വടകരയിൽ നിർത്തിയിട്ട കാരവനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വില്ലനായത് കാർബൺ മോണോക്‌സൈഡെന്ന് കണ്ടെത്തൽ.കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാണ് യുവാക്കൾ മരിച്ചതെന്ന് കണ്ടെത്തി. കോഴിക്കോട് എൻഐടി വിദഗ്‌ധ സംഘം നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിൽ പടർന്ന കാർബൺ മോണോക്‌സൈഡ് ആണ് മരണകാരണമെന്ന് കണ്ടെത്തിയത്.വാഹനത്തിലെ ജനറേറ്ററിൽ നിന്നാണ് വിഷവാതകം അകത്തേക്ക് വമിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഫ്ലാറ്റ്ഫോമിലെ ദ്വാരം വഴിയാണ് വാതകം കാരവനിന് അകത്തെത്തിയത്. രണ്ടു മണിക്കൂറിനകം 957 പിപിഎം അളവ് കാർബൺ മോണോക്‌സൈഡാണ് പടർന്നതെന്ന് ശാസ്‌ത്ര പരിശോധനയിൽ വ്യക്‌തമാക്കി. കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാണ് യുവാക്കൾ മരിച്ചതെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്‌തമായിരുന്നു. കഴിഞ്ഞ മാസം 23നാണ് വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ട കാരവനുള്ളിൽ രണ്ടു യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാരവൻ ഡ്രൈവർ മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജ്, സഹായിയും കണ്ണൂർ സ്വദേശിയുമായ ജോയൽ എന്നിവരാണ് മരിച്ചത്.
മനോജിനെ കാരവന്റെ വാതിൽ പടിയിലും ജോയലിനെ ഉള്ളിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊന്നാനി രജിസ്‌ട്രേഷനിലുള്ള കാരവനാണിത്. തലശേരിയിൽ ആളുകളെ ഇറക്കിയ ശേഷം പൊന്നാനിയിലേക്ക് വരികയായിരുന്നു ഇവർ. രണ്ട് ദിവസങ്ങളായി റോഡിന് വശത്ത് കിടക്കുകയായിരുന്നു കാരവൻ. തിരക്കേറിയ റോഡിന് സമീപമായിരുന്നതിനാൽ ആരും വാഹനം ശ്രദ്ധിച്ചിരുന്നില്ല. പരിസരവാസി വാഹനം തുറന്ന് പരിശോധിച്ചപ്പോഴാണ് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വടകര പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.