്‍ മുഖ്യമന്ത്രി നിതീഷ് കമാര്‍ വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചുതാഴ്ത്തിയ സംഭവത്തില്‍ വിവാദം തുടരവെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പരാതിയുമായി സാമൂഹ്യ പ്രവര്‍ത്തകന്‍. ജാര്‍ഖണ്ഡില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകന്‍ മുഹമ്മദ് മുര്‍തസ ആലമാണ് റാഞ്ചി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് മുര്‍താസയുടെ പരാതി. സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോയുടെ അടിസ്ഥാനത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിെതിരെ ഞങ്ങള്‍ക്ക് ഒരു പരാതി ലഭിച്ചു. 

മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി, ഇത്കി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഈ സംഭവം സര്‍ക്കാരിന്റെ ഒരു പൊതുപരിപാടിക്കിടെയാണ് നടന്നത് എന്നതിനാല്‍ തന്നെ ഒരു സ്വകാര്യ ഇടപെടലായി കാണാന്‍ സാധിക്കില്ല എന്നാണ് മുര്‍താസ പരാതിയില്‍ പറയുന്നത്. ബിഹാര്‍ മുഖ്യമന്ത്രിയുടെ ഈ പ്രവൃത്തി സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.തിങ്കളാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം അരങ്ങേറിയത്. ആയുഷ് ഡോക്ടര്‍മാര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിലാണ് നിതീഷ് കുമാര്‍ വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചുതാഴ്ത്താന്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ ഹിജാബ് ധരിച്ചാണ് യുവതി നിയമന ഉത്തരവ് ഏറ്റുവാങ്ങാനെത്തിയത്. 

ഉത്തരവ് കൈമാറുന്നതിനിടെ ഹിജാബ് മാറ്റാന്‍ നിതീഷ് ആംഗ്യം കാണിച്ചു. യുവതി പ്രതികരിക്കുന്നതിന് മുമ്പേ അദ്ദേഹം ഹിജാബ് വലിച്ചുതാഴ്ത്തുകയായിരുന്നു.ഇതിന് പിന്നാലെ വലിയ തോതിലുള്ള പ്രതിഷേധവും വിമര്‍ശനവും പ്രതിപക്ഷകക്ഷികളില്‍ നിന്നടക്കം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ മാനസികനില പൂര്‍ണമായും തകര്‍ന്നോ അതോ അദ്ദേഹം 100 ശതമാനം സംഘിയായി മാറിയോ എന്നാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ച് ആര്‍ജെഡി വിമര്‍ശിച്ചത്.

സ്ത്രീകളോടുള്ള ജെഡിയുവിന്റെയും ബിജെപിയുടെയും മനോഭാവമാണ് സംഭവം തെളിയിക്കുന്നതെന്ന് ആര്‍ജെഡി വക്താവ് ഇജാസ് അഹമ്മദ് പറഞ്ഞു. സംഭവം അപലപനീയമാണെന്ന് ശിവസേനയും നിതീഷ് കുമാര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.അതേസമയം, നിയമന ഉത്തരവ് ലഭിച്ചെങ്കിലും വനിതാ ഡോക്ടര്‍ ജോലിയില്‍ പ്രവേശിക്കില്ലെന്ന് അവരുടെ സഹോദരന്‍ പറഞ്ഞു. അപമാനഭാരം കാരണം ജോലിക്ക് ചേരാനാകില്ലെന്നാണ് അവള്‍ പറയുന്നതെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.താനുള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ തിരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറ്റൊരാളുടെ തെറ്റിന് എന്തിന് തന്റെ സഹോദരി പ്രയാസപ്പെടണമെന്നും കൊല്‍ക്കത്ത നിയമ അക്കാദമിയിലെ അധ്യാപകന്‍ കൂടിയായ സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.